കാട്ടാക്കട: രണ്ടു ദിവസമായി പെയ്യുന്ന മഴക്ക് ഞായറാഴ്ച ലേശം ശമനമുണ്ടായെങ്കിലും ദുരിതം തുടരുന്നു. മഴയില്‍ മലയോര ഗ്രാമങ്ങളിലും വനമേഖലയിലും വ്യാപക നാശമാണുണ്ടായത്. താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി. ഏക്കറുകണക്കിന് പ്രദേശത്ത് കൃഷിനാശവും സംഭവിച്ചു. ഏലാകളില്‍ കൃഷി ചെയ്തിരുന്ന വാഴ, മരച്ചീനി, ഇഞ്ചി, വിവിധയിനം പച്ചക്കറികൾ എന്നിവ വെള്ളത്തിനടിയിലായി. പല സ്ഥങ്ങളിലും വീടുകൾക്കും ചെറിയതോതിൽ നാശമുണ്ടായി.
പേപ്പാറ-നെയ്യാർ ഡാമുകൾ തുറന്നതോടെ കരമനയാറും നെയ്യാറും കരകവിഞ്ഞൊഴുകി. ഇതോടെ, ഈ നദികളുടെ കരയിലുള്ള താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി. ആര്യനാട് പഞ്ചായത്തിലെ കോട്ടയ്ക്കകം കല്ലുപാലം തോട് കരകവിഞ്ഞൊഴുകി തേരിവാരുകുന്ന്, മീനാങ്കൽ, കരിപ്പാലം, കൊക്കോട്ടേല, ഈഞ്ചപ്പുരി, ചെറുമഞ്ചൽ, ഇരിഞ്ചൽ, ചൂഴ മഞ്ചിറ ഏല, ഇറവൂർ ഏല എന്നിവിടങ്ങളിൽ വെള്ളം കയറി വ്യാപക കൃഷി നാശമുണ്ടായി. വിവിധ പ്രദേശങ്ങളിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് വി. വിജുമോഹെൻറ നേതൃത്വത്തിലെത്തി സ്ഥിതി വിലയിരുത്തി.
കുറ്റിച്ചൽ പഞ്ചായത്തിലെ നിലമ, പരുത്തിപ്പള്ളി, പേഴുംമൂട്, ഉത്തരംകോട്, കോട്ടൂർ, വാഴപ്പള്ളി തുടങ്ങിയ പ്രദേശങ്ങളിലും തോടുകൾ കരകവിഞ്ഞ് താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. നെയ്യാർഡാമിന് സമീപം അനിൽകുമാറിെൻറ വീടിെൻറ മുന്നിലുണ്ടായിരുന്ന കിണർ ഇടിഞ്ഞുതാണു. മുള്ളിലവിൻമൂട് പൂച്ചക്കണ്ണി വയലിലെ വെള്ളക്കെട്ട് ജനങ്ങൾക്ക് ഭീഷണിയായി. ഇവിടെയുള്ള വീട്ടുകാർക്ക് വീടിന് പുറത്തിറങ്ങാൻ കഴിയാത്ത സ്ഥിതിയുണ്ടായി.
കള്ളിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പന്ത ശ്രീകുമാറിെൻറ നേതൃത്വത്തിൽ മണ്ണു മാന്തിയന്ത്രം ഉപയോഗിച്ച് വെള്ളം പുറത്തേക്ക് ഒഴുക്കി. ഇതോടെ, ഈ പ്രദേശത്ത് നിലനിന്നിരുന്ന വെള്ളക്കെട്ട് പ്രശ്നത്തിന് പരിഹാരമായി.മൂഴി-കല്ലംപൊറ്റ റോഡിലും മണ്ഡപത്തിൻ കടവ് റോഡിലും വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു.
കോട്ടൂർ അഗസ്ത്യവനപ്രദേശത്ത് നീർച്ചാലുകളിൽ ഉൾപ്പെടെ ശക്തമായ നീരൊഴുക്കായതോടെ വനപ്രദേശം ഒറ്റപ്പെട്ടു. വനത്തിനുള്ളിലെ റോഡുകളിലെല്ലാം വെള്ളം നിറഞ്ഞ് തിരിച്ചറിയാനാകാത്ത സ്ഥിതിയാണ്. വനമേഖലയിലേക്ക് വാഹനങ്ങൾക്ക് വനം വകുപ്പ് അധികൃതർ നിയന്ത്രണമേർപ്പെടുത്തി. കേരള-തമിഴ്നാട് അതിർത്തിയായ കതിരുമുടി നെല്ലിമുട്ടിപ്പാറയിൽ ഉരുൾപൊട്ടിയതായി വിവരമുണ്ട്.
