തമ്പാനൂർ ബസ്സ്റ്റേഷനിൽ സി.സി ടി.വി വേണമെന്ന് മനുഷ്യാവകാശ കമീഷൻ

തിരുവനന്തപുരം: തമ്പാനൂർ ബസ് സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ സി.സി ടി.വി സ്ഥാപിക്കണമെന്ന് മനുഷ്യാവകാശ കമീഷൻ. സ്റ്റേഷനോട് ചേർന്നുള്ള പൊലീസ് എയ്ഡ് പോസ്റ്റിൽ രാത്രികാലങ്ങളിൽ ഉൾപ്പെടെ പൊലീസിന്റെ സാന്നിധ്യം ഉറപ്പാക്കണമെന്നും കമീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു.

സാമൂഹിക വിരുദ്ധരുടെ സാന്നിധ്യം ബസ് സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ ഇല്ലെന്ന് ഉറപ്പാക്കണമെന്നും കമീഷൻ ഉത്തരവിൽ ആവശ്യപ്പെട്ടു. കെ.എസ്.ആർ.ടി.സി മാനേജിങ് ഡയറക്ടർക്കും തമ്പാനൂർ പൊലീസ് ഇൻസ്പെക്ടർക്കുമാണ് കമീഷൻ നിർദേശം നൽകിയത്.

തമ്പാനൂർ കെ.എസ്.ആർ.ടി.സി ടെർമിനൽ മോഷ്ടാക്കളുടെ താവളമാകുന്നെന്ന് ആരോപിച്ച് സമർപ്പിച്ച പരാതിയിലാണ് നടപടി. കെ.എസ്.ആർ.ടി.സി മാനേജിങ് ഡയറക്ടറിൽനിന്ന് കമീഷൻ റിപ്പോർട്ട് വാങ്ങി. തമ്പാനൂർ ബസ് സ്റ്റേഷനിൽ പകലും രാത്രിയും ഓരോ ഗാർഡിനെ വീതം നിയമിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.

എന്നാൽ, ബസ് സ്റ്റേഷനോട് ചേർന്നുള്ള പൊലീസ് എയ്ഡ്പോസ്റ്റിൽ എല്ലാദിവസവും രാത്രികാലങ്ങളിൽ പൊലീസ് സാന്നിധ്യം ഉണ്ടാകാറില്ലെന്ന് റിപ്പോർട്ടിലുണ്ട്. യാത്രക്കാർ ഉപയോഗിക്കേണ്ട കസേരകളും പ്ലാറ്റ്ഫോമും മദ്യപന്മാർ ഉറങ്ങുന്നതിനായി ഉപയോഗിക്കാറുണ്ട്.

ഇവരെ നിയന്ത്രിക്കുന്നതിന് കോർപറേഷൻ ഗാർഡിന് സാധിക്കാതെ വരാറുണ്ട്. മദ്യലഹരിയിൽ ഉറങ്ങിക്കിടക്കുന്നവരുടെയും മറ്റു യാത്രക്കാരുടെയും ബാഗ്, പഴ്സ്, ഫോൺ തുടങ്ങിയവ നഷ്ടപ്പെടുന്ന സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഈ വിവരം തമ്പാനൂർ പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫിസറുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

യാത്രക്കാർക്ക് പൂർണ സുരക്ഷ ഉറപ്പാക്കാനുള്ള ഉത്തരവാദിത്തം കെ.എസ്.ആർ.ടി.സിക്കും പൊലീസ് അധികാരികൾക്കുമുണ്ടെന്ന് കമീഷൻ ചൂണ്ടിക്കാട്ടി.

മനുഷ്യാവകാശ പ്രവർത്തകനായ രാഗം റഹിം സമർപ്പിച്ച പരാതിയിലാണ് നടപടി. സ്വീകരിച്ച നടപടികൾ കെ.എസ്.ആർ.ടി.സി എം.ഡിയും തമ്പാനൂർ പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫിസറും രണ്ടു മാസത്തിനകം കമീഷൻ ഓഫിസിൽ സമർപ്പിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.

Tags:    
News Summary - Human Rights Commission wants CCTV in thampanoor bus station

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.