പോത്തൻകോട്: വാഹന ഷോറൂമിലുണ്ടായ വൻ തീപിടിത്തത്തിൽ പുതിയ ബസ് ഉൾപ്പെടെ മൂന്നു വാഹനങ്ങൾ പൂർണമായി നശിച്ചു. തോന്നയ്ക്കലിൽ പ്രവർത്തിക്കുന്ന ഐഷർ കമ്പനിയുടെ അംഗീകൃത ഷോറൂമിലാണ് തിങ്കളാഴ്ച വൈകീട്ട് മൂന്നോടെ തീപിടിത്തമുണ്ടായത്. സർവിസ് സെൻററിൽ അറ്റകുറ്റപ്പണിക്കായി എത്തിച്ച മിനിലോറിയിൽനിന്നാണ് ആദ്യം തീപടർന്നത്. തുടർന്ന് തൊട്ടടുത്ത് കിടന്ന പുതിയ ബസിലേക്ക് തീ ആളിപ്പടരുകയായിരുന്നു. അപകടത്തിൽ മൂന്നു വാഹനങ്ങൾ പൂർണമായി കത്തിനശിക്കുകയും സർവിസിനായി എത്തിച്ച തിരുവനന്തപുരത്തെ സ്വകാര്യ നഴ്സിങ് കോളജിന്റെ ബസിന് ഭാഗിക കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. അപകടത്തെ തുടർന്ന് വെഞ്ഞാറമൂട്, കല്ലമ്പലം, കഴക്കൂട്ടം ആറ്റിങ്ങൽ, ചാക്ക എന്നിവിടങ്ങളിൽനിന്ന് അഞ്ച് അഗ്നിരക്ഷാ യൂനിറ്റുകളെത്തി മണിക്കൂറുകൾ രക്ഷാപ്രവർത്തനം നടത്തിയാണ് തീ കെടുത്തിയത്. ആറ്റിങ്ങൽ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ പൊലീസും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി. വേണ്ടത്ര സുരക്ഷാ മുൻകരുതലുകൾ ഇല്ലാത്തതാണ് അപകടം ഉണ്ടാകാൻ കാരണമെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു. 50 ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായതായി സ്ഥാപനത്തിന്റെ മാനേജർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.