തിരുവനന്തപുരം: ഒറ്റപ്പെടലിൽനിന്ന് ഗാന്ധിഭവനിന്റെ സ്നേഹത്തണലിലേക്കാണ് പോകുന്നതെങ്കിലും വയോധികരിൽ പലരും വിതുമ്പി. ആരും ഏറ്റെടുക്കാനില്ലാതെ തിരുവനന്തപുരം ജനറൽ ആശുപത്രി ഒമ്പതാം വാർഡിൽ കഴിയുകയായിരുന്നു അവരെല്ലാം. ഇനി അവർ പത്തനാപുരം ഗാന്ധിഭവന്റെ തണലിലാണ്. ഇക്കാലമത്രയും പരിചരിച്ചുവന്ന നഴ്സുമാർ ഒരിക്കൽ കൂടി അവർക്ക് ചോറുവാരിക്കൊടുത്തു. 15 പേരാണ് ജനറൽ ആശുപത്രിയിൽനിന്ന് യാത്ര തിരിച്ചത്.
തിരുവനന്തപുരം മെഡിക്കൽ കോളജിൽനിന്ന് 10 പേരെയും വാളകം ഗാന്ധിഭവൻ അനക്സിലെത്തിച്ചു. രണ്ടിടത്തും മന്ത്രി ആർ. ബിന്ദു യാത്രയാക്കാനെത്തിയിരുന്നു. സാമൂഹികനീതി വകുപ്പിന്റെ നിർദേശത്തിൽ ജില്ല ലീഗൽ സർവിസസ് അതോറിറ്റിയുടെ പ്രത്യേക കരുതലിലാണ് തിരുവനന്തപുരം മെഡിക്കൽ കോളജിലും ജനറൽ ആശുപത്രിയിലും ഉപേക്ഷിക്കപ്പെട്ട നിരാലംബരായ രോഗികളെ തുടർപരിപാലനത്തിനായി ഗാന്ധിഭവനെ ചുമതലയേൽപ്പിച്ചത്. ജില്ല ലീഗൽ സർവിസസ് അതോറിറ്റി സെക്രട്ടറി സബ് ജഡ്ജ് എസ്. ഷംനാദും സാമൂഹികനീതി വകുപ്പ് ഡയറക്ടർ ചേതൻ കുമാർ മീണയും ഓർഫനേജ് കൺട്രോൾ ബോർഡ് അംഗവും ഗാന്ധിഭവൻ സെക്രട്ടറിയുമായ ഡോ. പുനലൂർ സോമരാജനും ചടങ്ങിന് നേതൃത്വം നൽകി.
വയോജനങ്ങളുടെ പരിപാലനത്തിലും സംരക്ഷണത്തിലും തുടർനടപടികളും മന്ത്രി ഉറപ്പുനൽകി. ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. പ്രീതി ജെയിംസ്, ആർ.എം.ഒ ഡോ. മോഹൻ റോയ്, എം.കെ. സീനുകുമാർ, ഓർഫനേജ് കൺട്രോൾ ബോർഡ് മെംബർ സെക്രട്ടറി പി.എസ്. അമൽരാജ്, ഗാന്ധിഭവൻ വൈസ് ചെയർമാൻ പി.എസ്. അമൽരാജ്, ഗാന്ധിഭവൻ സി.ഇ.ഒ വിൻസന്റ് ഡാനിയൽ, ഗാന്ധിഭവൻ പേഴ്സനൽ ചീഫ് മാനേജർ കെ. സാബു എന്നിവർ പങ്കെടുത്തു.
ജനറൽ ആശുപത്രിയിൽ 45 പേരെ ഉൾക്കൊള്ളാൻ ശേഷിയുള്ള ഒമ്പതാം വാർഡിൽ 97 പേരുണ്ട്. തുടർന്ന് അദാലത് നടത്തി 14 രോഗികളെ മക്കൾ ഏറ്റെടുത്തു. മാനസികരോഗം ഭേദമായിട്ടും ഏറ്റെടുക്കാനാളില്ലാത്ത നാലുപേരെ മെഡിക്കൽ കോളജിൽനിന്ന് വെള്ളിയാഴ്ച നാലാഞ്ചിറ സ്നേഹവീട്ടിൽ പുനരധിവസിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.