തിരുവനന്തപുരം: കൃഷിക്കാർക്ക് ആധുനിക കൃഷിരീതികൾ പഠിപ്പിക്കാൻ കൃഷി വകുപ്പ് ആസൂത്രണം ചെയ്ത ഇസ്രായേൽ പഠനയാത്ര തുടക്കം മുതൽ വിവാദത്തിലായിരുന്നു. ഒടുവിൽ സംഘത്തിലെ ഒരാൾ ഇസ്രായേൽ യാത്രയിൽ അവിടെ വെച്ച് ‘മുങ്ങിയ’ തോടെ വീണ്ടും വിവാദം കൊഴുക്കുകയാണ്.
20 കർഷകർക്കു വേണ്ടിയാണ് യാത്ര ആദ്യഘട്ടത്തിൽ തീരുമാനിച്ചിരുന്നത്. രണ്ട് മാധ്യമ പ്രവർത്തകർ, അഞ്ച് ഉദ്യോഗസ്ഥർ എന്നിവർക്കൊപ്പം കൃഷി മന്ത്രിയും ഉൾപ്പെട്ട സംഘമായിരുന്നു യാത്രക്ക് തീരുമാനിച്ചിരുന്നത്.
എന്നാൽ, സാമ്പത്തിക ബാധ്യത കാരണം രണ്ടു കോടി രൂപ മുടക്കി മന്ത്രി സംഘം വിദേശ യാത്ര പോകുന്നതിനെക്കുറിച്ച് വിവാദം ഉയർന്നിരുന്നു. യാത്രക്ക് അനുമതി നിഷേധിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈകോടതിയിൽ വരെ ഹരജിയെത്തി. എന്നാൽ, ഇക്കാര്യത്തിൽ സർക്കാറിന് തീരുമാനിക്കാമെന്ന് പറഞ്ഞ് കോടതി ഹരജി തള്ളി.
കമ്യൂണിസ്റ്റ് പാർട്ടി നിരന്തരം എതിർക്കുന്ന ഇസ്രായേലിൽ കമ്യൂണിസ്റ്റ് മന്ത്രി സന്ദർശനം നടത്തുന്നതിനെക്കുറിച്ച് പാർട്ടിയിലും മുന്നണിയിലും ചർച്ചയുയർന്നു. തുടർന്ന്, മുഖ്യമന്ത്രി യാത്രക്ക് അനുമതി നിഷേധിച്ചു.
യാത്ര മന്ത്രിയുടെ പാർട്ടിയായ സി.പി.ഐയുടെ നേതൃത്വത്തെ അറിയിക്കാതിരുന്നതാണ് അനുമതി നിഷേധിക്കാൻ കാരണമായതെന്നും ആരോപണമുയർന്നു. യാത്രാസംഘത്തിൽ കയറിപ്പറ്റാൻ സി.പി.ഐ അനുകൂല സംഘടനയിലെ മൂന്ന് അഡീഷനൽ ഡയറക്ടർമാർ നടത്തിയ ഇടപെടലും വിവാദമായി. മാധ്യമ പ്രവർത്തകരെ ഉൾപ്പെടുത്താനുള്ള നീക്കവും വിവാദത്തിലായി.
എന്നാൽ, ചില കർഷകർ സ്വന്തം നിലയിൽ ടിക്കറ്റ് എടുത്തതിനാൽ യാത്രാനുമതി നിഷേധിച്ചതോടെ ഇവരുടെ പണം നഷ്ടപ്പെടുമെന്ന അവസ്ഥയായി. ഇരുവശത്തേക്കുമുള്ള യാത്രക്ക് 55,000 രൂപയാണ് ഓരോരുത്തരും ചെലവിട്ടത്.
ഇതോടെ, ഒരു ഉദ്യോഗസ്ഥനൊപ്പം ശേഷിക്കുന്ന സീറ്റുകളിലെല്ലാം കർഷകരെയും ഉൾപ്പെടുത്തി മുഖ്യമന്ത്രി യാത്രാനുമതി നൽകുകയായിരുന്നു. ഇക്കഴിഞ്ഞ 12 മുതൽ 18 വരെ നടന്ന പഠനയാത്രക്കൊടുവിൽ ഒരു കർഷകൻ മുങ്ങിയതോടെ യാത്രാവിവാദം അടുത്തൊന്നും അവസാനിക്കില്ലെന്നുമുറപ്പായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.