തിരുവനന്തപുരം: ആറുമാസം കഴിഞ്ഞുള്ള നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന സെമി ഫൈനലിൽ നേട്ടമുണ്ടാക്കിയതിെൻറ ആശ്വാസത്തിലാണ് എൽ.ഡി.എഫ്. നഗരത്തിലെ അഞ്ച് നിയോജക മണ്ഡലങ്ങളിലായി പരന്നുകിടക്കുന്ന 100 കോർപറേഷൻ വാർഡുകളിൽ മികച്ച മുന്നേറ്റമാണ് ഇടതുമുന്നണി നടത്തിയത്.
രാഷ്ട്രീയ സമ്മർദങ്ങൾക്കിടയിലും യു.ഡി.എഫിെൻറ സ്വാധീനമേഖലയായ തിരുവനന്തപുരം നിയോജക മണ്ഡലത്തിൽ 17 വാർഡുകളിൽ വിജയിക്കാൻ സാധിച്ചത് ഇടത് ക്യാമ്പിലുണ്ടാക്കിയ ആത്മവിശ്വാസം ചെറുതല്ല. ഒരുകാലത്ത് കോർപറേഷനിലെ മുഖ്യ പ്രതിപക്ഷമായിരുന്ന യു.ഡി.എഫിെൻറ അടിവേരിളക്കുന്ന ജനവിധിയാണ് അഞ്ച് നിയോജക മണ്ഡലങ്ങളിലും സംഭവിച്ചത്. മണ്ഡലങ്ങളിലൂടെ ഒരെത്തിനോട്ടം...
നഗരഹൃദയത്തിൽ എൽ.ഡി.എഫ്
തിരുവനന്തപുരം നിയോജക മണ്ഡലത്തിലെ മിന്നൽ പ്രകടനമാണ് കേവല ഭൂരിപക്ഷം കടക്കാൻ എൽ.ഡി.എഫിനെ സഹായിച്ചത്. 28 വാർഡുകളിൽ 17ഉം ഇത്തവണ ഇടതിനൊപ്പം നിന്നു. കഴിഞ്ഞതവണ 12 വാർഡുകളാണ് ഇവിടെനിന്ന് ഇടതുമുന്നണിക്ക് നേടാനായത്. ബി.ജെ.പി ഒമ്പതിൽനിന്ന് ഏഴിലേക്കും യു.ഡി.എഫ് ആറിൽനിന്ന് മൂന്നിലേക്കും വീണു.
വഞ്ചിയൂർ, ചാക്ക, മാണിക്യംവിളാകം, വഴുതക്കാട്, ആറന്നൂർ, തൈക്കാട്, പുത്തൻപള്ളി, മുട്ടത്തറ, പാളയം, തമ്പാനൂർ, വള്ളക്കടവ് വാർഡുകൾ നിലനിർത്തിയപ്പോൾ യു.ഡി.എഫിൽനിന്ന് വെട്ടുകാട്, പേട്ട, വലിയതുറ, ബീമാപള്ളി ഈസ്റ്റ് വാർഡുകളും ബി.ജെ.പിയിൽനിന്ന് വലിയശാല, ശ്രീവരാഹം വാർഡുകളും പിടിച്ചെടുത്തു. അതേസമയം ബി.ജെ.പിയുടെ കൈവശമിരുന്ന പെരുന്താന്നിയും സി.പി.ഐയുടെ ശംഖുംമുഖവും പിടിച്ചെടുക്കാൻ കഴിഞ്ഞതാണ് യു.ഡി.എഫിെൻറ ആശ്വാസം. ബീമാപള്ളി നിലനിർത്തുകയും ചെയ്തു.
യു.ഡി.എഫിെൻറ സിറ്റിങ് സീറ്റായ പൂന്തുറയിൽ സ്വതന്ത്രസ്ഥാനാർഥി മേരി ജിപ്സി 74 വോട്ടുകൾക്കാണ് ജയിച്ചത്. സിറ്റിങ് വാർഡുകളായ ജഗതി, ചാല, മണക്കാട്, ശ്രീകണ്ഠേശ്വരം, പാൽകുളങ്ങര, കുര്യാത്തി എന്നിവയും സ്വതന്ത്രനിലൂടെ ഫോർട്ടും നിലനിർത്താനേ ബി.ജെ.പിക്ക് സാധിച്ചുള്ളൂ.
