തിരുവനന്തപുരം: അമിതവേഗവും സിഗ്നൽ ലംഘനവും കണ്ടെത്താനുള്ള സാദാ കാമറകൾ ഇനി പഴങ്കഥ. പുകപരിശോധന സർട്ടിഫിക്കറ്റില്ലാത്തത് മുതൽ സീറ്റ് ബെൽറ്റ് ധരിക്കാത്തത് വരെയുള്ള ഗതാഗതകുറ്റങ്ങൾ സ്വയം പിടികൂടാൻ നിർമിത ബുദ്ധിയുടെ സഹായത്തോടെയുള്ള ന്യൂജൻ എൻഫോഴ്സ്മെൻറ് സംവിധാനം നിരത്തുകളിലേക്ക്.
ദേശീയപാതയിലും എം.സി റോഡിലുമടക്കം തലസ്ഥാന ജില്ലയിൽ 77 പോയന്‍റുകളിലാണ് ഇത്തരം കാമറകൾ സജ്ജമാകുന്നത്. സോഫ്റ്റ്വെയർ സംബന്ധമായ നടപടിക്രമങ്ങൾകൂടി പൂർത്തിയായാൽ ഇവ പ്രവർത്തിച്ചു തുടങ്ങും. കാമറ സ്ഥാപിക്കൽ നടപടി പൂർത്തിയായിട്ടുണ്ട്. മേയ് അവസാനമോ ജൂൺ ആദ്യത്തിലോ പദ്ധതിയുടെ ഉദ്ഘാടനം നടക്കുമെന്നാണ് മോട്ടോർ വാഹനവകുപ്പിൽനിന്നുള്ള വിവരം.
നിലവിൽ അമിതവേഗവും സിഗ്നൽ മറികടക്കലും പിടികൂടാനുള്ള കാമറകളും ഇൻറർസെപ്റ്റർ വാഹനങ്ങളുമാണ് മോട്ടോർ വാഹനവകുപ്പിനുള്ളത്. എന്നാൽ, ഉദ്യോഗസ്ഥരുടെ സാന്നിധ്യം ആവശ്യമില്ലാതെതന്നെ ഗതാഗത ലംഘനങ്ങളെല്ലാം പിടികൂടി കൺട്രോൾ റൂമിൽ എത്തിക്കുമെന്നതാണ് ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റെക്കഗ്നിഷൻ (എ.എൻ.പി.ആർ) സൗകര്യത്തോടും നിർമിതബുദ്ധിയുടെ സഹായത്തോടെയുള്ളമുള്ള പുതിയ ട്രാഫിക് എഫോഴ്സ്മെന്‍റ് സംവിധാനത്തിന്‍റെ പ്രത്യേകത. ഹെൽമറ്റ് ധരിക്കാതെയുള്ള യാത്ര, ബൈക്കുകളിൽ മൂന്ന് പേരുടെ സഞ്ചാരം, നിയമം ലംഘിച്ചുള്ള പാർക്കിങ്, വൺവേ തെറ്റിക്കൽ, മൊബൈൽ ഉപയോഗിച്ചുള്ള ഡ്രൈവിങ്, അമിത വേഗം എന്നിവയെല്ലാം സ്വയം തിരിച്ചറിയും.
മെഷീൻ ലേണിങ് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് കുറ്റങ്ങൾ ഏതെല്ലാമെന്നതും അവയുടെ സ്വഭാവും ഓൺലൈൻ സംവിധാനത്തെ പഠിപ്പിച്ചത്. നിയമലംഘനങ്ങൾ കൃത്യമായി കണ്ടെത്തുന്നതിന് പ്രായോഗിക പരീക്ഷണങ്ങൾ പലവട്ടം നടത്തി.
ഹെൽമറ്റില്ലാത്തവരെ കണ്ടെത്തുന്നതിൽ പിഴവ് പറ്റാതിരിക്കാൻ തലയിൽ കർച്ചീഫ് കെട്ടിയവരെയും തൊപ്പി ധരിച്ചവരെയും തലയിൽ മുടിയില്ലാത്തവരെയും കഷണ്ടിയുള്ളവരെയുമെല്ലാം സംവിധാനത്തിലെ നിരീക്ഷണ കാമറയിലൂടെ കടത്തിവിട്ടു. ഹെൽമറ്റില്ലാത്തവരെ മാത്രം സംവിധാനം തിരിച്ചറിയുന്നെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് ഇവ നിരത്തിലേക്കെത്തിക്കുന്നത്.
