നാഗർകോവിൽ: അച്ചടിവിദ്യ തെക്കൻ തിരുവിതാംകൂറിൽ എത്തിയിട്ട് രണ്ടുനൂറ്റാണ്ട്. ലണ്ടൻ മിഷനറി സൊസൈറ്റിയുടെ (എൽ.എം.എസ്) കാർമികത്വത്തിൽ നാഗർകോവിലിൽ 1821 ഏപ്രിൽ ഒന്നിനാണ് തിരുവിതാംകൂറിലെ ആദ്യ പ്രസ് പ്രവർത്തനമാരംഭിച്ചത്.
എൽ.എം.എസ് പ്രതിനിധിയായി നാഗർകോവിലിൽ എത്തിയ ജർമൻ മിഷനറി വില്യം തോബിയാസ് റിംഗൽതൂബേ മൈലാടിയിൽ അവർണർക്കായി ആരാധനാലയത്തിനൊപ്പം ആദ്യ വിദ്യാലയവും സ്ഥാപിച്ചിരുന്നു. പിന്നാലെ പാഠപുസ്തകങ്ങൾ അച്ചടിക്കാൻ സഹായം തേടി ലണ്ടനിലെ എൽ.എം.എസ് ആസ്ഥാനത്തേക്ക് അദ്ദേഹം അപേക്ഷിച്ചു. അങ്ങനെയാണ് അച്ചടി കേന്ദ്രം സ്ഥാപിക്കുന്നതിനുള്ള പാത തുറന്നത്. റിംഗൽതൂബേക്ക് ശേഷം 1817ൽ എൽ.എം.എസിന്റെ ചുമതല ഏറ്റെടുത്ത ചാൾസ് മീഡ് എൽ.എം.എസ് കേന്ദ്രം മൈലാഡിയിൽനിന്നും നാഗർകോവിലിലേക്ക് മാറ്റി.
ഇന്ന് വിമൻസ് ക്രിസ്ത്യൻ കോളജ് സ്ഥിതിചെയ്യുന്ന സ്ഥലത്ത് തിരുവിതാംകൂർ റീജൻറ് ഭരണാധികാരി ഗൗരി പാർവതിബായി നൽകിയ സർക്യൂട്ട് ഹൗസിലായിരുന്നു ചാൾസ് മീഡിെൻറ താമസം. അവിടത്തെ ഒരു മുറിയിലാണ് 1820ൽ തരംഗംപാടിയിൽനിന്ന് കൊണ്ടുവന്ന അച്ചടിയന്ത്രം സ്ഥാപിച്ചത്. തുടർന്ന് 1821 ഏപ്രിലിൽ ഒന്നിന് ലണ്ടൻ മിഷൻ പ്രസ് എന്ന പേരിൽ പ്രവർത്തനം തുടങ്ങി.
ഹോപ്കിൻസൺകോപ് എൻജിനിയേഴ്സ് ലണ്ടൻ എന്ന കമ്പനിയുടേതായിരുന്നു പ്രസ്. 'ആത്മബോധകം' എന്ന പുസ്തമാണ് ആദ്യമായി ഇവിടെ അച്ചടിച്ചത്. തുടർന്ന് മതഗ്രന്ഥങ്ങൾ, മാസികകൾ, ലഘുലേഖകൾ, പാഠപുസ്തകങ്ങൾ എന്നിവ തിമിഴ്, മലയാളം ഇംഗ്ലീഷ് ഭാഷകളിൽ അച്ചടിച്ചു. ഹിന്ദിയിലും പുസ്തകങ്ങൾ അച്ചടിച്ചിട്ടുണ്ട്. ലണ്ടനിൽ നിന്നാണ് അച്ചടിക്ക് ആവശ്യമായ പേപ്പർ, അച്ചുകൾ ഉൾപ്പെടെ സാധനങ്ങൾ എത്തിച്ചത്.
ചാൾസ് മീഡ് 1830ൽ കന്യാകുമാരി ജില്ലയിലെ നെയ്യൂരിലും തുടർന്ന് 1831ൽ കൊല്ലത്തും അച്ചടികേന്ദ്രം സ്ഥാപിച്ചു. 1855ൽ ഈ രണ്ട് പ്രസുകളും സൗകര്യത്തിനായി നാഗർകോവിലിൽ തിരികെ കൊണ്ടുവന്നു. 1967 മുതൽ സി.എസ്.ഐ രൂപത പ്രസ് എന്നാണ് അറിയപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.