അരുവിക്കര ഡാമി​െൻറ ഷട്ടർ കൂടുതൽ തുറന്നതോടെ അരുവിക്കര പാലത്തിനടിയിലൂടെ കുതിച്ചുചാടിയൊഴുകുന്ന വെള്ളം - പി.ബി. ബിജു

വെള്ളക്കെട്ടില്‍ മുങ്ങിയില്ല; ആശ്വാസത്തോടെ തലസ്ഥാന നഗരം

പൂന്തുറ: വേളിയിലും പൂന്തുറയിലും കടത്തീരത്ത് പൊഴികള്‍ മുറിഞ്ഞ് കിടന്നത് കാരണം തലസ്ഥാനനഗരം ഇത്തവണ പൂര്‍ണമായും വെള്ളക്കെട്ടില്‍ മുങ്ങാതെ പിടിച്ചുനിന്നു. ഒാരോ തവണയും ഉണ്ടാകുന്ന ശക്തമായ മഴയില്‍ തലസ്ഥാന നഗരം പൂര്‍ണമായും വെള്ളത്തിനടിയിലാകുന്നതാണ് പതിവ്. പിന്നീട് പൊഴികള്‍ മുറിച്ച് മാറ്റിയാണ് വെള്ളക്കെട്ടിന് പരിഹാരം കാണുന്നത്. ഇതിനുപുറ​െമ കരമനയാര്‍ കര നിറഞ്ഞ് ഒഴുകിയെങ്കിലും കരകളിലേക്ക്​ കൂടുതല്‍ കയറാതെ കടലിലേക്ക് ഒഴുകിയിറങ്ങിയത് പൊഴികള്‍ തുറന്ന് കിടന്നത് കാരണമാണ്.

സ്വാഭാവികമായ ഇത്തരം സമയങ്ങളില്‍ പൊഴിമുഖങ്ങള്‍ മണ്ണുകൊണ്ട്​ മൂടി അടഞ്ഞ് കിടക്കാറാണ് പതിവ്.എന്നാല്‍ ദിവസങ്ങള്‍ക്ക് മുമ്പ് ഇറിഗേഷന്‍ അധികൃതര്‍ കരാറുകാരെ ​െവച്ച് പൊഴികള്‍ നേര​േത്ത മുറിച്ചിരുന്നു.ഒാപറേഷന്‍ അനന്ത നഗരത്തില്‍ ഒരുപരിധിവരെയെങ്കിലും വിജയം കണ്ടതാണ് വെള്ളക്കെട്ടിന് അല്‍പമെങ്കിലും ശാശ്വത പരിഹാരമുണ്ടാക്കാന്‍ കാരണം. എന്നാല്‍ അനന്ത നിലച്ച സ്ഥലം മുതല്‍ ബാക്കി ഭാഗങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ മഴയില്‍ പലയിടത്തും വെള്ളക്കെട്ടുകള്‍ രൂപപ്പെടുകയും ചെയ്തു. നഗരത്തില്‍ ഉണ്ടാകുന്ന വെള്ളക്കെട്ടിന് ശാശ്വതപരിഹാരമെന്ന നിലക്ക് വേളി പൊഴിയെ അഴിമുഖമാക്കാനും പാര്‍വതി പുത്തനാറിനെ പനത്തുറ പൊഴിയുമായി ബന്ധിപ്പിക്കുന്ന കുന്നുമണല്‍ ചെറുജലപാത ഒരുക്കാനും പ്രഖ്യാപിച്ചിരുന്ന പദ്ധതികള്‍ അടിയന്തരമായി യാഥാർഥ്യമാക്കണമെന്ന് ഇൗ രംഗത്തെ വിദഗ്​ധര്‍ പറയുന്നു.

മഴയിൽ ഒറ്റപ്പെട്ട കുടുംബത്തെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി

നേമം: ശക്തമായ മഴയിൽ വീട്ടിനുള്ളിൽ ഒറ്റപ്പെട്ടുപോയ കുടുംബത്തെ ഫയർഫോഴ്സെത്തി രക്ഷപ്പെടുത്തി.പാപ്പനംകോട് സത്യൻ നഗർ ചവിണിച്ചിവിളയിൽ വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് അകപ്പെട്ടുപോയ ശിവകുമാർ, രാജശ്രീ, കാർത്തിക എന്നിവരെയാണ് ഫയർഫോഴ്സ് തിരുവനന്തപുരം നിലയത്തിൽ നിന്ന്​ സ്​റ്റേഷൻ ഓഫിസർ രാമമൂർത്തി, ഗ്രേഡ് എ.എസ്.ടി.ഒ ബൈജു, ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാരായ സജിൻ ജോസ്, ജീവൻ, അഭിലാഷ്, അജേഷ് കുമാർ, സോണി, ഫയർമാൻ ഡ്രൈവർ ബിജു, ശിവകുമാർ എന്നിവർ ഡിങ്കി ബോട്ട് ഉപയോഗിച്ച് രക്ഷപ്പെടുത്തിയത്.

