തിരുവനന്തപുരം: നഗരത്തിൽ കുടിവെള്ള വിതരണത്തിന് ആശ്രയിക്കുന്ന പേപ്പാറ ഡാമിന്റെ സംഭരണ ശേഷി കൂട്ടുന്നത് ആവാസവ്യവസ്ഥയെ ബാധിക്കില്ലെന്ന് ജലവിഭവ വകുപ്പ്. വനം വകുപ്പ് നിർദേശപ്രകാരമാണ് ജൈവ വൈവിധ്യ ആഘാത പഠനം നടത്തിയത്. 110.5 മീറ്റർവരെയാണ് ഡാമിന്റെ പരമാവധി സംഭരണശേഷി. എന്നാൽ 107.5 മീറ്റർ വരെ ജലം സംഭരിക്കാനാണ് വനം വകുപ്പ് ജല അതോറിറ്റിക്ക് അനുമതി നൽകിയത്. ഡാമിന്റെ സംഭരണശേഷി ഉയർത്തുകയാണെങ്കിൽ നഗരത്തിലേക്ക് വേനൽകാലത്തടക്കം കൂടുതൽ വെള്ളമെത്തിക്കാനാവും. ഡാമിന്റെ സംഭരണശേഷി സംബന്ധിച്ച് നിയമസഭയിൽ കഴിഞ്ഞ ദിവസം വന്ന ചോദ്യത്തിന് മന്ത്രി റോഷി അഗസ്റ്റിൻ നൽകിയ മറുപടിയിലും ഡാമിന്റെ സംഭരണശേഷി ഉയർത്തുന്നത് ജനങ്ങൾക്ക് തടസമില്ലാതെ കുടിവെള്ള വിതരണം ഉറപ്പാക്കാൻ ജല അതോറിറ്റിയെ പ്രാപ്തമാക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇതിനായി ഇതിനകം നടത്തി പ്രവർത്തനങ്ങളും മന്ത്രി വിശദീകരിച്ചു.
പേപ്പാറ ഡാമിന്റെ സംഭരണ ശേഷി ഉയർത്തുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാറിന്റെ ഓൺലൈൻ പോർട്ടലായ ‘പരിവേഷ്’ൽ 2019ൽ ആണ് ജലവിഭവ വകുപ്പ് അപേക്ഷ സമർപ്പിച്ചത്. ജലനിരപ്പ് ഉയർത്തുമ്പോൾ വെള്ളത്തിനടിയിലാവുന്ന വനഭൂമി എത്രയെന്ന് സർവേ ചെയ്ത് നിർണയിച്ച് സ്കെച്ച് തയാറാക്കാൻ കൊച്ചി ആസ്ഥാനമായ കമ്പനിയെ ജല അതോറിറ്റി ചുമതലപ്പെടുത്തിയിരുന്നു.
ഈ സ്ഥാപനം പേപ്പാറ റിസർവോയറിലെ ജലനിരപ്പ് 104.5 മീറ്റർ, 107.5 മീറ്റർ, 110.5 മീറ്റർ എന്നീ ഉയരങ്ങളിൽ എത്തുമ്പോൾ വെള്ളത്തിനടിയിലാവുന്ന പ്രദേശത്തിന്റെ വിസ്തീർണം നിർണയിച്ച് തിട്ടപ്പെടുത്തിയ സ്കെച്ച് തയാറാക്കിയിട്ടുണ്ട്. ആവാസവ്യവസ്ഥയെ എങ്ങിനെ ബാധിക്കുമെന്ന് മനസിലാക്കാനാണ് പഠനം നടത്തിയത്. പേപ്പാറ വന്യജീവി സങ്കേതത്തിൻെ പരിധിയിലാണ് ഡാം. സർവേയുടെ ഭാഗമായി ജലനിരപ്പ് ഉയരാൻ സാധ്യതയുള്ള 13 ദ്വീപുകളിലും 18 ഉൾപ്രദേശങ്ങളിലും സർവേ നടത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.