കുടുംബത്തെ ഫയർേഫാഴ്സ് രക്ഷിച്ചു
നെയ്യാറ്റിൻകര: ഓലത്താന്നിയിൽ വെള്ളപ്പൊക്കത്തിലകപ്പെട്ട കുടുംബത്തെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി. നാരകംകുഴി പുത്തൻവീട്ടിൽ മോഹനകുമാർ (വിജയൻ), ഭാര്യ ഉഷ, മക്കളായ ആൻസി, അഖിൽ എന്നിവരെയാണ് ഫയർഫോഴ്സ് കരക്കെത്തിച്ചത്. നെയ്യാറ്റിൻകര സ്റ്റേഷൻ ഓഫിസർ എസ്.ബി. രൂപേഷിെൻറയും പാറശ്ശാല സ്റ്റേഷൻ ഓഫിസർ കെ.വി. സുനിൽകുമാറിെൻറയും നേതൃത്വത്തിലുള്ള ഫയർ ആൻഡ് റെസ്ക്യൂ സംഘത്തിൽ സിവിൽ ഡിഫൻസ് അംഗങ്ങളും പങ്കാളികളായി. വിജയനെയും കുടുംബത്തെയും പിന്നീട് ദുരിതാശ്വാസ കേന്ദ്രത്തിലേക്ക് മാറ്റി.
വീടുകള്‍ തകര്‍ച്ചാഭീഷണിയില്‍; കുടുംബാംഗങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു
വെഞ്ഞാറമൂട്: വീടുകള്‍ തകര്‍ച്ചാഭീഷണിയിലായതോടെ പഞ്ചായത്ത് അധികൃതരെത്തി കുടുംബാംഗങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. നെല്ലനാട് പഞ്ചായത്തിലെ മക്കാംകോണം പട്ടികജാത കോളിനിയിലെ ആറ് കുടുംബങ്ങളിലെ 30 പേരെയാണ് പഞ്ചായത്ത് അധികൃതരെത്തി സമീപത്തെ വാമനപുരം ബ്ലോക്ക് പഞ്ചായത്തിെൻറ കീഴിലുള്ള പ്രീ മെട്രിക് ഹോസ്റ്റലിലേക്ക് മാറ്റിയത്. കാലപ്പഴക്കത്താല്‍ ജീര്‍ണാവസ്ഥയിലായിരുന്നു വീടുകള്‍.
അടുത്ത പുരയിടത്തില്‍ നിന്നും കനത്തമഴയില്‍ വെള്ളം ഒലിച്ചിറങ്ങി വീടുകളില്‍ കയറുകയും ഏത് നിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലെത്തുകയും ചെയ്തു. ഇതോടെ ഭീതിയിലായ വീട്ടുകാര്‍ പഞ്ചായത്തില്‍ വിവരമറിയിക്കുകയും അധികൃതരെത്തി വീട്ടുകാരെ പ്രീ മെട്രിക് ഹോസ്റ്റലിലേക്ക് മാറ്റുകയുമായിരുന്നു.
നെടുമങ്ങാട് താലൂക്കിൽ 15ലേറെ വീടുകൾ തകർന്നു
നെടുമങ്ങാട്: ശക്തമായ മഴയിൽ താലൂക്കിലെ പതിനഞ്ചിലേറെ വീടുകൾക്ക് നാശം. മണ്ണിടിഞ്ഞുവീണാണ് പലയിടത്തും വീടുകൾ തകർന്നത്. നഗരസഭയിൽ കരിപ്പൂര്‍ കടൂക്കോണത്തിൽ തകർന്ന അൻഷാദിെൻറ വീട്, പനവൂർ പഞ്ചായത്തിലെ പനയമുട്ടം മലയക്കോണം വിദ്യാഭാവനിൽ പരമേശ്വരൻ നായരുടെ വീട് എന്നിവ തകർന്നവയിൽപെടുന്നു. നഗരസഭ ചെന്തുപ്പൂര് മരിയ നഗർ സുരേഷിെൻറ വീടിെൻറ സംരക്ഷണഭിത്തിയും തകർന്നു.