ജില്ലയിലെ ക്യാമ്പുകളിൽ 514 പേർ; 9.91 കോടിയുടെ കൃഷിനാശം

തിരുവനന്തപുരം: തുടരുന്ന മഴയിൽ ജില്ലയിൽ വ്യാപക നാശനഷ്​ടം. വാമനപുരമടക്കം നദികളിലെ ജലനിരപ്പുയർന്നത്​ ആശങ്ക പടർത്തുന്നു. കനത്തമഴയെ തുടർന്ന്​ ജില്ലയിൽ ആരംഭിച്ച 14 ക്യാമ്പുകളിലായി 514 പേരെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്​. നെയ്യാറ്റിൻകര താലൂക്കിലാണ് ഏറ്റവും കൂടുതൽ ക്യാമ്പുകൾ തുറന്നിട്ടുള്ളത്. ആറ് ക്യാമ്പുകളിലായി 45 കുടുംബങ്ങളിലെ 125 പേർ ഇവിടെയുണ്ട്. തിരുവനന്തപുരം താലൂക്കിൽ പ്രവർത്തിക്കുന്ന അഞ്ച് ദുരിതാശ്വാസ ക്യാമ്പുകളിൽ 78 കുടുംബങ്ങളിലെ 312 പേരും ചിറയിൻകീഴ് താലൂക്കിൽ മൂന്ന് ക്യാമ്പുകളിലായി 25 കുടുംബങ്ങളിലെ 79 പേരും കഴിയുന്നു. നെടുമങ്ങാട്, വർക്കല, കാട്ടാക്കട താലൂക്കുകളിൽ നിലവിൽ ക്യാമ്പുകളൊന്നും തുറന്നിട്ടില്ല.

നെയ്യാർ, അരുവിക്കര, പേപ്പാറ ഡാമുകളിലെ ഷട്ടറുകൾ തുറന്ന നിലയിലാണ്. സമീപപ്രദേശങ്ങളിലുള്ളവർ ജാഗ്രത പുലർത്തണമെന്ന് ജില്ല ഭരണകൂടം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കനത്തമഴയെ തുടർന്ന് തിരുവനന്തപുരം താലൂക്ക് പരിധിയിൽ രണ്ടുപേർക്ക് പരിക്കേറ്റിട്ടുണ്ട്. കഴിഞ്ഞദിവസം പെയ്ത ശക്തമായ മഴയിൽ നെയ്യാറ്റിൻകര, ബാലരാമപുരം പ്രദേശങ്ങളിലെ മൂന്ന് വീടുകളിൽ കിണറുകൾ ഇടിഞ്ഞുതാണു.രണ്ടുദിവസം തകർത്തുപെയ്​ത മഴയിൽ ജില്ലയിൽ 9.91 കോടിയുടെ കൃഷിനാശ​മാണുള്ളത്​. 3429 കർഷകരെയാണ്​ മഴക്കെടുതികൾ കാര്യമായി ബാധിച്ചത്​. വെള്ളം കയറിയടക്കം 329 ഹെക്​ടർ ഭൂമിയി​െല കൃഷി നശിച്ചുവെന്നാണ്​ കണക്ക്​.

ഇതിൽ ഏറ്റവും കൂടുതൽ നെൽകൃഷിയാണ്,103 ഹെക്​ടർ. 8.8 ഹെക്​ടറിലെ ഞാറും 15.75 ഹെക്​ടറിലെ പച്ചക്കറിയും നശിച്ചിട്ടുണ്ട്​. വെള്ളം കയറിയതുമൂലം 98342 വാഴകൾക്ക്​ നാശമുണ്ടായിട്ടുണ്ട്​. ഇതിൽ 41684 എണ്ണം (34.4 ഹെക്​ടർ) കുലയ്​ക്കാത്തവയാണ്​. 56658 എണ്ണം (36.17 ഹെക്​ടർ) കുലച്ചവയും. 15 തെങ്ങുകൾ ഇതുവരെ ഒടിഞ്ഞുവീണു. ഒരു ഹെക്​ടറിലെ കുരുമുളകിന്​ നാശമുണ്ടായിട്ടുണ്ട്​. 23.24 ഹെക്​ടറിലായി ഉണ്ടായിരുന്ന പന്തൽ പച്ചക്കറി കൃഷിയും വെള്ളത്തിലായെന്നാണ്​ കണക്ക്​. പലയിടങ്ങളിലും കൃഷിയിടങ്ങൾ വെള്ളംനിറഞ്ഞ നിലയിലാണ്​. വരുംദിവസങ്ങളിൽ മഴ കുറയുകയും കെട്ടിക്കിടക്കുന്ന വെള്ളം ഒഴുകി മാറുകയും ചെയ്​താൽ കൃഷിനാശം കുറയുമെന്നാണ്​ അധികൃതരുടെ വിലയിരുത്തൽ.

