തിരുവനന്തപുരം: ലോകമനഃസാക്ഷിയെ ഞെട്ടിക്കുന്ന ഭീകരാക്രമണങ്ങളാണ് ഗസ്സയിലെ പിഞ്ചുകുഞ്ഞുങ്ങളടക്കമുള്ള ജനതയുടെ മേൽ അമേരിക്കൻ പിന്തുണയോടെ ഇസ്രായേൽ നടത്തുന്നതെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എ. ഷഫീക്. വെൽഫെയർ പാർട്ടി തിരുവനന്തപുരം ജില്ലാകമ്മിറ്റി പാളയം രക്തസാക്ഷി മണ്ഡപത്തിൽ ‘സ്വതന്ത്ര ഫലസ്തീനാണ് നീതി’ എന്ന തലകെട്ടിൽ സംഘടിപ്പിച്ച ഐക്യദാർഢ്യ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നുണയുദ്ധത്തിലൂടെ സാഹചര്യം നിർമിച്ചെടുത്തു നടപ്പിലാക്കുന്ന വംശീയ ഉന്മൂലത്തിനെതിരെ ലോകമെങ്ങും തെരുവുകളിൽ നിറയുന്ന പ്രതിഷേധങ്ങൾ പീഡിതരായ ഫലസ്തീൻ ജനതയുടെ സ്വാതന്ത്ര്യ പോരാട്ടങ്ങൾക്ക് കരുത്തുപകരും. എല്ലാ അന്തരാഷ്ട്ര യുദ്ധ നിയമങ്ങളും മുപ്പതിലേറെ യു.എൻ പ്രമേയങ്ങളും അവഗണിച്ചുകൊണ്ടാണ് ലോകത്തിലേറ്റവും വലിയ തുറന്ന ജയിലായ ഗസ്സയിൽ ഇസ്രായേൽ അതിക്രമം നടത്തുന്നത്. വെള്ളവും വൈദ്യുതിയും മരുന്നും അടക്കം നിഷേധിച്ചും ആശുപത്രികളിൽ ബോംബിട്ടും നിരപരാധികളായ കുഞ്ഞുങ്ങളടക്കം ആയിരങ്ങളെ കൊന്നുതീർക്കുന്ന വംശീയ ഉൻമൂലനം ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത ഭീകരതയാണ്.
ലോകത്തിലെ ഏറ്റവും സുരക്ഷിതമായ ഇടമെന്ന അഹങ്കാരത്തിനുമേൽ ഹമാസിന്റെ സ്വാതന്ത്ര്യ പോരാളികൾ ഏൽപിച്ച നാണക്കേടിന് പകരം എന്ത് ഭീകര നടപടിയും കൈക്കൊള്ളാൻ ലോക ശക്തികൾ നൽകിയ പിന്തുണയിൽനിന്നുമാണ് കുട്ടികൾക്കും സ്ത്രീകൾക്കും നേരെ ഇസ്രായേൽ കൊടുംഭീകരയുദ്ധം നടത്തുന്നത്. ബ്രിട്ടന്റെ അധിനിവേശത്തിനു അറുതിവരുത്തിയ കാലം മുതൽക്കേ ഫലസ്തീൻ ജനതയോട് ഐക്യപ്പെട്ടിരുന്ന ഇന്ത്യയുടെ മഹിതമായ പാരമ്പര്യങ്ങളെ വെല്ലുവിളിക്കുന്ന നിലയിലാണ് ഇന്ത്യയിലെ ഇന്നത്തെ ഹിന്ദുത്വ ഭരണകൂടം സയണിസ്റ്റ് രാജ്യവുമായി ചങ്ങാത്തം കൂടുന്നത്.
പലസ്തീൻ നേതാവായിരുന്ന യാസിർ അറഫാത്ത് മരണപ്പെട്ടപ്പോൾ ഹർത്താൽ നടത്തി അനുശോചനം രേഖപ്പെടുത്തിയ കേരളത്തിന്റെ ഇടതു മനസ്സുപോലും ഇപ്പോൾ നടക്കുന്ന കൂട്ടക്കുരുതിക്കെതിരെ പുലർത്തുന്ന സമീപനം സ്വാതന്ത്ര്യ സമരപോരാട്ടങ്ങളോട് സാധാരണഗതിയിൽ ഉണ്ടാകേണ്ട തരത്തിലുള്ളതല്ല. ജില്ലാ പ്രസിഡന്റ് അഷ്‌റഫ് കല്ലറ, ജില്ലാ ജനറൽ സെക്രട്ടറി മെഹബൂബ് ഖാൻ പൂവാർ, ജില്ല സെക്രട്ടറി സൈഫുദ്ദീൻ പരുത്തിക്കുഴി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.