മഴക്കെടുതി: ആശ്വാസ നടപടികൾ സ്വീകരിക്കാൻ നിർദേശം
നെടുമങ്ങാട്: മഴയെ തുടർന്നുണ്ടായ നാശനഷ്ടങ്ങളിൽ ജനങ്ങൾ പരിഭ്രാന്തരാകേണ്ട കാര്യമില്ലെന്നും കൂടുതൽ അപകടങ്ങൾ ഒഴിവാക്കാൻ ജനങ്ങൾ ശക്തമായ ജാഗ്രത പുലർത്തണമെന്നും മന്ത്രി ജി.ആർ. അനിൽ പറഞ്ഞു. ആശ്വാസ നടപടികൾ സ്വീകരിക്കാൻ മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
നെടുമങ്ങാട്ട് മഴയിൽ മണ്ണിടിഞ്ഞുവീണ് അപകടമുണ്ടായ കരിപ്പൂര്‍, കാവുംമൂല, കടൂകോണം തുടങ്ങിയ പ്രദേശങ്ങൾ സന്ദർശിച്ച ശേഷം നെടുമങ്ങാട് താലൂക്ക് ഓഫിസിൽ വിളിച്ചുചേർത്ത ഉദ്യോഗസ്ഥ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. വ്യാപകമായി ഉണ്ടാകുന്ന മണ്ണിടിച്ചിൽ മൂലം വീട്ടുകാർക്കുണ്ടാകുന്ന ബുദ്ധിമുട്ട് പരിഹരിക്കണം. മണ്ണ് നീക്കം ചെയ്യുന്നതിന് അടിയന്തര നടപടി സ്വീകരിക്കുക, അപകട ഭീഷണിയിലുള്ള മരങ്ങൾ മുറിച്ചുമാറ്റുക തുടങ്ങിയ നിർദേശങ്ങളും യോഗത്തിൽ നൽകി. ജീവനും സ്വത്തിനും ഭീഷണിയായി വരുന്ന സംഭവങ്ങൾ എല്ലാ വില്ലേജ് ഓഫിസർമാരും നേരിൽ പരിശോധിക്കുകയും ഇക്കാര്യം യഥാസമയം അതാത് എം.എൽ.എമാരെയും തഹസിൽദാരെയും അറിയിക്കണമെന്നും മന്ത്രി നിർദേശിച്ചു.
ഭാഗികമായി അപകടാവസ്ഥയിലുള്ള വീടുകളിൽ താമസിക്കുന്നവർക്ക് അനുയോജ്യമായ ബന്ധുവീടുകളിലോ, ക്യാമ്പുകളിലെ താമസിക്കുന്നതിനുള്ള സൗകര്യങ്ങൾ ഉദ്യോഗസ്ഥർ ചെയ്യണം. ഭാഗികമായി തകർന്ന വീടുകൾ ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി അവർക്ക് പുതിയ വീട് ലഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കണം. വീട് നഷ്്ടപ്പെട്ടവർക്കും മറ്റ് അപകടം സംഭവിച്ചവർക്കും ധനസഹായം എത്രയും വേഗം ലഭ്യമാക്കണമെന്നും ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. മഴക്കെടുതി തുടരുന്നുവെങ്കിൽ എല്ലാ വകുപ്പുതല മേധാവികളെയും ഉൾപ്പെടുത്തി കോർ കമ്മിറ്റി രൂപവത്കരിക്കുന്നതിന് വീണ്ടും യോഗം ചേരണമെന്നും മന്ത്രി പറഞ്ഞു. ഡി.കെ. മുരളി എം.എൽ.എ, നെടുമങ്ങാട് തഹസിൽദാർ, വില്ലേജ് ഓഫിസർമാർ എന്നിവരും യോഗത്തിൽ പങ്കെടുത്തു.
കനത്ത മഴ: വീട്ടുമുറ്റത്തെ കിണര്‍ ഇടിഞ്ഞുതാണു
വെള്ളറട: പെരുങ്കടവിള ഗ്രാമപഞ്ചായത്തിലെ പാല്‍ക്കുളങ്ങര വാര്‍ഡില്‍ മഴയിൽ വ്യാപക നാശം. കുഴിവിള 'രോഹിണി'യില്‍ ശാരദയുടെ വീട്ടുമുറ്റത്തെ കിണര്‍ ഇടിഞ്ഞുതാണു. കോട്ടറത്തല അമ്പിളിയുടെ വീട്ടിലേക്ക് വെള്ളം ഇരച്ചുകയറി പാര്‍ശ്വഭിത്തി ഒലിച്ചുപോയി. ഇത് വീടിനു ഭീഷണിയായി. തോരാത്ത മഴയില്‍ പച്ചക്കറിത്തോട്ടങ്ങള്‍ പൂര്‍ണമായി വെള്ളത്തിലായി. വാഴവിള ഷീബാഭവനില്‍ സി. ലീലയുടെ വീടും ഭാഗികമായി തകര്‍ന്നു. മഴക്കെടുതി നേരിട്ട വാര്‍ഡിലെ വിവിധ പ്രദേശങ്ങള്‍ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എസ്. സുരേന്ദ്രന്, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്മാന് കാനക്കോട് ബാലരാജ് തുടങ്ങിയവർ സന്ദര്‍ശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.