ജില്ലയിൽ മഴക്ക്​ നേരിയ ശമനം; മഴസാധ്യതയിൽ ആശങ്ക

തിരുവനന്തപുരം: ജില്ലയിൽ കനത്ത മഴക്ക്​ ചെറിയ ശമനം ഉണ്ടായെങ്കിലും ശക്തമായ മഴ സാധ്യതയുള്ളതിനാൽ കനത്ത ജാഗ്രത. കടൽ ക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ ഇവിടങ്ങളിൽ നിയ​​ന്ത്രണം ഏർപ്പെടുത്തി. 20, 21 തീയതികളിലും 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെയുള്ള ശക്തമായ മഴക്ക്​ സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള, കർണാടക, തമിഴ്നാട്, ലക്ഷദ്വീപ് തീരത്ത് തിങ്കളാഴ്​ച രാത്രി 11.30 വരെ 2.5 മുതൽ 3.3 മീറ്റർ വരെ ഉയരത്തിൽ തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

തൃക്കണ്ണാപുരത്ത് 30ലധികം വീടുകളിൽ വെള്ളം കയറി. വെള്ളം കയറിയ വീടുകളിലുള്ളവരെ സമീപത്തെ സ്കൂളിലേക്ക് മാറ്റിപ്പാർപ്പിച്ചു. ഫ്ലാറ്റി​െൻറ പാർക്കിങ് ഏരിയയും വെള്ളം കയറി. പാപ്പനംകോട് സത്യൻ നഗർ ചവിണിച്ചി വിളയിൽ വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് വീടിനുള്ളിൽ അകപ്പെട്ട രണ്ട്​ പേരെ അഗ്നിശമനസേന എത്തി രക്ഷിച്ചു.

പേട്ട ഈശാലയം, ഈന്തിവിളാകം, നീലാറ്റിൻകര, കമലേശ്വരം, കുരുക്കുവിളാകം, കരമന ബണ്ട് റോഡ്, കുടപ്പനക്കുന്ന് പരിധിയിൽ വരുന്ന വയലിക്കട, ചൂഴമ്പാല, കടകംപള്ളി ഹൈവേയുടെ ഇരുവശങ്ങളും, ആറ്റുകാൽ ക്ഷേത്ര പരിസരത്തിനോട് ചേർന്നുള്ള താഴ്ന്ന പ്രദേശങ്ങൾ, ഒരുവാതിൽകോട്ട, കരിക്കകം, പേരൂർക്കട ഇടക്കുളം, മുടവൻമുകൾ എസ്​.ബി​.​െഎ ക്വാർട്ടേഴ്സിന് സമീപം എന്നിവിടങ്ങളിൽ ചെറിയ രീതിയിലുള്ള വെള്ളക്കെട്ടുണ്ടായി. കുന്നുകുഴിക്ക്​ സമീപം അപകടാവസ്ഥയിലുണ്ടായിരുന്ന മരം മുറിച്ചുമാറ്റി. കോർപറേഷൻ മഴക്കെടുതികൾ നേരിടാൻ 100 പേരടങ്ങുന്ന ഒരു ടീം വിവിധ ഹെൽത്ത് ഇൻസ്പെക്ടർ ഓഫിസുകൾ കേന്ദ്രീകരിച്ച് ജീവനക്കാർ രാത്രി ഉൾപ്പെടെ പ്രവർത്തനങ്ങൾക്ക് സജ്ജമാക്കിയിട്ടുണ്ട്​. കോർപറേഷൻ റാപ്പിഡ് റെസ്പോൺസ് ടീം അംഗങ്ങൾ 24 മണിക്കൂറും പ്രവർത്തിക്കും. ഏത് അടിയന്തര സാഹചര്യവും നേരിടുന്നതിന് കോർപറേഷൻ സജ്ജമാണെന്ന്​ മേയർ അറിയിച്ചു. നേമത്ത് രണ്ടിടത്ത് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. 80 പേർ ക്യാമ്പിലുണ്ട്. വെളളായണി എം.എൻ.എൽ.പി സ്കൂൾ, പൂഴിക്കുന്ന് സ്കൂൾ എന്നിവിടങ്ങളിലാണ് ക്യാമ്പ്. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽനിന്ന് അധികൃതരുടെ നിർദേശം പാലിച്ച് മാറി താമസിക്കണമെന്ന്​ ഇതിനോടകം അറിയിപ്പ്​ നൽകിയിട്ടുണ്ട്​.

മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിടണം. കൂട്ടിയിടിച്ചുള്ള അപകടം ഒഴിവാക്കാനായി വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കണം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്നും നിർദേശങ്ങളിലുണ്ട്​.



Tags:    
News Summary - heavy rainfall in trivandrum

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.