വാഹനങ്ങളുടെയെല്ലാം വിവരങ്ങൾ ഉള്ളടങ്ങുന്ന കേന്ദ്ര ഉപരിതല മന്ത്രാലയത്തിന്‍റെ വാഹൻ പോർട്ടലിന്‍റെ വിവരശേഖരുമായി (ഡാറ്റാബേസ്) പുതിയ ഓൺലൈൻ സംവിധാനം ബന്ധിപ്പിച്ചിട്ടുണ്ട്.
ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റെക്കഗ്നിഷൻ സംവിധാനം വഴി വാഹനത്തിന്‍റെ പെർമിറ്റ്, പുകപരിശോധന സർട്ടിഫിക്കറ്റ്, ഇൻഷുറൻസ് അടക്കം രേഖകൾ ഉദ്യോഗസ്ഥരില്ലാതെ സംവിധാനം സ്വയം പരിശോധിക്കും. മതിയായ രേഖകളില്ലാത്ത വാഹനങ്ങളെയും കാലാവധി കഴിഞ്ഞവയെയും നിർമിത ബുദ്ധിയുടെ സഹായത്തോടെ പിടികൂടി റിപ്പോർട്ട് ചെയ്യാൻ കഴിയുമെന്നതാണ് സംവിധാനത്തിന്‍റെ മറ്റൊരു പ്രത്യേകത. ഫലത്തിൽ തടഞ്ഞുനിർത്തി കടലാസ് പരിശോധിക്കാതെതന്നെ രേഖകളുടെ കാലാവധി കഴിഞ്ഞാൽ കൈയോടെ പിഴയെത്തുമെന്നർഥം.
24 മണിക്കൂറും പ്രവർത്തിക്കുന്ന നിരവധി ഡിജിറ്റൽ സംവിധാനങ്ങളടങ്ങുന്ന ഓൺലൈൻ ശൃംഖലയാണ് ന്യൂജൻ ട്രാഫിക് എഫോഴ്സ്മെൻറ് സിസ്റ്റം. ഇതിന്‍റെ ഭാഗമായുള്ള കാമറകളാണ് റോഡുകളിൽ സ്ഥാപിച്ചിട്ടുള്ളത്. മാസ്റ്റർ കൺട്രോർ റൂമിന് പുറമെ 14 ജില്ലകൾക്കും പ്രത്യേകം കൺട്രോൾ റൂമുകളുമുണ്ട്. മാസ്റ്റർ കൺട്രോൾ റൂമാണ് വാഹൻ പോർട്ടലുമായി ബന്ധിപ്പിച്ചിരിക്കുന്നത്. കാമറകൾ പിടികൂടുന്ന നിയമലംഘനങ്ങൾ മാസ്റ്റർ കൺട്രോൾ റൂമിലെത്തുകയും വാഹൻ സോഫ്റ്റ്വെയറിലെ വിവരങ്ങളിൽനിന്ന് വാഹന ഉടമയുടെ വിവരങ്ങളടക്കം ജില്ല കൺട്രോൾ റൂമിലേക്ക് കൈമാറുകയും ചെയ്യും.
• ഈഞ്ചക്കൽ • മണക്കാട് • കുമരിച്ചന്ത • കിള്ളിപ്പാലം • തിരുവല്ലം • തമ്പാനൂർ • കൈതമുക്ക് • എം.ജി റോഡ് • പൂജപ്പുര • പേട്ട • ഉള്ളൂർ • വഴുതക്കാട് • അമ്പലംമുക്ക്
• എ.കെ.ജി സെന്‍റർ • കേശവദാസപുരം • കഴക്കൂട്ടം • മംഗലപുരം • ആറ്റിങ്ങൽ • ആലംകോട് • നാവായിക്കുളം • കിളിമാനൂർ • കാരേറ്റ് • വെഞ്ഞാറമൂട് • വെമ്പായം • വട്ടപ്പാറ • മണ്ണന്തല
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.