തിരുവനന്തപുരം: വനിതകൾ നടത്തിവന്ന സ്ഥാപനത്തിൽ അതിക്രമിച്ചുകയറി വാതിൽ പൂട്ടിയിട്ട് ഭീഷണിപ്പെടുത്തി പണവും സ്വർണവും കവർന്ന സംഘത്തിലെ രണ്ടുപേരെ പൊലീസ് പിടികൂടി.
വള്ളക്കടവ് പ്രിയദർശിനി നഗർ ഹസീന മൻസിലിൽ ഷബീർ അലി (36), വള്ളക്കടവ് പ്രിയദർശിനി നഗർ ലാൽ മൻസിലിൽ ലാൽ ഖാൻ (43) എന്നിവരെയാണ് വഞ്ചിയൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
2020 നവംബറിലാണ് കവർച്ച നടന്നത്. അഞ്ചംഗ മോഷണസംഘം പാറ്റൂരിൽ സ്ത്രീകൾ മാത്രമായി നടത്തിവന്ന 'വീട്ടിലെ ഊണ്' എന്ന ഫുഡ് പാർസൽ സ്ഥാപനത്തിൽ വൈകുന്നേരം നാലോടെ അതിക്രമിച്ച് കടന്ന് വാതിൽ പൂട്ടിയിട്ട് കത്തി കാണിച്ച് ഭീഷണിപ്പെടുത്തി 40,000 രൂപയും ഒരു പവെൻറ സ്വർണമാലയും മൊബൈൽ ഫോണും മോഷ്ടിച്ചെടുത്ത് കടന്നുകളയുകയായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രതികളെ തിരിച്ചറിഞ്ഞ് മോഷണസംഘത്തിലെ അംഗങ്ങളായ മനോജ്, ഉണ്ണിക്കൃഷ്ണൻ എന്നിവരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.
ഒളിവിലായിരുന്ന പ്രതികളെ അന്വേഷിച്ചുവരവെ ശംഖുംമുഖം അസിസ്റ്റൻറ് കമീഷണർ എം.എ. നസീറിന് ലഭിച്ച രഹസ്യവിവരത്തിെൻറ അടിസ്ഥാനത്തിലാണ് മണക്കാടുനിന്ന് പ്രതികളെ പിടികൂടിയത്.
വഞ്ചിയൂർ എസ്.എച്ച്.ഒ രഗീഷ് കുമാർ, എസ്.ഐ പ്രജീഷ് കുമാർ, എസ്.സി.പി.ഒമാരായ അബ്ദുൽ ഷക്കൂർ, സീസർ, അരുൺ കുമാർ, സി.പി.ഒമാരായ നവീൻ, സൂരജ് എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.