തിരുവനന്തപുരം: കനത്തമഴയില്‍ ജില്ലയിലെ ആറ് താലൂക്കുകളിലായി 23 വീടുകള്‍ ഭാഗികമായി തകര്‍ന്നു. സെപ്റ്റംബര്‍ 29 മുതല്‍ ചൊവ്വാഴ്ച വരെ പെയ്ത മഴയില്‍ നെടുമങ്ങാട് താലൂക്കിലെ 11 വീടുകള്‍ക്ക് നാശനഷ്ടം സംഭവിച്ചു. ചിറയിന്‍കീഴ്, വര്‍ക്കല, കാട്ടാക്കട താലൂക്കുകളില്‍ നാല് വീതം വീടുകള്‍ക്കും ഭാഗികമായ കേടുപാടുകള്‍ പറ്റിയിട്ടുണ്ട്. കനത്ത മഴയെ തുടര്‍ന്ന് ചിറയിന്‍കീഴ് താലൂക്കിലെ മാമം അംഗന്‍വാടിയില്‍ ഒരു ദുരിതാശ്വാസ ക്യാമ്പ് തുറന്നു. ഇവിടെ മൂന്നുപേരാണ് താമസിക്കുന്നത്.
ഒക്ടോബര്‍ ഒന്നിന് വിതുര പൊന്നാംചുണ്ട് പാലത്തിനു സമീപം വാമനപുരം നദിയില്‍ കാണാതായ വിതുര സ്വദേശി സോമനെ (58)കണ്ടെത്താനുള്ള തിരച്ചില്‍ ഇപ്പോഴും തുടരുകയാണെന്ന് ജില്ല ഭരണകൂടം അറിയിച്ചു. മഴക്കെടുതി നേരിടുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ ജില്ല കലക്ടര്‍ ജെറോമിക് ജോര്‍ജ് റവന്യൂ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ക്ക് നിര്‍ദേശം നല്കി.
സെപ്റ്റംബര്‍ 25 മുതല്‍ പെയ്ത ശക്തമായ മഴയില്‍ ജില്ലയില്‍ 43.57 ലക്ഷത്തിന്റെ കൃഷിനാശമുണ്ടായതായാണ് പ്രാഥമിക വിലയിരുത്തല്‍. 133 കര്‍ഷകരുടെ 6.89 ഹെക്ടറിലുള്ള വിവിധ കാര്‍ഷിക വിളകള്‍ നശിച്ചു. ഏറ്റവും കൂടുതല്‍ കൃഷിനാശമുണ്ടായത് നെയ്യാറ്റിന്‍കര ബ്ലോക്കിലാണ്, ഇവിടെ 1.40 ഹെക്ടറില്‍ 21 ലക്ഷം രൂപയുടെ കൃഷിനാശമുണ്ടായി. ആര്യന്‍കോട് ആറു ലക്ഷം രൂപയുടെയും കാട്ടാക്കട 62,000 രൂപയുടെയും പാറശ്ശാലയില്‍ 10 ലക്ഷം രൂപയുടെയും പുളിമാത്ത് 2.40 രൂപയുടെയും വാമനപുരത്ത് 3.55 ലക്ഷം രൂപയുടെയും നഷ്ടമുണ്ടായതായി കൃഷി വകുപ്പ് അറിയിച്ചു.
മെഡിക്കല്‍ കോളജ്: ചൊവ്വാഴ്ച പുലര്‍ച്ചമുതല്‍ ഇടവിട്ട് ശക്തമായി പെയ്യുന്ന മഴയില്‍ നഗരത്തിലെ പല സ്ഥലങ്ങളിലും വെള്ളക്കെട്ടുണ്ടാകുകയും നിരവധി സ്ഥലങ്ങളില്‍ മരം കടപുഴകി റോഡില്‍ വീണ് ഗതാഗതം തടസ്സപ്പെടുകയും ചെയ്തു.
ആമയിഴഞ്ചാന്‍ തോടിന്റെ കൈവഴി കരകവിഞ്ഞ് തേക്കുംമൂട് ബണ്ട് കോളനിയിലെ നിരവധി വീടുകളില്‍ വെള്ളം കയറി. തേക്കുംമൂട്, കുമാരപുരം, ഗൗരീശപട്ടം ഭാഗങ്ങളിലായി 160 ഓളം വീടുകളില്‍ വെള്ളം കയറി. ഈ ഭാഗങ്ങളില്‍ തിങ്കളാഴ്ച പെയ്ത മഴയില്‍ വെള്ളം കയറിയെങ്കിലും വൈകീട്ടോടെ വെള്ളം ഇറങ്ങിയത് നിവാസികളില്‍ ആശ്വാസത്തിന് ഇടനല്‍കിയെങ്കിലും ചൊവ്വാഴ്ച പുലര്‍ച്ചമുതല്‍ ശക്തമായി പെയ്ത മഴയില്‍ താണപ്രദേശങ്ങള്‍ മുഴുവനും വെള്ളത്തിനടിയിലാകുകയാണുണ്ടായത്.
