ആറ്റിങ്ങൽ: വാമനപുരം നദീതീരത്തോടുചേർന്ന നഗരസഭാ വാർഡുകളിൽ പ്രളയഭീതി. നിരവധി വീടുകളിൽ വെള്ളം കയറി. താഴ്ന്ന പ്രദേശങ്ങളിലുള്ളവരെ മാറ്റിപ്പാർപ്പിച്ചു. രാത്രിയും പകലും രക്ഷാപ്രവർത്തനത്തിൽ മുഴുകിയിരിക്കുകയാണ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും.
കനത്ത മഴയെ തുടർന്ന് കഴിഞ്ഞ ദിവസം രാത്രിയിൽ ചെയർപേഴ്സൺ അഡ്വ.എസ്. കുമാരിയുടെ നേതൃത്വത്തിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും നദീതിരത്തോടു ചേർന്ന പ്രദേശങ്ങൾ സന്ദർശിച്ചിരുന്നു. ഇതിൽ പനവേലിപറമ്പ് ജനവാസ മേഖലയിലേക്ക് വെള്ളം കയറിയതിനാൽ താമസക്കാരെ സുരക്ഷിതമായി ശനിയാഴ്ച രാത്രി തന്നെ മാറ്റിപ്പാർപ്പിച്ചു.
മീമ്പാട്ട്, കൊട്ടിയോട് എന്നിവിടങ്ങളിൽ നദീജലനിരപ്പ് ഉയർന്നിട്ടുണ്ട്. കുന്നുവാരം യു.പി സ്കൂളിൽ ക്യാമ്പ് ആരംഭിച്ചു. ഇവിടേക്കാണ് ദുരിത ബാധിതരെ മാറ്റിയത്. കൊട്ടിയോട്, പൂവമ്പാറ, മീമ്പാട്ട് തുടങ്ങിയുള്ള സ്ഥലങ്ങളിൽ ജനവാസ മേഖല ചുറ്റപ്പെട്ട രീതിയിൽ വെള്ളം കയറിയിട്ടുണ്ട്. ഞായറാഴ്ച രാവിലെ മുതൽ ഈ മേഖലകളിൽനിന്ന് ജനങ്ങളെ മാറ്റിപ്പാർപ്പിച്ചു തുടങ്ങി. ചെയർപേഴ്സൺ അഡ്വ.എസ്. കുമാരി, വൈസ് ചെയർമാൻ ജി. തുളസീധരൻ പിള്ള, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എസ്. ഷീജ, കൗൺസിലർ എസ്. സുഖിൽ, നിതിൻ, ടൗൺ സർവിസ് സഹകരണ സംഘം പ്രസിഡൻറ് എം. മുരളി, പൊതുപ്രവർത്തകരായ സി. ദേവരാജൻ, വിശ്വംഭരൻ, വൽസൻദേവ്, വളൻറിയർമാർ തുടങ്ങിയവർ ശനിയാഴ്ച അർധരാത്രിയോടെ തന്നെ ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടിരുന്നു.
പൊലീസ്, ഫയർഫോഴ്സ്, റവന്യൂ വകുപ്പും സജീവമായി രംഗത്തുണ്ട്. ഞായറാഴ്ച ഉച്ചക്കു ശേഷം കൊട്ടിയോട് ഭാഗത്തുള്ള 55 പേരെ കുന്നുവാരം സ്കൂളിലും മീമ്പാട്ടുള്ള 17 പേരെ രാമച്ചംവിള സ്കൂളിലുമായി മാറ്റി. ഇവിടെ താമസിക്കുന്ന സ്ത്രീകളും കുട്ടികളുമടക്കം 70 പേർക്കുള്ള ഉച്ചഭക്ഷണവും വിതരണം ചെയ്തു. മനുഷ്യർക്ക് പുറമെ, വെള്ളപ്പൊക്കത്തിൽ അകപ്പെട്ടുപോയ വളർത്തുമൃഗങ്ങളെയും സന്നദ്ധ പ്രവർത്തകരുടെ നേതൃത്വത്തിൽ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി.
അയിരൂപ്പാറയിൽ രണ്ടു വീടുകൾക്ക് നാശം
പോത്തൻകോട്: പോത്തൻകോട് അയിരൂപ്പാറ വാർഡിലെ രണ്ടു വീടുകൾ ശനിയാഴ്ച രാവിലത്തെ കനത്ത മഴയിൽ ഭാഗികമായി ഇടിഞ്ഞുവീണു. കൊച്ചിറക്കം വടക്കുംകര പുത്തൻവീട്ടിൽ കെ. കൃഷ്ണമ്മയുടെ മണ്ണുകൊണ്ട് നിർമിച്ച ഓടുമേഞ്ഞ വീടിെൻറ അടുക്കള ഭാഗമാണ് തകർന്നത്. വീട്ടിൽ കൃഷ്ണമ്മ തനിച്ചാണ് താമസം. എരുവറക്കോട് വീട്ടിൽ അമ്പിളിയുടെ ഉടമസ്ഥതയിലുള്ള വീടിെൻറയും അടുക്കള ഭാഗം തകർന്നു. ഇവിടെ ഉഷ എന്ന സ്ത്രീയും മക്കളുമാണ് താമസിക്കുന്നത്.
