തിരുവനന്തപുരം: നഗരത്തിലെ താഴ്ന്നപ്രദേശങ്ങളെ വെള്ളത്തിലാക്കിയും നഗരവാസികൾക്ക് ദുരിതം വിതച്ചും പെരുമഴ. വൈകുന്നേരം മുതൽ ആരംഭിച്ച മഴ മണിക്കൂറുകളോളം നീണ്ടു. കനത്ത ഇടിയും മിന്നലും പല തരത്തിലുള്ള നാശനഷ്ടങ്ങളുമുണ്ടാക്കി. മണിക്കൂറുകൾ നീണ്ട മഴയിൽ നഗരത്തിലെ താഴ്ന്ന പ്രദേശങ്ങൾ പലതും വെള്ളത്തിനടിയിലായി. റോഡുകളിൽ വെള്ളം കെട്ടിയതിനെ തുടർന്ന് പലയിടങ്ങളിലും ഗതാഗതവും താറുമാറായി.
പേട്ട, ചാക്ക, ഊറ്റുകുഴി ജങ്ഷൻ, പ്രസ്ക്ലബ് പരിസരം, തമ്പാനൂർ, കണ്ണമ്മൂല തുടങ്ങിയ പ്രദേശങ്ങളിൽ വെള്ളക്കെട്ടുകൾ രൂപപ്പെട്ടു. മഴക്കൊപ്പമുണ്ടായ കാറ്റിൽ പലയിടങ്ങളിലും മരങ്ങൾ കടപുഴകി. പേരൂർക്കട, പേട്ട, ശാസ്തമംഗലം, വട്ടിയൂർക്കാവ്, ഒാവർബ്രിഡ്ജ്, പി.ടി.പി നഗർ, കുടപ്പനക്കുന്ന്, മരുതംകുഴി എന്നിവിടങ്ങളിലാണ് മരങ്ങൾ കടപുഴകി വീണത്. പേരൂർക്കട ജില്ലആശുപത്രി കെട്ടിടത്തിന് മുകളിൽ മരം വീണു. ഫയർഫോഴ്സ് എത്തി മരം മുറിച്ചുനീക്കി. ചിറ്റാറ്റിൻകരയിൽ മതിലിടിഞ്ഞുവീണ് വീടിന് കേടുപാട് സംഭവിച്ചു.
കഴക്കൂട്ടം, നേമം എന്നിവിടങ്ങളിൽ കൃഷിനാശവുമുണ്ടായി. ദേശീയപാത ബൈപാസിലെ ഇടറോഡിലെ ഓട നിറഞ്ഞുകവിഞ്ഞ് ഒഴുകിയത് മൂലം കുളത്തൂരിലും കഴക്കൂട്ടം പാലസ് നഗറിലെ റോഡിലും ഗതാഗതം തടസ്സപ്പെട്ടു. ആറ് കരകവിഞ്ഞ് അരശുംമൂട്, ആറ്റിപ്ര മേഖലകളിൽ വെള്ളം കയറി.
തമ്പാനൂരിൽ വെള്ളം കയറിയതിനെ തുടർന്ന് റോഡ് ഗതാഗതം തടസ്സപ്പെട്ടു. പലയിടങ്ങളിലേയും ഒാടകൾ വൃത്തിയാക്കിയിട്ട് മാസങ്ങൾ കഴിഞ്ഞതിനാൽ ഇവിടങ്ങളിൽ വെള്ളം നിറഞ്ഞ് റോഡിലേക്ക് ഒഴുകുകയായിരുന്നു. പലയിടങ്ങളിലും മരങ്ങൾ വീണതിനാൽ വൈദ്യുതി, കേബിൾ ടി.വി കണക്ഷനുകൾ വിച്ഛേദിക്കപ്പെട്ടു.
ചിലയിടങ്ങളിൽ രാത്രി വൈകിയും വൈദ്യുതിബന്ധം പുനഃസ്ഥാപിക്കപ്പെട്ടിട്ടില്ല. തകർത്തുെപയ്ത മഴ ഏറെ ദുരിതം സൃഷ്ടിച്ചത് കാൽനടയാത്രക്കാർക്കും ഇരുചക്രവാഹന യാത്രികർക്കുമായിരുന്നു. വേനലിലെ ഒറ്റപ്പെട്ട മഴയാണ് തിങ്കളാഴ്ചയുണ്ടായതെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുള്ളത്. അപ്രതീക്ഷിതമായി തകർത്ത് പെയ്ത മഴയായിരുന്നതിനാൽ റമദാൻ വ്രതാരംഭം, വിഷു എന്നിവ ലക്ഷ്യമിട്ടുള്ള കച്ചവടത്തെയും സാരമായി ബാധിച്ചു.
