തിരുവനന്തപുരം: പൊക്കയില്ലായ്മയാണ് എന്റെ പൊക്കമെന്ന് മലയാള സിനിമ സീരിയൽ ലോകത്തോട് വിളിച്ചുപറഞ്ഞ എ.എസ് ജോബി 24 വർഷത്തെ ഔദ്യോഗിക ജീവിതത്തിൽനിന്ന് പടിയിറങ്ങുന്നു. ഈ മാസം 31ന് തിരുവനന്തപുരം സ്റ്റാച്യുവിലുള്ള കെ.എസ്.എഫ്.ഇ അർബൻ റീജ്യനൽ ഓഫീസിൽ നിന്ന് സീനിയർ മാനേജരായി വിരമിക്കുമ്പോൾ ജോബിക്ക് പറയാനുള്ളത് ഒന്നുമാത്രം ‘വിരമിക്കൽ സർക്കാർ സർവീസിൽനിന്ന് മാത്രമാണ്, കലാജീവിതത്തിൽ നിന്നല്ല’.
സ്കൂൾ, കോളജ് കലോത്സവവേദികളിൽ മിമിക്രി, മോണാക്ട്, കഥാപ്രസംഗം, നാടകം,പ്രഛന്നവേക്ഷം തുടങ്ങിയ ഇനങ്ങളിലൂടെ മലയാളി ഹൃദയം കവർന്ന ജോബി സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മികച്ച നടനുള്ള പുരസ്കാകരവും കേരള സർവകലാശാല കലാപ്രതിഭയുമായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഈ വിജയമായിരുന്നു സിനിമയിലേക്കുള്ള വഴി തുറന്നതും.
1987ൽ ബാലചന്ദ്രമേനോന്റെ ‘അച്ചുവേട്ടന്റെ വീട്' എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ അരങ്ങേറ്റം. പിന്നീട് നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങളിൽ പ്രേക്ഷകരുടെ മനംകവർന്ന് ജോബി അരങ്ങുതകർത്തു. വെള്ളിത്തിരയിൽ മിന്നിനിൽക്കുന്നകാലത്താണ് 1999 ൽ ജൂനിയർ അസിസ്റ്റന്റായി കെ.എസ്.എഫ്.ഇയിൽ ജോലി ലഭിക്കുന്നത്.
തിരക്കേറിയതോടെ പിന്നീട് വർഷങ്ങളിൽ ഒരു ചിത്രം എന്നുള്ള നിലയിലേക്ക് മാറുകയായിരുന്നു. അൻപതോളം സിനിമകളിലും നൂറോളം സീരിയലുകളിലും അഭിനയിച്ചെങ്കിലും സമയപരിമിതി മൂലം ചെറിയ വേഷങ്ങളായിരുന്നു ഏറെയും. അതിൽ കൂടുതലും ഹാസ്യവേഷങ്ങളും.
കെ.എസ്.എഫ്.ഇയിലെ ജോലിയുടെ തിരക്കിലും സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ വിധികർത്താവായി എല്ലാവർഷവും ജോബി എത്താറുണ്ട്. 2018ൽ ‘മണ്ണാങ്കട്ടയും കരിയിലയും’ എന്ന ചിത്രത്തിലെ കഥാപാത്രത്തിന് സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചിരുന്നു.
ഇപ്പോൾ പന്തളം സ്വദേശി ദേവപ്രസാദ് നാരാണൻ സംവിധാനം ചെയ്യുന്ന ‘വേലക്കാരി ജാനു’ എന്ന ചിത്രത്തിൽ മുഖ്യവേഷം ചെയ്യുന്നു.
അപ്പോഴും സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് കനക്കുന്നിൽ സംഘടിപ്പിക്കുന്ന എന്റെ കേരളം പ്രദർശനമേളയിൽ കെ.എസ്.എഫ്.ഇ പവലിയനിൽ ജോബി സഹപ്രവർത്തകർക്കൊപ്പം സജീവമാണ്. ഭാര്യ സൂസനും മക്കൾ സിദ്ധാർത്ഥിനും ശ്രേയസിനും ഒപ്പം പേരൂർക്കട അമ്പലമുക്കിലാണ് താമസം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.