ചിറയിൻകീഴ് താലൂക്കില്‍ ഏഴ് വീട് തകര്‍ന്നു; നാലിടത്ത് ദുരിതാശ്വാസക്യാമ്പ്
ആറ്റിങ്ങൽ: കനത്ത മഴയിൽ ചിറയിന്‍കീഴ് താലൂക്കില്‍ ഏഴ് വീട് തകര്‍ന്നു; നാലിടത്ത് ദുരിതാശ്വാസക്യാമ്പ് തുറന്നു. ഇവിടേക്ക് 48 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു.കിഴുവിലത്ത് രണ്ടും ആറ്റിങ്ങലില്‍ രണ്ടും ക്യാമ്പുകളാണുള്ളത്. മഴയില്‍ വിവിധ വില്ലേജുകളിലായി ശനിയാഴ്ച 13 വീടുകള്‍ക്ക് നാശമുണ്ടായിരുന്നു. കിഴുവിലത്ത് പടനിലം എല്‍.പി.എസില്‍ ഒമ്പത് കുടുംബങ്ങളെയും പുരവൂര്‍ എസ്.വി.യു.പി.എസില്‍ 11 കുടുംബങ്ങളെയും മാറ്റിയിട്ടുണ്ട്. ആറ്റിങ്ങല്‍ കുന്നുവാരം യു.പി സ്കൂളിലെ ക്യാമ്പില്‍ 20 കുടുംബങ്ങളെയും രാമച്ചംവിള എല്‍.പി സ്കൂളില്‍ എട്ട് കുടുംബങ്ങളെയും മാറ്റിപ്പാര്‍പ്പിച്ചു.
ചിറയിന്‍കീഴ് ഗുരുവിഹാര്‍ എസ്.എസ് ഭവനില്‍ സുരേഷ്, കൊടുവഴന്നൂര്‍ ശീമവിള മേല്ക്കോണത്തുവീട്ടില് സദാനന്ദെൻറ ആള്‍താമസമില്ലാത്ത വീട്, ചെറുക്കാരം മാടങ്കാവില്‍ അബ്ദുൽ അസീസിെൻറ വീട്, ചിറയിന്‍കീഴ് പുതിയാര്‍മൂല വയലില്ത്തിട്ടവീട്ടില് മഞ്ജുവിെൻറ വീട്, കോരാണി ഇടയ്ക്കോട് കാട്ടില്‍വീട്ടില്‍ ഭാനുമതിയുടെ വീട്, വെള്ളല്ലൂര്‍ കീഴ്പേരൂര്‍ പറക്കുന്നില്വീട്ടില് സജിതയുടെ വീട്, മുദാക്കല്‍ ചെമ്പൂര് പരുത്തൂര്‍ എസ്.എസ് ഭവനില്‍ സുലോചനയുടെ വീട് എന്നിവയാണ് തകര്‍ന്നത്.
ബണ്ട് തകർന്നു; അമ്പതോളം കുടുംബങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിൽ
ആറ്റിങ്ങൽ: പഴഞ്ചിറയിൽ ബണ്ട് തകർന്ന് അമ്പതോളം വീടുകൾ വെള്ളപ്പൊക്ക ഭീഷണിയിൽ. മേൽകടയ്ക്കാവൂർ വയൽതിട്ട വീട്ടിൽ രാധാമണിയുടെ വീട് നാലുചുറ്റും വെള്ളത്തിലായി. ഒമ്പതു കുടുംബാംഗങ്ങളാണ് ഈ വീട്ടിൽ താമസിക്കുന്നത്. മൂന്നു കുട്ടികൾ പത്തു വയസ്സിനു താഴെയുള്ളവരാണ്.
മഴ ശക്തമായി തുടരുന്നതിനാൽ ഞായറാഴ്ച വൈകീട്ടോടെ വീടിനുള്ളിലും വെള്ളം കയറി. തൊഴിലുറപ്പും കൂലിവേലയുമാണ് കുടുംബാംഗങ്ങളുടെ ഉപജീവനമാർഗം. കാലപ്പഴക്കം ചേർന്ന വീടായതിനാൽ നിരവധി തവണ പഞ്ചായത്തിൽ അറ്റകുറ്റപ്പണി അപേക്ഷ കൊടുത്തെങ്കിലും ഇവരുടെ ആവശ്യം നിഷേധിക്കുകയായിരുന്നു. രണ്ടായിരത്തി രണ്ടിൽ അനുവദിച്ച മിച്ചഭൂമിയിലാണ് ഇവർ വീട് നിർമിച്ചിട്ടുള്ളത്. വെള്ളം കെട്ടി കിടക്കുന്നതിനാൽ വീട് തകർന്നു വീഴുമോ എന്ന ഭയവും വീട്ടുകാർക്കുണ്ട്. പഴഞ്ചിറയിൽനിന്ന് വരുന്നെള്ളത്തെ കൃഷി ആവശ്യങ്ങൾക്കുവേണ്ടി നിർമിച്ച ബണ്ട് തകർന്നതിനാലാണ് ഇവിടെ വെള്ളം കയറാൻ കാരണം. ഈ പ്രദേശത്തെ പല വീടുകളും വെള്ളപ്പൊക്ക ഭീഷണിയിലാണ്. കുട്ടികളെയും തങ്ങളുടെ വളർത്തുമൃഗങ്ങളെയും കൊണ്ട് എങ്ങോട്ടുപോകുമെന്ന ചിന്തയിലാണ് കുടുംബം.