ചൊവ്വാഴ്ചയും മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിെൻറ മുന്നറിയിപ്പ്. ചിലയിടങ്ങളിൽ കടലാക്രമണ ഭീഷണിയും നിലവിലുണ്ട്. കേരളതീരത്ത് കടലിൽ മണിക്കൂറിൽ 40 മുതൽ 50 കി.മീറ്റർ വേഗത്തിൽ കൂടിയ ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും ജാഗ്രത പാലിക്കണമെന്ന നിർേദശമുണ്ട്.
സമയവും കാലവും നോക്കിനിന്നതോടെ നഗരസഭയുടെ മഴക്കാല പൂർവ ശുചീകരണപ്രവർത്തനങ്ങൾ വെള്ളത്തിലായി. ആമയിഴഞ്ചാൻ തോടിലെ മാലിന്യം നീക്കം ചെയ്തുകൊണ്ട് മേയർ ആര്യാ രാജേന്ദ്രൻ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചെങ്കിലും കഴിഞ്ഞ ദിവസങ്ങളിലും തിങ്കളാഴ്ചയും വൈകീട്ടും പെയ്ത ഇടിവെട്ട് മഴയിൽ നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളടക്കം മാലിന്യത്തിൽ മുങ്ങി.
കോവിഡിന്റെ രണ്ടാംവരവിന് പിന്നാലെ പകർച്ചാവ്യാധി ഭീഷണിയിലേക്കും ഇത്തരമൊരു അവസ്ഥ നഗരവാസികളെ തള്ളിയിട്ടിരിക്കുകയാണ്. വേനൽമഴയുടെ വരവ് മുന്നിൽ കണ്ട് ഫെബ്രുവരി- മാർച്ച് മാസങ്ങളിൽതന്നെ നഗരത്തിലെ 100 വാർഡുകളിലും മഴക്കാല ശുചീകരണപ്രവർത്തനങ്ങൾ ആരംഭിക്കണമെന്ന് പ്രതിപക്ഷ കൗൺസിലർമാർ ആവശ്യപ്പെട്ടിട്ടും അത് വകവെക്കാതെയുള്ള ഭരണസമിതിയുടെ നിസ്സംഗതയാണ് ഓടകളടക്കം നിറഞ്ഞ് റോഡിലേക്കും വീടുകളിലേക്കും സ്ഥാപനങ്ങളിലേക്കും കയറാനും ഇടവരുത്തിയത്. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കാണ് മേയറടക്കമുള്ളവർ മുൻഗണന നൽകിയത്.
അതേസമയം അടുത്ത അഞ്ച് ദിവസം ജില്ലയിൽ ഇടിയോടുകൂടിയ മഴക്ക് സാധ്യതയുണ്ടെന്ന കാലാവസ്ഥ പ്രചവനം നിലനിൽക്കെ നഗരസഭയുടെ മഴക്കാല പൂർവ ശുചീകരണ പ്രവർത്തനത്തിന് മേയർ ആര്യാ രാജേന്ദ്രൻ തിങ്കളാഴ്ച തുടക്കം കുറിച്ചു. ആമയിഴഞ്ചാൻ തോട് നവീകരിച്ചായിരുന്നു ഉദ്ഘാടനം. ഓരോ വർഷവും കൊട്ടിഗ്ഘോഷിച്ച് ഉദ്ഘാടനം നടത്തിയും കോടികൾ ചെലവഴിച്ച് തോട്ട് വൃത്തിയാക്കിയിട്ടും മാലിന്യം തുടരുന്നതിൽ നാട്ടുകാർ ഉദ്യോഗസ്ഥരെ അതൃപ്തി അറിയിച്ചു.
