തിരുവനന്തപുരം: നഗരത്തിലെ നിരക്ഷരരെ കണ്ടെത്തി സാക്ഷരരാക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന സാക്ഷരതമിഷെൻറ നേതൃത്വത്തിെൻറ കോർപറേഷനിൽ നടപ്പാക്കിയ അക്ഷരശ്രീ പദ്ധതിയിൽ അഴിമതി ആരോപണങ്ങൾ ഉയർന്നതോടെ ഇതുസംബന്ധിച്ച് പരിശോധിക്കാൻ ഗവർണറുടെ നിർദേശം. സാക്ഷരതമിഷൻ ജീവനക്കാരെൻറ പരാതിയിലാണ് പൊതുഭരണവകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയെ ഗവർണർ ചുമതലപ്പെടുത്തിയത്. ഏഴാംതര തുല്യത പരീക്ഷയിൽ വ്യാജന്മാരെ തിരുകിക്കയറ്റിയും പത്ത്, ഹയർ സെക്കൻഡറി തുല്യത പരീക്ഷകളിൽ പരീക്ഷക്ക് രജിസ്റ്റർ ചെയ്യാത്തവരുടെ പേരിൽ കള്ളക്കണക്കുകൾ കോർപറേഷനിൽ കാണിച്ചും 11 ലക്ഷത്തോളം രൂപ തട്ടിയെന്നാണ് പരാതി.
പദ്ധതിയനുസരിച്ച് അഡ്മിഷൻ എടുക്കുമ്പോൾതന്നെ രജിസ്ട്രേഷൻ ഫോമിൽ പഠിതാവിെൻറ വിവരങ്ങൾ ശേഖരിക്കുകയും അത് സൂക്ഷിക്കുകയും വേണം. എന്നാൽ, സാക്ഷരതമിഷൻ അക്ഷരശ്രീയുമായി പദ്ധതിപ്പെട്ട് നൽകിയ സർട്ടിഫിക്കറ്റിൽ ഇതൊന്നും രേഖപ്പെടുത്തിയിട്ടില്ല. മതിയായ രേഖകളില്ലെന്ന് സാക്ഷരതമിഷൻതന്നെ സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തിയിട്ടുമുണ്ട്. പത്താംതരം തുല്യത പരീക്ഷക്ക് 1074 പേർ പരീക്ഷയെഴുതിയെന്നാണ് സാക്ഷരമിഷൻ കോർപറേഷന് നൽകിയ കണക്ക്. ഒരാൾക്ക് 500 രൂപയെന്ന കണക്കിൽ 5,37,000 രൂപ അനുവദിക്കണമെന്നാണ് സാക്ഷരത മിഷൻ ഡയറക്ടർ ഡോ. പി.എസ്. ശ്രീകല കഴിഞ്ഞവർഷം കോർപറേഷന് കത്ത് നൽകിയത്. ഈ തുക അനുവദിക്കുകയും ചെയ്തു. എന്നാൽ, 522 പേരാണ് പരീക്ഷയെഴുതിയത്.
ഹയർസെക്കൻഡറി തലത്തിൽ 1055 പേർക്ക് 1500 രൂപ വീതം 15,82500 രൂപ അനുവദിച്ചെങ്കിലും പ്ലസ് വണ്ണിന് 633 പേരും പ്ലസ് ടുവിന് 498 പേരുമാണ് പരീക്ഷയെഴുതിയത്. സാക്ഷരതമിഷനിലെ ക്രമക്കേടുകളെ സംബന്ധിച്ച് ഗവർണർക്കും വിജിലൻസിനും പരാതി നൽകിയ ജീവനക്കാരൻ ഇപ്പോൾ സസ്പെൻഷനിലാണ്.
ആൾമാറാട്ടത്തിലും അന്വേഷണം
സംസ്ഥാന സാക്ഷരതമിഷൻ നടത്തിയ ഏഴാംതരം തുല്യത പരീക്ഷയിൽ 77 പേർ ആൾമാറാട്ടം നടത്തി പരീക്ഷയെഴുതിയതായി കണ്ടെത്തിയെങ്കിലും പൊലീസിൽ പരാതി നൽകാതെ സംഭവം ഒതുക്കി. സാക്ഷരത മിഷൻ ഏഴാംതരം തുല്യതാ കോഴ്സ് പത്താം ബാച്ചിലാണ് 2017ൽ തട്ടിപ്പ് അരങ്ങേറിയത്. സംസ്ഥാന ഓഫിസിൽനിന്ന് രജിസ്റ്റർ നമ്പറും ഡയറക്ടറുടെ ഒപ്പും സീലോടുംകൂടി, ഫോട്ടാ പതിച്ച രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകൾ പഠിതാക്കൾക്ക് നൽകാതെ അതേ രജിസ്റ്റർ നമ്പറുകളിൽ മറ്റ് 77 പേരെക്കൊണ്ട് ആളുമാറ്റി പരീക്ഷയെഴുതിച്ച് വിജയശതമാനം ഉയർത്തുകയായിരുന്നു. ഒരേ രജിസ്റ്റർ നമ്പറിൽ പരീക്ഷയെഴുതിയ രണ്ട് പഠിതാക്കളെയും വിജയിപ്പിച്ചു. മാർക്ക് ലിസ്റ്റുകളിലും വ്യാപക ക്രമക്കേടുകൾ കണ്ടെത്തി.
തട്ടിപ്പിന് കൂട്ടുനിന്ന ജില്ല പ്രോജക്ട് കോഓഡിനേറ്റർ സി.കെ. പ്രദീപ് കുമാർ, ഓഫിസ് അസിസ്റ്റൻറ് ടി.എസ്. ഗീതകുമാരി, ക്ലറിക്കൽ അസിസ്റ്റൻറ് സുനിൽകുമാർ എന്നിവരെ വയനാട്, തൃശൂർ, പാലക്കാട് ജില്ലകളിലേക്കും സ്വീപ്പർ കം പ്യൂൺ ആർ. ബിന്ദുവിനെ സംസ്ഥാന ഓഫിസിലേക്കും സ്ഥലം മാറ്റുകയായിരുന്നു. എന്നാൽ, വിവാദം കെട്ടടങ്ങിയതോടെ ഇവരെ വീണ്ടും തിരുവനന്തപുരം ജില്ല ഓഫിസിലേക്കുതന്നെ തിരികെയെത്തിച്ചു. ഇതിനെക്കുറിച്ചും അന്വേഷിക്കാൻ ഗവർണർ ആവശ്യപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.