കന്നുകാലി ഫാം വെള്ളത്തിൽ
ആറ്റിങ്ങൽ: കൊട്ടിയോട് വാഴപ്പള്ളി ലെയിനിൽ ബാബുവിെൻറ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന കന്നുകാലി ഫാമിൽ ശക്തമായ മഴയെ തുടർന്ന് വെള്ളം കയറി. കൗൺസിലർമാരായ എസ്. സുഖിൽ, വി.എസ്. നിതിൻ വളൻറിയർമാരായ പ്രശാന്ത് മങ്കാട്ട്, വിനീഷ്, ശരത്, അഖിൽ തുടങ്ങിയവർ വെള്ളക്കെട്ടിലൂടെ മുപ്പതോളം പശുക്കളെ സുരക്ഷിതമായി ഫാമിൽനിന്ന് സമീപത്തെ ഉയർന്ന പ്രദേശത്തേക്ക് മാറ്റി.
പണ്ടാരക്കരി പാടശേഖരത്ത് വെള്ളം കയറി; ഏക്കറുകണക്കിന് കൃഷി നശിച്ചു
നേമം: ശക്തമായ മഴയിൽ പണ്ടാരക്കരി പാടശേഖരത്തെ ഏക്കറുകണക്കിന് കൃഷി നശിച്ചു. 60 ഹെക്ടറോളം പ്രദേശത്ത് മുന്നൂറോളം കർഷകരാണ് ഇവിടെ പച്ചക്കറി കൃഷി ചെയ്തിരുന്നത്. 40 ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു. വെള്ളായണി കായൽ കുളവാഴകൾ നിറഞ്ഞുകിടക്കുകയാണ്. മഴയിൽ കായൽ നിറഞ്ഞ് കൃഷിയിടത്തിലേക്ക് വെള്ളം കയറുമെങ്കിലും അത് ഒഴുകിപ്പോകാൻ സംവിധാനമില്ല. കന്നുകാലിച്ചാൽ തോട് വഴിയാണ് വെള്ളം ഒഴുക്കിക്കളഞ്ഞുകൊണ്ടിരുന്നത്. ഇവിടെയും കുളവാഴ നിറഞ്ഞ് വെള്ളത്തിെൻറ ഒഴുക്ക് തടസ്സപ്പെട്ടതാണ് പ്രശ്നത്തിന് കാരണം. ഇതിന് അധികൃതർ നടപടിയൊന്നും സ്വീകരിക്കുന്നില്ല എന്നാണ് കർഷകരുടെ പരാതി. കൃഷിനാശം സംഭവിച്ച പാടശേഖരം ജില്ല പഞ്ചായത്ത് അംഗം ഫഹദ് റൂഫസ്, കൃഷി ഡപ്യൂട്ടി ഡയറക്ടർ ബൈജു സൈമൺ, കൃഷി ഓഫിസർ സ്വപ്ന, പാപ്പൻചാണി വാർഡ് അംഗം എസ്. പ്രീതാറാണി എന്നിവർ സന്ദർശിച്ചിരുന്നു. വെള്ളായണി കായൽ ബണ്ട് ഉയർത്തുന്നതിനുള്ള നടപടികൾ ഇറിഗേഷൻ അധികൃതർ സ്വീകരിക്കണമെന്നും ആവശ്യമുണ്ട്.
നെയ്യാർ കരകവിഞ്ഞു: നൂറിലധികം വീടുകളിൽ വെള്ളം കയറി
നെയ്യാറ്റിൻകര: നെയ്യാർ കരകവിഞ്ഞതോടെ നൂറിലധികം വീടുകളിൽ വെള്ളം കയറി. നെയ്യാർഡാം തുറന്നതോടെയാണ് നെയ്യാറിെൻറ കരകളിലെ താമസക്കാരെ ദുരിതത്തിലാക്കി വെള്ളം വീടുകളിൽ കയറിയത്. കനത്ത മഴ തുടർന്ന് നെയ്യാർ നിറഞ്ഞൊഴുകി നെയ്യാറ്റിൻകര നഗരസഭയിലെ വിവിധ പ്രദേശങ്ങൾ പൂർണമായും വെള്ളത്തിനടിയിലായി. മാമ്പഴക്കര മുതൽ പൂവാർ വരെയുള്ള താഴ്ന്നപ്രദേശങ്ങളിൽ പലയിടത്തും വെള്ളക്കെട്ട് ഉണ്ടായി. രാമേശ്വരം, കണ്ണംകുഴി, പാലക്കടവ്, ചെമ്പരത്തിവിള എന്നിവിടങ്ങളിലെല്ലാം വെള്ളം കയറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.