ഇത്തവണ തോട് വൃത്തിയാക്കാൻ നഗരസഭ ചെലവഴിക്കുന്നത് 30 ലക്ഷമാണ്. കൃത്യമായ ആസൂത്രണമില്ലായ്മയാണ് തോട് വീണ്ടും വൃത്തിഹീനമാകാൻ കാരണമെന്ന് നാട്ടുകാർ ആരോപിച്ചു.100 വാർഡുകളിലും ശുചീകരണപ്രവർത്തനങ്ങൾ ഇന്നലെമുതൽ ആരംഭിച്ചിട്ടുണ്ട്. ആഴ്ചയിലൊരു ദിവസം ൈഡ്ര ഡേ ആചരിക്കാനും മാലിന്യം വലിച്ചെറിയാതിരിക്കാനും ജലാശയങ്ങൾ മലിനമാക്കാതിരിക്കാനും ജനം സഹകരിക്കണമെന്നും മേയർ ആവശ്യപ്പെട്ടു.
വരും ദിവസങ്ങളിൽ കാമ്പയിെൻറ ഭാഗമായി നഗരത്തിലെ മാലിന്യം പൂർണമായി നീക്കുകയും ഓടകളും നീരുറവകളും തോടുകളും ശുചീകരിക്കുകയും ചെയ്യും. ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യം നീക്കംചെയ്ത് നഗരത്തിലെ വെള്ളപ്പൊക്കം ഒഴിവാക്കാൻ നഗരസഭ പ്രത്യേക പദ്ധതി തയാറാക്കിയിട്ടുണ്ട് . സെപ്റ്റേജ് മാലിന്യം നീക്കുന്നതിന് ജനങ്ങൾ നഗരസഭയുടെ ഓൺലൈൻ സംവിധാനത്തെ പൂർണമായും ഉപയോഗിക്കണം.
- ആര്യ രാജേന്ദ്രൻ (മേയർ)
കഴിഞ്ഞ കൗൺസിലിൽപോലും മഴക്കാല പൂർവ ശുചീകരണം അടിയന്തരമായി ആരംഭിക്കണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടതാണ്. എന്നാൽ, തെരഞ്ഞെടുപ്പ് തിരക്കിലായതിനാൽ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റിയോ മേയറോ ഇക്കാര്യത്തിൽ ശ്രദ്ധിച്ചില്ല. ഇത് ഗുരുതര വീഴ്ചയാണ്. മാർച്ചിലെങ്കിലും ശുചീകരണപ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നെങ്കിൽ മാത്രമേ വെള്ളക്കെട്ടുകളും കൊതുക് നശീകരണവും ഒഴിവാക്കാൻ സാധിക്കുമായിരുന്നുള്ളൂ. മുൻകാലങ്ങളിൽ പ്രത്യേക ഫണ്ട് അനുവദിച്ച് പുറത്തുനിന്നടക്കം ആളുകളെ കൊണ്ടുവന്നായിരുന്നു ശുചീകരണപ്രവർത്തനങ്ങൾ. ഇത്തവണ അത്തരമൊരു ഫണ്ട് അനുവദിച്ചിട്ടില്ല.
- എം.ആർ. ഗോപൻ (ബി.ജെ.പി പാർലമെൻററി പാർട്ടി ലീഡർ)
മഴക്കാലപൂർവ ശുചീകരണം ആരംഭിക്കേണ്ടത് മാർച്ചിലാണ്. ഇപ്രാവശ്യം തെരഞ്ഞെടുപ്പിെൻറ തിരക്കുകളിൽ ഭരണസമിതി അത്തരം പ്രവർത്തനങ്ങളെ അട്ടിമറിക്കുകയായിരുന്നു. ഇതുസംബന്ധിച്ച് യു.ഡി.എഫ് നിരവധി തവണ മേയറോടും സെക്രട്ടറിയോടും ആവശ്യപ്പെട്ടിടും ഒരിഞ്ചുപോലും അവ വകവെക്കാതെ പോയതിെൻറ പരിണതഫലമാണ് ഇപ്പോൾ അനുഭവിക്കുന്നത്. ചെറിയ മഴപോലും നഗരത്തിന് താങ്ങാൻ കഴിയുന്നില്ല.
പി. പത്മകുമാർ (യു.ഡി.എഫ് പാർലമെൻററി പാർട്ടി ലീഡർ)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.