തിരുവനന്തപുരം: ചോര്‍ന്നൊലിച്ചും തറയോടുകൾ പൊട്ടിപ്പൊളിഞ്ഞും കടലോര ജനതയുടെ പുനരധിവാസത്തിനായി സംസ്ഥാന സര്‍ക്കാര്‍ നിർമിച്ച ഫ്ലാറ്റ് സമുച്ചയം.
നാലരവര്‍ഷം മുമ്പ് മുട്ടത്തറയിൽ നിർമിച്ച ഫ്ലാറ്റ് സമുച്ചയമാണ് തകർന്ന് തുടങ്ങിയത്. മേൽക്കൂരകളിലെ വിള്ളലും ഇളകിമാറിയ ടൈലുകളും നിറഞ്ഞുകവിഞ്ഞ മാലിന്യ ടാങ്കുകളുമാണ് പ്രതീക്ഷ ഫ്ലാറ്റിലെ മത്സ്യത്തൊഴിലാളികളുടെ ജീവിതം വീണ്ടും ദുരിതത്തിലാക്കിയത്.
ഫിഷറീസ് മന്ത്രിക്കടക്കം പരാതി നൽകിയിട്ടും യാതൊരു പരിഹാരവുമുണ്ടായില്ലെന്നും സ്വന്തം കീശയിൽനിന്ന് പണം മുടക്കി അറ്റകുറ്റപ്പണികൾ നടത്തുകയാണെന്നും മത്സ്യത്തൊഴിലാളികൾ പരാതിപ്പെടുന്നു.
2012 മുതൽ കടൽക്ഷോഭത്തിൽ വീട് നഷ്ടമായവര്‍ക്കായി 2018 ഒക്ടോബര്‍ 31ന് മുഖ്യമന്ത്രി പിണറായി വിജയൻ താക്കോൽ കൈമാറി ഉദ്ഘാടനം ചെയ്ത ഭവനസമുച്ചയമാണ് വര്‍ഷം അഞ്ച് തികയും മുമ്പെ തകർന്ന് തുടങ്ങിയത്. 24 ബ്ലോക്കുകളിലായി പതിനേഴരക്കോടി ചെലവിൽ മൃഗസംരക്ഷണ വകുപ്പിന്റെ മൂന്നേമുക്കാൽ ഏക്കര്‍ സ്ഥലത്ത് നിർമിച്ച 192 ഫ്ലാറ്റുകളിൽ 24 എണ്ണത്തിലാണ് വിള്ളൽ. മറ്റു ചിലതിലാകട്ടെ തറയോടുകൾ പൊട്ടിപ്പൊളിഞ്ഞു. മാലിന്യ ടാങ്കുകൾ നിറഞ്ഞുകവിഞ്ഞ അവസ്ഥയിലുമാണ്.
2017 ജനുവരിയിൽ തറക്കല്ലിട്ട ഫ്ലാറ്റ് നിർമാണം ഒരുവര്‍ഷവും ഒമ്പതുമാസവും കൊണ്ടാണ് നിർമാണം പൂര്‍ത്തിയാക്കിയത്. ദിവസങ്ങൾക്ക് മുമ്പ് പുനര്‍ഗേഹം ഫ്ലാറ്റ് തറക്കല്ലിടലിന് ഫിഷറീസ് മന്ത്രി സജി ചെറിയാനെത്തിയപ്പോൾ മത്സ്യത്തൊഴിലാളികൾ ഇക്കാര്യം ചൂണ്ടിക്കാട്ടി അദ്ദേഹത്തിന് നിവേദനം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.