ഓള്സെയിന്റ്സില് 10 വീടുകളും കരിക്കകത്ത് 5 വീടുകളിലും വെള്ളം കയറി. കരിക്കകത്ത് വെള്ളം കയറിയ രാജന്റെ കുടുംബത്തെ ചാക്കയില്‍നിന്ന് ഫയര്‍ഫോഴ്സ് അധികൃതര്‍ എത്തി മാറ്റിപ്പാര്‍പ്പിച്ചു. എന്നാല്‍, തേക്കുംമൂട് ഭാഗത്തുനിന്ന് ഒരു കുടുംബവും മാറി താമസിക്കാന്‍ തയാറാകുന്നില്ലെന്ന് ഫയര്‍ഫോഴ്സ് സംഘം പറഞ്ഞു.
ലുലു മാളിന് സമീപം ശക്തമായി പെയ്ത മഴയില്‍ നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞ ബലേറോ ജീപ്പിനുള്ളില്‍ കുടുങ്ങിയ ആളെ ചാക്കയില്നിന്നെത്തിയ ഫയര്‍ഫോഴ്സ് സംഘം രക്ഷപ്പെടുത്തി. പേട്ട പുത്തന്‍ റോഡില്‍ ചൊവ്വാഴ്ച ഉച്ചയോടെ കനത്ത മഴയില്‍ ലളിതാംബികയുടെ വാടക വീടിന് മുകളില്‍ മരം വീണ് ഓടിട്ട വീടിന് നാശനഷ്ടമുണ്ടായി.
ആളപായമില്ല. ചൊവ്വാഴ്ച രാവിലെ 7.30 ഓടെ ഉള്ളൂര്‍ മഞ്ചാടി ലെയിനില്‍ മാധവന് നായരുടെ ഉടമസ്ഥതയിലുളള വീടിനു മുകളില്‍ റബര്‍ മരം കടപുഴകി വീണ് കേടുപാടുകള്‍ സംഭവിച്ചു. ചൊവ്വാഴ്ച പുലര്‍ച്ച 5.20 ന് പുലയനാർകോട്ടക്ക് സമീപം റോഡില്‍ മരം വീണ് ഗതാഗത തടസ്സം നേരിട്ടു. ചാക്കയില്‍നിന്ന് ഫയര്‍ഫോഴ്സ് സംഘമെത്തി ഒരു മണിക്കൂര്‍ ചെലവഴിച്ച് മരം മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.
ചൊവ്വാഴ്ച ഉച്ചയോടെ ചാക്ക ബ്രഹ്മോസിന്റെ കാമ്പസില്‍ നിന്ന വന്മരം ഷീറ്റിട്ട കെട്ടിടത്തിന് മുകളില്‍ പതിച്ചു. ഫയര്‍ഫോഴ്സ് അധികൃതര്‍ എത്തിയെങ്കിലും മരം മുറിച്ചുമാറ്റാന്‍ കഴിഞ്ഞിട്ടില്ല. രാവിലെ 11 ഓടെ വള്ളക്കടവ് പാലത്തിനു സമീപം പാര്‍വതി പുത്തനാറിന്റെ ബണ്ടില്‍ നിന്നിരുന്ന മരം റോഡിലേക്ക് ചാഞ്ഞു.
തുടര്‍ന്ന് പുത്തനാറിന്റെ ബണ്ട് പിളര്‍ന്ന് അപകടാവസ്ഥയിലായി. ഫയര്‍ഫോഴ്സ് അധികൃതര്‍ എത്തിയെങ്കിലും മരം മുറിച്ചുമാറ്റാന്‍ കഴിഞ്ഞില്ല. അപകടസാധ്യത കണക്കിലെടുത്ത് മൂന്ന് കുടുംബങ്ങളെ മാറിതാമസിക്കാന്‍ അധികൃതര്‍ നിർദേശം നല്കി.
തിരുവനന്തപുരം: ശക്തമായി പെയ്ത മഴയിൽ തലസ്ഥാനം മുങ്ങി. തമ്പാനൂർ റെയിൽവേ സ്റ്റേഷനിലും കെ.എസ്.ആർ.ടി.സി ബസ്സ്റ്റാൻഡിലും വെള്ളം പൊങ്ങിയതോടെ വാഹനയാത്രികരും കാൽനടയാത്രികരും ഏറെ ബുദ്ധിമുട്ടി.
അരിസ്റ്റോ ജങ്ഷനിലെ ഹോട്ടൽ കീർത്തി, ആൾ സീസൺ അടക്കം നഗരത്തിലെ പല വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി. അട്ടക്കുളങ്ങര ബൈപാസ് ബീമാപള്ളി, പൂന്തുറ, മാണിക്യവിളാകം, ഇടയാർ, കല്ലാട്ട്മുക്ക്, പഴഞ്ചിറ, മണക്കാട്, ചാക്ക, പേട്ട, കണ്ണമ്മൂല, മുട്ടത്തറ, പാറ്റൂർ റോഡുകളിലും വെള്ളക്കെട്ട് രൂക്ഷമായി.
