തിരുവനന്തപുരം: കോവിഡും കെടുകാര്യസ്ഥതയും സാമ്പത്തിക പ്രതിസന്ധിയും തളർത്തിയ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലേക്ക് വീണ്ടും ക്രിക്കറ്റ് ആരവം. തിങ്കളാഴ്ച മുതല്‍ ആരംഭിച്ച സീനിയര്‍ വനിതാ ടി20 ചാമ്പ്യന്‍ഷിപ്പാണ് ആരാധകര്‍ക്ക് ഒരിടവേളക്ക് ശേഷം ഫ്ലഡ് ലിറ്റിൽ കളി കാണാനുള്ള അവസരം ഒരുക്കുന്നത്. എലൈറ്റ് ബി ഗ്രൂപ് മത്സരങ്ങള്‍ക്കാണ് ഗ്രീന്‍ ഫീല്‍ഡും തുമ്പ സെന്‍റ് സേവിയേഴ്സ് കോളജ് ഗ്രൗണ്ടും വേദിയാകുന്നത്. ബിഹാര്‍, ത്രിപുര, ഝാര്‍ഖണ്ഡ്, തമിഴ്‌നാട്, ഒഡിഷ, ഛത്തീസ്ഗഢ് ടീമുകളാണ് മത്സരത്തിനിറങ്ങുന്നത്.
സ്റ്റേഡിയത്തിന്‍റെ നിർമാതാക്കളായ ഐ.എൽ.ആൻഡ് എഫ്.എസ് കമ്പനി സാമ്പത്തിക ബാധ്യതയെ തുടർന്ന് ഗ്രൗണ്ടിനെ കൈയൊഴിഞ്ഞതോടെ കോടികൾ മുടക്കി നിർമിച്ച സ്റ്റേഡിയം ഒരു ഘട്ടത്തിൽ നാശത്തിന്‍റെ വക്കിലായിരുന്നു.
എന്നാൽ, കേരള ക്രിക്കറ്റ് അസോസിയേഷന്‍ പുനർനിർമാണ പ്രവർത്തനങ്ങൾ കമ്പനിയിൽനിന്ന് ഏറ്റെടുത്തതോടെയാണ് സ്റ്റേഡിയത്തിന് ശാപമോഷം ലഭിച്ചത്. തുടർന്ന് ഇന്ത്യ -വെസ്റ്റിൻഡീസ് പരമ്പരക്കായി ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ വേദിയൊരുങ്ങിയെങ്കിലും കോവിഡിെൻറ രണ്ടാം തരംഗം കേരളത്തിെൻറ പ്രതീക്ഷകൾ തല്ലിക്കെടുത്തി. എങ്കിലും ദേശീയ മത്സരങ്ങൾ വേദിയിൽ നടത്തി വീണ്ടും അന്താരാഷ്ട്രമത്സരങ്ങൾക്ക് കളമൊരുക്കുകയാണ് കെ.സി.എ. ഐ.എൽ ആൻഡ് എഫ്.എസിൽനിന്നും സ്റ്റേഡിയം കെ.സി.എ ഏറ്റെടുത്ത ശേഷം നടക്കുന്ന നാലാമത്തെ ദേശീയ ടൂർണമെൻറാണ് ഗ്രീൽഫീൽഡിൽ ഇപ്പോൾ നടക്കുന്നത്. നേരത്തേ പുരുഷ സീനിയർ ട്വൻറി20, വിജയ്ഹസാരെ, രഞ്ജി ട്രോഫി മത്സരങ്ങൾ സ്റ്റേഡിയത്തിൽ നടന്നിരുന്നു. രാവിലെ 8.30 മുതൽ 11.15 വരെയും വൈകീട്ട് 4.30 മുതൽ രാത്രി 7.15 വരെയുമാണ് ഗ്രീൻഫീൽഡിലെ മത്സരങ്ങൾ. അതേസമയം, തുമ്പയിൽ രാവിലെ മാത്രമാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. കാണികൾക്ക് പ്രവേശനം സൗജന്യമാണ്.
ഇന്ത്യ- വെസ്റ്റിൻഡീസ് ട്വൻറി20 പരമ്പര കോവിഡിനെ തുടർന്ന് നഷ്ടമായെങ്കിലും ഈ വർഷംതന്നെ വീണ്ടും ഒരു അന്താരാഷ്ട്ര മത്സരം തലസ്ഥാനത്ത് എത്തിക്കാനുള്ള ശ്രമം കെ.സി.എ ആരംഭിച്ചിട്ടുണ്ട്. ഇതിെൻറ ഭാഗമായി വരും ദിവസങ്ങളിൽ കെ.സി.എ ഭാരവാഹികൾ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.