തിരുവനന്തപുരം: കൂട്ടിലേക്ക് മാറ്റുന്നതിനിടെ മൃഗശാലയിൽനിന്ന് പുറത്തുചാടിയ ഹനുമാൻ കുരങ്ങിനെ ഉപേക്ഷിക്കാൻ തീരുമാനം. 12 ദിവസം കഴിഞ്ഞിട്ടും കുരങ്ങ് മൃഗശാലയിലേക്ക് മടങ്ങിവരാത്തതും സാഹസികമായി പിടികൂടേണ്ടെന്ന മ്യൂസിയം-മൃഗശാല വകുപ്പിന്റെ തീരുമാനവും കണക്കിലെടുത്താണിത്. പഠിച്ചപണി പതിനെട്ടും പയറ്റിയിട്ടും കുരങ്ങിനെ തിരികെ കൂട്ടിലെത്തിക്കാൻ മൃഗശാല അധികൃതർക്ക് കഴിഞ്ഞില്ല.
മയക്കുവെടിയോ മറ്റ് രീതികളോ അവലംബിച്ച് പിടികൂടിയാൽ കുരങ്ങിന്റെ ജീവന് അപകടമുണ്ടാക്കിയേക്കുമെന്ന ഉപദേശങ്ങൾകൂടി കണക്കിലെടുത്താണിത്. തിരുപ്പതി സുവോളജിക്കൽ പാർക്കിൽനിന്ന് കൊണ്ടുവന്ന രണ്ട് ഹനുമാൻ കുരങ്ങുകളിൽ പെൺകുരങ്ങാണ് ചാടിക്കടന്നത്.
ആൺകുരങ്ങ് മൃഗശാലയിൽ സുരക്ഷിതനാണ്. ചാടിപ്പോയ പെൺകുരങ്ങിനെ വരുതിയിലാക്കാൻ ഇണയെ കാണിച്ചിട്ടും ഇഷ്ടഭക്ഷണം വെച്ചിട്ടും കഴിഞ്ഞില്ല. ചാടിക്കടന്ന കുരങ്ങൻ മൃഗശാലക്ക് പുറത്ത് കനകനഗർ, നളന്ദ, കന്റോൺമെന്റ് ഹൗസ് വളപ്പ്, മാസ്ക്കറ്റ് ഹോട്ടൽ പരിസരം എന്നിവിടങ്ങൾ കറങ്ങി ഒടുവിൽ പബ്ലിക് ലൈബ്രറി വളപ്പിലാണ് തമ്പടിച്ചിരിക്കുന്നത്.
ഇവിടെ ആൽമരത്തിൽ വെള്ളിയാഴ്ച രാവിലെ മുതൽ ഇരുപ്പറപ്പിച്ചിരിക്കുകയാണ്. നഗരത്തിലേക്ക് കുരങ്ങൻ ഇറങ്ങിയതോടെ കാഴ്ചക്കാരും നിരവധിയാണ്. ആൽമരത്തിലിരിക്കുന്ന കുരങ്ങിന് ശനിയാഴ്ച മൃഗശാലയിൽനിന്ന് കീപ്പർമാരെത്തി പഴങ്ങൾ വെച്ചുകൊടുത്തു. അതെല്ലാം ഭക്ഷിച്ചെന്നാണ് മൃഗശാല അധികൃതർ പറയുന്നത്.
വരുംദിവസങ്ങളിൽ അടുത്ത സ്ഥലങ്ങളിലേക്ക് മാറാനുള്ള സാധ്യതയാണ് കാണുന്നത്. മൃഗശാലയിൽനിന്ന് അകലുംതോറും സ്വമേധയാ മടങ്ങിവരാൻ സാധ്യത കുറവെന്നാണ് മൃഗശാല അധികൃതർ കരുതുന്നത്. കുരങ്ങിനെ അതിന്റെ വഴിക്ക് വിടാനാണ് തീരുമാനം. നിലവിൽ ആരോഗ്യപ്രശ്നങ്ങളില്ലെന്നാണ് അനുമാനം.
കാലാവസ്ഥ മാറ്റവും പുറത്തുനിന്നുള്ള ഭക്ഷണവും കൂട്ടിൽ വളർന്നു ശീലിച്ച കുരങ്ങിന് ആരോഗ്യപ്രശ്നങ്ങളുണ്ടാക്കിയേക്കാം. ദിവസവും രണ്ടുംമൂന്നും ജീവനക്കാരെയാണ് കുരങ്ങിനെ നിരീക്ഷിക്കാൻ നിയോഗിച്ചിരിക്കുന്നത്. അതും അധികനാൾ തുടരാനാവില്ല. ഇക്കാര്യങ്ങൾ കണക്കിലെടുത്താണ് കുരങ്ങിനെ അതിന്റെ പാട്ടിനുവിടാൻ തീരുമാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.