മഴക്കാല പൂർവ ശുചീകരണവും ഓടകളിലെയും കൈതോടുകളിലെയും മാലിന്യം നീക്കുന്നതും മുടങ്ങിയതോടെയാണ് ഈ മേഖലയിലെങ്ങും വെള്ളക്കെട്ട് രൂപപ്പെട്ടത്. തമ്പാനൂർ തോപ്പിൽ പ്രദേശത്തെയും പട്ടം തേക്കുംമൂട് ബണ്ട് കോളനിയിലെയും ഉള്ളൂർ ഭാഗത്തെയും വീടുകളിൽ വെള്ളം കയറി. ആമയിഴഞ്ചാൻ തോടിന്റെ ശുചീകരണം നടക്കാതായതാണ് വെള്ളം പൊങ്ങാൻ കാരണമായതെന്നാണ് ആരോപണം.
ശക്തമായ കാറ്റിൽ നിരവധി മരങ്ങളാണ് കടപുഴകിയത്. അഗ്നിശ്മന രക്ഷാസേനയുടെ തീവ്രശ്രമഫലമായാണ് റോഡിൽ വീണ മരങ്ങൾ മുറിച്ചെടുത്ത് റോഡുകൾ ഗതാഗതയോഗ്യമാക്കിയത്.
ഉച്ചക്ക് മേലാറന്നൂർ എൻ.ജി.ഒ ക്വാർട്ടേഴ്സിനു സമീപം കാറിനു മുകളിലായി മതിൽ ഇടിഞ്ഞുവീണു. ചെങ്കൽചൂളയിൽ നിന്ന് ഫയർഫോഴ്സെത്തി മണ്ണ് മാറ്റി കാർ പുറത്തെടുത്തു. കാറിനുള്ളിൽ ആരുമില്ലാതിരുന്നതിനാൽ വൻദുരന്തം ഒഴിവായി. സർക്കാർ ഒബ്സർവേറ്ററി സ്റ്റാഫ് ക്വാർട്ടേഴ്സിനുള്ളിൽ പുളിമരം കടപുഴകി നാല് പോസ്റ്റുകളും കാർഷെഡും തകർന്നു. തുടർന്ന്, പുളിമരം ക്രൈനിന്റെയും കെ.എസ്.ഇ.ബിയുടെ സഹായത്താൽ ഫയർഫോഴ്സ് മുറിച്ചുമാറ്റി.
കിള്ളിപ്പാലം പുതുനഗർ സെക്കൻഡ് സ്ട്രീറ്റിൽ സുബ്രമണി എന്നയാളുടെ വീടിനു സൈഡിലായി മഴയിൽ ചെറുമരങ്ങൾ കടപുഴകി. ഇവ സേന മുറിച്ചുമാറ്റി. കൂടാതെ, വീടിന്റെ മുകളിലകപ്പെട്ടയാളെയും സേനാംഗങ്ങൾ പുറത്തെത്തിച്ചു. സ്റ്റേഷൻ ഓഫിസർ അനീഷ് കുമാർ, ഗ്രേഡ് എ.എസ്.ടി.ഒ അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനങ്ങൾ.
തിരുവനന്തപുരം: തീവ്ര മഴയുടെ സാഹചര്യത്തിൽ ചിലയിടങ്ങളിൽ വൈദ്യുതി വിതരണത്തിൽ തടസ്സം ഉണ്ടാകുന്നുണ്ട്. കാറ്റിലും മഴയിലും വൃക്ഷങ്ങളും വൃക്ഷശിഖരങ്ങളും ലൈനിൽ വീഴുന്നതാണ് പ്രധാന കാരണം. വൈദ്യുതി കമ്പികൾ പൊട്ടിക്കിടക്കാനോ ചാഞ്ഞുകിടക്കാനോ സാധ്യതയുള്ളതിനാൽ പുറത്തിറങ്ങുമ്പോൾ ജാഗ്രത വേണം. പൊട്ടിവീണ ലൈനിൽ മാത്രമല്ല പരിസരപ്രദേശങ്ങളിലും വൈദ്യുതിപ്രവാഹം ഉണ്ടാകാൻ സാധ്യതയുണ്ട്.
ഇത്തരം അപകടമോ അപകടസാധ്യതയോ ശ്രദ്ധയിൽപെട്ടാൽ എത്രയും വേഗം തൊട്ടടുത്ത കെ.എസ്.ഇ.ബി സെക്ഷൻ ഓഫിസിലോ 9496010101 എന്ന എമർജൻസി നമ്പരിലോ അറിയിക്കുക. വൈദ്യുതി സംബന്ധമായ പരാതി അറിയിക്കാനും വിവരങ്ങൾ അറിയാനും സേവനങ്ങൾ നേടാനും 1912 ടോൾഫ്രീ കസ്റ്റമര്‍കെയർ നമ്പറിൽ വിളിക്കാം. 9496001912 നമ്പറിൽ വിളിച്ചും വാട്സ്ആപ് സന്ദേശമയച്ചും പരാതി അറിയിക്കാനാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.