തിരുവനന്തപുരം: മാധ്യമ സ്വാതന്ത്ര്യത്തിനുമേൽ ഭരണകൂടത്തിന്റെ അമിതാധികാര പ്രയോഗത്തിലൂടെ രാജ്യത്ത് അടിയന്തരാവസ്ഥയാണ് ആർ.എസ്.എസ് നേതൃത്വം നൽകുന്ന ഫാഷിസ്റ്റ് സർക്കാർ ലക്ഷ്യം വെക്കുന്നതെന്ന് രക്തസാക്ഷി മണ്ഡപത്തിൽ മീഡിയവൺ വിലക്കിനെതിരെ വെൽഫെയർ പാർട്ടി സംഘടിപ്പിച്ച പ്രതിഷേധ സംഗമം അഭിപ്രായപ്പെട്ടു.
ഭരണകൂട ഭീകരതയിലൂടെ ജനാധിപത്യപരമായ വിമർശനങ്ങളെപോലും ഇല്ലാതാക്കാനാണ് ആർ.എസ്.എസ് നേതൃത്വം നൽകുന്ന കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്ന് സംഗമം ഉദ്ഘാടനം ചെയ്ത വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ. ഷെഫീക് പറഞ്ഞു. സ്വാതന്ത്ര്യാനന്തര ഇന്ത്യക്ക് മുമ്പും അടിയന്തരാവസ്ഥകാലത്തും രാജ്യത്ത് രൂപപ്പെട്ട ഭീകരതയാണ് ഇപ്പോൾ മീഡിയവൺ നിരോധനത്തിലൂടെ ഇന്ത്യയിൽ സംഭവിച്ചിരിക്കുന്നത്. പാർലമെൻറ് അംഗങ്ങളും വിവിധ രാഷ്ട്രീയ, സാമൂഹിക നേതാക്കളും ശക്തമായി ആവശ്യപ്പെട്ടിട്ടും നടപടി പിൻവലിക്കാൻ തയാറാകാത്ത കേന്ദ്രസർക്കാർ നിലപാട് ഭരണഘടനയോടുള്ള വെല്ലുവിളിയാണ്.
രാജ്യത്തെ നീതിപീഠങ്ങളായി ജനം മനസ്സിലാക്കുന്ന കോടതികൾപോലും ഭരണകൂടത്തിന്റെ നിഗൂഢമായ ഇടപെടലുകളെ ശരിവെക്കാനാണ് ശ്രമിക്കുന്നത്. മാധ്യമസ്ഥാപനത്തോട് ഭരണകൂടത്തിനുള്ള പ്രതികാര താൽപര്യങ്ങളെ ഏറ്റുപിടിക്കാനാണ് കോടതിയും ശ്രമിക്കുന്നത്. ഇത്തരം മാധ്യമ കൊലപാതകങ്ങൾക്കെതിരെ ജനാധിപത്യ സമൂഹം ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു.
സി.എം.പി ജനറൽ സെക്രട്ടറി സി.പി ജോൺ, പത്രപ്രവർത്തക യൂനിയൻ സംസ്ഥാന പ്രസിഡന്റ് കെ.പി. റെജി, മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി ബീമാപള്ളി റഷീദ്, കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷൻ പ്രതിനിധി കടയ്ക്കൽ ജുനൈദ്, പി.ഡി.പി ജില്ല സെക്രട്ടറി കല്ലറ നളിനാക്ഷൻ, എസ്.ഡി.പി.ഐ ജില്ല സെക്രട്ടറി ഷബീർ ആസാദ്, എ.ഡി.എച്ച്.ആർ.എം സംസ്ഥാന സെക്രട്ടറി ബൈജു പത്തനാപുരം തുടങ്ങിയവർ സംസാരിച്ചു. വെൽഫെയർ പാർട്ടി ജില്ല പ്രസിഡന്റ് എൻ.എം. അൻസാരി അധ്യക്ഷതവഹിച്ചു. ജില്ല ജനറൽ സെക്രട്ടറി അനിൽകുമാർ സ്വാഗതവും ജില്ല സെക്രട്ടറി മെഹബൂബ്ഖാൻ പൂവാർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.