വട്ടിയൂർക്കാവിലും ചെങ്കൊടി പാറി
ബി.ജെ.പി ഏറെ പ്രതീക്ഷയർപ്പിച്ചിരുന്ന വട്ടിയൂർക്കാവ് നിയോജക മണ്ഡലത്തിൽ ഇത്തവണ നില മെച്ചപ്പെടുത്തിയത് എൽ.ഡി.എഫാണ്. 24 വാർഡുകളിൽ 12 ലും ചെങ്കൊടി പാറി. കഴിഞ്ഞ തവണ 10 വാർഡുകളാണ് ഇവിടെ നേടാനായത്. ബി.ജെ.പിയാകട്ടെ ഒമ്പത് എന്ന പഴയ കണക്കിൽതന്നെ ഇത്തവണയും നിലയുറപ്പിച്ചു. അഞ്ച് വാർഡുകളിൽ സാന്നിധ്യമുണ്ടായിരുന്ന യു.ഡി.എഫ് മൂന്നിലേക്ക് നിലംപൊത്തി.
കുറവൻകോണവും കവടിയാറും നിലനിർത്തിയ യു.ഡി.എഫിന് കുന്നുകുഴി എൽ.ഡി.എഫിൽനിന്ന് പിടിച്ചെടുത്തു. കുടപ്പനക്കുന്ന്, കേശവദാസപുരം, കിണവൂർ വാർഡുകൾ എൽ.ഡി.എഫ് യു.ഡി.എഫിൽനിന്ന് പിടിച്ചെടുത്തു. ബി.ജെ.പിയിൽനിന്ന് വട്ടിയൂർക്കാവ്, പട്ടം, പാതിരപ്പള്ളി വാർഡുകൾ എൽ.ഡി.എഫ് അക്കൗണ്ടിലേക്ക് ചേർത്തു. പേരൂർക്കട, വാഴോട്ടുകോണം, നന്തൻകോട്, മുട്ടട, കണ്ണമ്മൂല, കാച്ചാണി വാർഡുകൾ പോറലേൽക്കാതെ കാത്തുസൂക്ഷിച്ചതോടെ എൽ.ഡി.എഫ് വിജയം അമ്പത് കടക്കുകയായിരുന്നു.
നഷ്ടമായ മൂന്ന് വാർഡുകൾക്ക് പകരം എൽ.ഡി.എഫിെൻറ സിറ്റിങ് സീറ്റുകളായ ശാസ്തമംഗലവും കാഞ്ഞിരംപാറയും നെട്ടയയും പിടിച്ചെടുത്താണ് ബി.ജെ.പി പകരം വീട്ടിയത്. തുരുത്തുംമൂല, ചെട്ടിവിളാകം കൊടുങ്ങാനൂർ, പാങ്ങോട്, വലിയവിള, പി.ടി.പി നഗർ വാർഡുകൾ നിലനിർത്തുകയും ചെയ്തു.
നേമത്ത് മുന്നേറി ബി.ജെ.പി
നേമത്ത് ബി.ജെ.പി കൂടുതൽ കരുത്താർജിക്കുന്ന ചിത്രമാണ് കോർപറേഷൻ ഫലം. 21 വാർഡുകളുള്ള മണ്ഡലത്തിൽ 14 വാർഡുകളാണ് ബി.ജെ.പി നേടിയത്. കഴിഞ്ഞതവണ 11സീറ്റുകളായിരുന്നു. എൽ.ഡി.എഫ് ആകട്ടെ എട്ടിൽനിന്ന് ഏഴിലേക്ക് താണു. യു.ഡി.എഫിന് മണ്ഡലത്തിലുണ്ടായിരുന്ന രണ്ട് സീറ്റും നഷ്ടമായതോടെ അടുത്ത അഞ്ചുവർഷം ചിത്രത്തിലേ ഇല്ലാതായി.
തൃക്കണ്ണാപുരം, തിരുമല, മേലങ്കോട്, നേമം, കാലടി, പാപ്പനംകോട്, പൂജപ്പുര, വെള്ളാർ, കരമന വാർഡുകൾ നിലനിർത്തിയപ്പോൾ എൽ.ഡി.എഫിൽനിന്ന് നെടുങ്കാട്, പുന്നയ്ക്കാമുഗൾ, പൊന്നുമംഗലം, എസ്റ്റേറ്റ് വാർഡുകളും യു.ഡി.എഫിൽനിന്ന് തിരുവല്ലവും പിടിച്ചെടുക്കുകയായിരുന്നു. യു.ഡി.എഫിൽനിന്ന് പുഞ്ചക്കരിയും ബി.ജെ.പിയിൽനിന്ന് കമലേശ്വരവും ആറ്റുകാലും പിടിച്ചെടുത്ത എൽ.ഡി.എഫ് കളിപ്പാൻകുളം, അമ്പലത്തറ, മുടവൻമുകൾ, പൂങ്കുളം വാർഡുകൾ നിലനിർത്തുകയായിരുന്നു.
