തട്ടുകടകളിൽ നഗരസഭ പരിശോധന; നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങൾ പിടിച്ചെടുത്തു

തിരുവനന്തപുരം: തട്ടുകടകളിൽ നഗരസഭ ഹെൽത്ത് സ്‌ക്വാഡ് നടത്തിയ പരിശോധനയിൽ 85 കിലോ നിരോധിത പ്ലാസ്റ്റിക് പിടിച്ചെടുത്തു. രാത്രി പ്രവർത്തിക്കുന്ന 80 വഴിയോര തട്ടുകടകൾ പരിശോധിച്ചപ്പോഴാണ് ഇത്രയും പ്ലാസ്റ്റിക് പിടികൂടിയത്.

നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങൾ ഉപയോഗിക്കുക, വൃത്തിഹീന സാഹചര്യത്തിൽ ഭക്ഷണം പാകം ചെയ്യുക, മാലിന്യം അലക്ഷ്യമായി വലിച്ചെറിയുക തുടങ്ങിയവ പരിശോധിക്കണമെന്ന മേയർ ആര്യ രാജേന്ദ്രന്റെ നിർദേശത്തെ തുടർന്നായിരുന്നു പരിശോധന.

ഹെൽത്ത് ഓഫിസർ ഡോ. ഗോപകുമാറിന്റെ നേതൃത്വത്തിൽ അഞ്ച് സ്‌ക്വാഡുകൾ തിങ്കളാഴ്ച വൈകീട്ട് ആറുമുതലാണ് പരിശോധന നടത്തിയത്. കിഴക്കേകോട്ട, കരമന, ചാല, ബേക്കറി ജങ്ഷൻ, പരുത്തിപ്പാറ, മണക്കാട്, പാളയം, പേരൂർക്കട, തിരുവല്ലം, കടകംപള്ളി തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു പരിശോധന. 15 ഹെൽത്ത് സർക്കിൾ കേന്ദ്രീകരിച്ച് പരിശോധന നടന്നു.

25 പേരടങ്ങിയ സ്ക്വാഡ് അഞ്ച് സംഘമായി തിരിഞ്ഞായിരുന്നു പരിശോധന. പല തട്ടുകടകളിലും പ്രത്യേകം സ്ഥലങ്ങളിലാണ് പ്ലാസ്റ്റിക് ഉൽപന്നങ്ങൾ സൂക്ഷിച്ചിരുന്നത്. പ്ലാസ്റ്റിക് കവറുകളിൽ സൂക്ഷിച്ചിരുന്ന ഭക്ഷണ പദാർഥങ്ങളും പിടിച്ചെടുത്തു. മാലിന്യം വഴിയരികിൽ കത്തിച്ചതിന് ചിലർക്ക് നോട്ടീസ് നൽകി.

നിരോധിത പ്ലാസ്റ്റിക് ഉപയോഗിച്ച തട്ടുകട ഉടമകൾക്കെതിരെ പിഴ ചുമത്തും. ഹെൽത്ത് ഓഫിസർ ഡോ. ഗോപകുമാർ, ഹെൽത്ത് ഇൻസ്‌പെക്ടർമാരായ എസ്.എസ്. മിനു, ഷാജി കെ. നായർ, രാകേഷ്, ഗണേഷ്കുമാർ, എം.എസ്. ഷാജി എന്നിവർ നേതൃത്വം നൽകി. 

Tags:    
News Summary - Inspection by the Municipal Corporation-Banned plastic products seized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.