തിരുവനന്തപുരം: ബീമാപള്ളി നഴ്സറി സ്കൂൾ പരിസരത്തെ മാലിന്യനിക്ഷേപത്തിൽ കോർപറേഷന് മുഖ്യപങ്ക്. നഗരത്തിലെ മാലിന്യം കോർപറേഷന്‍റെ ശുചീകരണ തൊഴിലാളികൾ ഓട്ടോയിൽ കൊണ്ടുവന്നശേഷം മതിലിൽക്കയറി ആകാശവാണിയുടെ കോമ്പൗണ്ടിലേക്ക് തള്ളുന്ന ദൃശ്യങ്ങൾ ‘മാധ്യമ’ത്തിന് ലഭിച്ചു. ബീമാപള്ളി നഴ്സറി സ്കൂളിന് സമീപത്തെ ആകാശവാണിയുടെ 36 ഏക്കറോളം ഭൂമിയിലാണ് നഗരത്തിലെ മാലിന്യം ചാക്കിലും കവറുകളിലുമാക്കി കോർപറേഷൻ മാസങ്ങളായി കൊണ്ടുതള്ളുന്നത്. മഴക്കാലത്ത് മാലിന്യം ചീഞ്ഞുനാറി ദുർഗന്ധം വമിച്ചതോടെ 65 ഓളം കുട്ടികൾ ഉണ്ടായിരുന്ന നഴ്സറി സ്കൂളിൽ നിലവിൽ 24 പേർമാത്രമായി.
മൂന്നു മുതൽ ആറുവയസ്സുവരെയുള്ള കുട്ടികളിൽ നല്ലൊരു ശതമാനവും ഇവിടത്തെ പഠനം ഉപേക്ഷിച്ച് സ്വകാര്യ സ്കൂളുകളെ ആശ്രയിക്കുകയായിരുന്നു. കടലോരമേഖലയിലെ സാധാരണക്കാരുടെ മക്കൾ പഠിക്കുന്ന ഇവിടം മാലിന്യനിക്ഷേപത്തെ തുടർന്ന് പകർച്ചാവ്യാധികളുടെ ഉറവിടമായി. ഇതുസംബന്ധിച്ച് ‘മാധ്യമം’ വാർത്ത ശ്രദ്ധയിൽപ്പെട്ട മനുഷ്യാവകാശ കമീഷൻ വിഷയത്തിൽ സ്വമേധയാ കേസെടുത്തിരുന്നു. മാലിന്യം നാലുദിവസത്തിനുള്ളിൽ നീക്കം ചെയ്യണമെന്ന് കഴിഞ്ഞ മാസം 27ന് കമീഷൻ ഉത്തരവിട്ടെങ്കിലും കോർപറേഷൻ അനങ്ങിയില്ല. കഴിഞ്ഞ ദിവസം മനുഷ്യാവകാശ കമീഷൻ ആസ്ഥാനത്ത് നടന്ന ഹിയറിങ്ങിൽ ബീമാപ്പള്ളി പരിസരവാസികളെയും ആകാശവാണിയെയും പഴിചാരുകയാണ് കോർപറേഷൻ സെക്രട്ടറി ചെയ്തത്.
ആകാശവാണിയുടെ കോമ്പൗണ്ടിൽ പ്രദേശവാസികളും സാമൂഹികവിരുദ്ധമാരുമാണ് നിരന്തരം മാലിന്യം നിക്ഷേപിക്കുന്നതെന്നായിരുന്നു കോർപറേഷൻ ഹെൽത്ത് ഓഫിസറുടെ വാദം. കോമ്പൗണ്ടിന്‍റെ ചുറ്റുമതിലിൽ പലഭാഗത്തും ഉയരം കുറവായതും വെളിച്ചം കുറവായതുമാണ് മാലിന്യ നിക്ഷേപത്തിന് സഹായകരമാകുന്നതെന്നും മാലിന്യം നീക്കം ചെയ്യാൻ ആകാശവാണി അനുവാദം നൽകുന്നില്ലെന്നുമായിരുന്നു കോർപറേഷൻ സെക്രട്ടറി കമീഷന് മുമ്പാകെ നൽകിയ വിശദീകരണക്കുറിപ്പിൽ പറയുന്നത്.
എന്നാൽ, കഴിഞ്ഞ മാസം KL-01-BE-4483 എന്ന ഓട്ടോറിക്ഷയിൽ പട്ടാപ്പകൽ കോർപറേഷന്‍റെ മൂന്ന് ശുചീകരണ തൊഴിലാളികൾ നഗരത്തിലെ മാലിന്യം ചാക്കിലും സഞ്ചികളിലുമാക്കി മതിലിന് മുകളിൽ കയറി എറിയുന്നതിന്‍റെ ദൃശ്യം നാട്ടുകാർ പകർത്തി പുറത്തുവിട്ടു.
വിഡിയോ ദൃശ്യമടക്കം എൻവയൺമെന്‍റ് പ്രൊട്ടക്ഷൻ റിസർച് പ്രസിഡന്‍റ് സഞ്ജീവ് എസ്.ജെ മേയർ ആര്യ രാജേന്ദ്രന് അന്ന് പരാതി നൽകിയെങ്കിലും തുടർനടപടിയുണ്ടായില്ല. ജില്ല ലീഗൽ സർവിസ് അതോറിറ്റി സ്കൂൾ സന്ദർശിച്ചപ്പോഴും ആകാശവാണിയെയും നാട്ടുകാരെയും പഴിചാരി രക്ഷപ്പെടാനാണ് കോർപറേഷൻ ശ്രമിച്ചത്. കോർപറേഷൻ മാലിന്യം നിക്ഷേപിച്ച് തുടങ്ങിയതോടെയാണ് നഗരത്തിലെ പല ഹോട്ടലുകാരും പ്രദേശത്ത് ഇറച്ചിമാലിന്യമടക്കം നിക്ഷേപിച്ച് തുടങ്ങിയത്. വസ്തുത മറച്ചുവെച്ച് നാട്ടുകാരെയൊന്നാകെ സാമൂഹികവിരുദ്ധരാക്കാനുള്ള ശ്രമങ്ങളാണ് കോർപറേഷന്‍റെ ഭാഗത്തുനിന്നുണ്ടാകുന്നതെന്നും പ്രദേശവാസികൾ ആരോപിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.