ഇതിൽ സി.പി.എമ്മിെൻറ ശക്തികേന്ദ്രമായ നെടുങ്കാടിലെ തോൽവി പാർട്ടിക്കുള്ളിൽ വരുംദിവസങ്ങളിൽ ചർച്ച ചെയ്യപ്പെടും. യു.ഡി.എഫ് വോട്ടുകളിലെ വിള്ളലാണ് എല്ലാ വാർഡിലും താമരക്ക് വളമായത്.
'കൈ' ഒടിഞ്ഞ് കഴക്കൂട്ടം
കഴക്കൂട്ടം നിയോജകമണ്ഡലത്തിൽ കഴിഞ്ഞതവണ 12 വാർഡുകളാണ് എൽ.ഡി.എഫിനൊപ്പം നിന്നതെങ്കിൽ ഇത്തവണ അത് 14 ആയി ഉയർന്നു. കഴക്കൂട്ടം, കാട്ടായിക്കോണം, കുളത്തൂർ, ഇടവക്കോട്, പൗണ്ടുകടവ്, കടകംപള്ളി, അണമുഖം, മെഡിക്കൽ കോളജ് വാർഡുകൾ നിലനിർത്തിയപ്പോൾ ബി.ജെ.പിയുടെ കൈവശമിരുന്ന ആറ്റിപ്രയും ഞാണ്ടൂർക്കോണവും യു.ഡി.എഫ് കൈയടക്കിയ ചന്തവിള, പള്ളിത്തുറ, ഉള്ളൂർ വാർഡുകളും കഴിഞ്ഞതവണ സ്വതന്ത്ര സ്ഥാനാർഥി വിജയിച്ച ശ്രീകാര്യവുമാണ് പുതുതായി ഇടതുപക്ഷം ചേർന്നത്.
2015ൽ കഴക്കൂട്ടത്തുനിന്ന് നാല് സീറ്റ് നേടിയ ബി.ജെ.പി ഇത്തവണ ഒരു സീറ്റുകൂടി വർധിപ്പിച്ചു. കരിക്കകം, പൗഡിക്കോണം വാർഡുകൾ നിലനിർത്തിയപ്പോൾ സി.പി.എമ്മിൽനിന്ന് ചെല്ലമംഗലവും ചെമ്പഴന്തിയും യു.ഡി.എഫിൽനിന്ന് ചെറുവക്കലും പിടിച്ചെടുത്തു. ആറ് വാർഡുകളുണ്ടായിരുന്ന യു.ഡി.എഫ് മൂന്നിലൊതുങ്ങി. നാലാഞ്ചിറയും ആക്കുളവും മാത്രമാണ് നിലനിർത്താനായത്. മണ്ണന്തല സി.പി.എമ്മിൽനിന്ന് പിടിച്ചെടുത്തു.
കോവളത്ത് ബി.ജെ.പി സംപൂജ്യം
അഞ്ച് വാർഡുകളുള്ള കോവളത്ത് ഇത്തവണ സ്വതന്ത്രന്മാരാണ് താരമായത്. യു.ഡി.എഫിെൻറ സിറ്റിങ് വാർഡായിരുന്ന ഹാർബറിൽ യു.ഡി.എഫ് വിമതൻ എം. നിസാമുദ്ദീൻ 1028 വോട്ടുകൾക്കാണ് വിജയിച്ചത്. 855 വോട്ടുകളുമായി കോൺഗ്രസ് സ്ഥാനാർഥി മുജീബ് റഹ്മാന് മൂന്നാം സ്ഥാനത്തായി. സി.പി.ഐയുടെ സിറ്റിങ് സീറ്റായ കോട്ടപ്പുറത്ത് സ്വതന്ത്ര സ്ഥാനാർഥി പനിയടിമ 938 വോട്ടുകൾക്ക് വിജയിച്ചു. കോവളത്ത് ബി.ജെ.പിയുടെ പക്കലുണ്ടായിരുന്ന ഏക വാർഡ് വെങ്ങാന്നൂർ എൽ.ഡി.എഫ് തിരിച്ചുപിടിച്ചു. കൂടുതൽ പോളിങ് നടന്ന മുല്ലൂർ വാർഡിൽ കോൺഗ്രസ് സ്ഥാനാർഥി സി. ഒാമന (64) ആറാം തവണയും വിജയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.