തിരുവനന്തപുരം: കേരളമാകെ ചർച്ച ചെയ്ത ഒന്നായിരുന്നു ഉത്ര വധക്കേസ്. ഭർത്താവ് വിഷപ്പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു ഉത്രയെന്ന പെൺകുട്ടിയെ. ഉത്ര കൊലക്കേസ് അന്വേഷണം പുസ്തകമാക്കിയിരിക്കുകയാണ് ഒരു മുൻ ഡി.ജി.പി. ഉത്തരാഖണ്ഡിലെ മുൻ ഡി.ജി.പി അലോക് ലാലും മകൻ മാനസ് ലാലും ചേർന്നാണ് ‘ഫാംഗ്സ് ഒാഫ് ഡെത്ത് എ ട്രൂ സ്റ്റോറി ഒാഫ് കേരള സ്നേക്ക് ബൈറ്റ് മർഡർ’ എന്ന പുസ്തകം രചിച്ചത്. ദൃക്സാക്ഷികളില്ലാത്ത കേസില്‍ ശാസ്ത്രീയ തെളിവുകളിലൂടെ പ്രതിക്ക് പരമാവധി ശിക്ഷ വാങ്ങിക്കൊടുത്തു എന്നതാണ് ഈ കേസിനെ പുസ്തക രൂപത്തില്‍ ലോക ശ്രദ്ധയില്‍ കൊണ്ടുവരാനുള്ള നീക്കത്തിനു പിന്നില്‍. മഞ്ജുൾ ഇന്ത്യ പബ്ലിക്കേഷൻസിനു കീഴിലുള്ള അമറില്ലീസ് പ്രസിദ്ധീകരിച്ച പുസ്തകം ആമസോണിലും ലഭ്യമാണ്.
അഞ്ചലിലെ വസതിയിൽ 2020 മാർച്ച് ആറിന് അർധരാത്രിയാണ് ഉത്രക്ക് മൂർഖന്റെ കടിയേറ്റത്. ഉറങ്ങാൻ പോയ മകളെ മരിച്ചനിലയിൽ ഏഴിന് രാവിലെ ഉത്രയുടെ മാതാവാണ് കണ്ടത്. ഭർത്താവ് സൂരജിന്റെ വീട്ടിൽ അണലിയുടെ കടിയേറ്റ ഉത്ര ഒരു മാസത്തോളം നീണ്ട ചികിത്സ കഴിഞ്ഞ് സ്വന്തം വീട്ടിൽ വിശ്രമിക്കുന്നതിനിടെയാണ് മരണം. മകളുടെ മരണത്തിൽ സംശയമുണ്ടെന്ന് കാട്ടി ഉത്രയുടെ വീട്ടുകാർ പരാതി നൽകിയതോടെയാണ് അന്വേഷണം ആരംഭിച്ചത്. കേസിൽ കോടതി സൂരജിന് ഇരട്ട ജീവപര്യന്തം വിധിച്ചിരുന്നു.
രാജ്യത്ത് മുമ്പ് രണ്ടു തവണയാണ് പാമ്പിനെകൊണ്ട് കടിപ്പിച്ച് ആളുകളെ കൊലപ്പെടുത്തിയ സംഭവം റിപ്പോർട്ട് ചെയ്തത്. മഹാരാഷ്ട്രയിലെ പുണെയിലും നാഗ്പൂരിലുമായിരുന്നു അത്. പുണെയിൽ ഭാര്യയും കാമുകനും ചേർന്ന് ഭർത്താവിനെ കൊല്ലപ്പെടുത്താൻ പാമ്പിനെ ഉപയോഗിച്ചെന്നായിരുന്നു കേസ്. നാഗ്പൂരിൽ മാതാപിതാക്കളുടെ സ്വത്ത് തട്ടിയെടുക്കാൻ മകനാണ് പാമ്പിനെകൊണ്ട് കൊത്തിച്ചു കൊല നടത്തിയത്. ഈ രണ്ടു കേസിലും തെളിവുകളുടെ അഭാവത്തിൽ പ്രതികളെ വെറുതെ വിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.