തിരുവനന്തപുരം: അവസാന ഇലവനിൽ സ്ഥാനം ഉറപ്പിച്ചിട്ടില്ലെങ്കിലും സൂര്യകുമാർ യാദവിന്റെ വെടിക്കെട്ട് ശൈലിക്കാണ് ശനിയാഴ്ച കാര്യവട്ടം സ്പോർട്സ് ഹബ് സാക്ഷ്യം വഹിച്ചത്. ഏകദിന പരമ്പരയിലെ അവസാന മത്സരത്തിന് ഞായറാഴ്ച ഇറങ്ങുന്ന ഇന്ത്യ, ശ്രീലങ്ക ടീമുകൾ ശനിയാഴ്ച മണിക്കൂറുകളോളം സ്റ്റേഡിയത്തിൽ പരിശീലനം നടത്തി.
ഇന്ത്യയുടെ പ്രമുഖ താരങ്ങളിലേറെയും പരിശീലനത്തിനെത്തിയില്ലെങ്കിലും ശ്രീലങ്കയുടെ ഏറെക്കുറെ മുഴുവൻ താരങ്ങളും പരിശീലനം നടത്തി. കഴിഞ്ഞ കളികളിൽ അവസരം ലഭിക്കാത്ത സൂര്യകുമാർ യാദവ്, ഇഷാൻ കിഷൻ, അർഷദീപ് സിങ്, വാഷിങ്ടൺ സുന്ദർ എന്നിവരായിരുന്നു ശുഭമൻ ഗിൽ, കുൽദീപ് യാദവ്, യൂസ്വേന്ദ്ര ചാഹൽ എന്നിവർക്കൊപ്പം ഗ്രൗണ്ടിൽ പരിശീലിച്ചത്.
കോച്ച് രാഹുൽ ദ്രാവിഡും ബാറ്റിങ് കോച്ച് വിക്രം റാഥോഡുമുൾപ്പെടെയുള്ളവർ ഇവർക്ക് നിർദേശവുമായുണ്ടായിരുന്നു. പരിശീലനം കാണാൻ കാര്യമായ കാണികൾ ഇല്ലായിരുന്നെങ്കിലും ഉണ്ടായിരുന്നവരെ ത്രസിപ്പിക്കുന്ന നിലയിലായിരുന്നു സൂര്യകുമാർ യാദവിന്റെ പ്രകടനം.
തനിക്കെതിരെ പന്തെറിയാനെത്തിയ എല്ലാ ബൗളർമാരുടെയും പന്തുകൾ നിരന്തരം അദ്ദേഹം ഗാലറിയിലേക്ക് പറപ്പിച്ചു. 360 ഡിഗ്രി ആംഗിളുകളിലുള്ള തന്റെ പതിവ് ഷോട്ടുകളായിരുന്നു. അർഷദീപ് സിങ്ങിനും വാഷിങ്ടൺ സുന്ദറിനുമാണ് ഒരു പരിധി വരെ പിടിച്ചുനിൽക്കാനായത്.
സ്കൂപ്പും ഹുക്കും സ്വീപ്പിങും ഉൾപ്പെടെ സൂര്യയുടെ ട്രേഡ് മാർക്ക് ഷോട്ടുകൾ സ്റ്റേഡിയം കണ്ടു. വെടിക്കെട്ട് ശൈലി മാത്രമല്ല ഗ്രൗണ്ട് ഷോട്ടുകളും സൂര്യകുമാർ പരിശീലിച്ചു. ഇഷാൻ കിഷൻ ത്രോ ഡൗൺ ബോളുകളാണ് അധിക സമയവും നേരിട്ടത്.
അതിനിടെ ഇഷാൻ കിഷൻ കളിച്ച ഒരു ഷോട്ടിൽ പന്ത് ചെന്ന് വീണത് വ്യായാമം ചെയ്യുകയായിരുന്ന കുൽദീപ് യാദവിനടുത്തായിരുന്നു. പരിക്കേൽക്കാതെ താരം നലനാരിഴക്കാണ് രക്ഷപ്പെട്ടത്. ഗില്ല് സ്പിൻ കളിക്കാനാണ് ഏറെ സമയം ചെലവിട്ടത്.
പരമ്പരയിലുടനീളം അവസരം കിട്ടാതിരുന്ന പേസർ അർഷദീപും നെറ്റ്സിൽ ഏറെ നേരം പന്തെറിഞ്ഞു. ശുഭ്മാൻ ഗില്ലാണ് താരത്തെ നേരിട്ടത്. കുൽദീപും ചാഹലും വാഷിങ്ടൺ സുന്ദറും ഒരു മണിക്കൂറിലധികം പരിശീലനത്തിലേർപ്പെട്ടപ്പോൾ ഷമിയും സിറാജും ഉമ്രാൻ മാലിക്കും പരിശീലനത്തിനിറങ്ങിയില്ല.
ക്യാപ്റ്റൻ രോഹിത് ശർമയും വിരാട് കോഹ്ലിയും അക്സർ പട്ടേലും ശ്രേയസ് അയ്യരും ഹാർദിക് പാണ്ഡ്യയും കെ.എൽ. രാഹുലും പരിശീലനത്തിൽനിന്ന് വിട്ടുനിന്നതും ശ്രദ്ധേയമായി. പരമ്പര തോറ്റെങ്കിലും ആശ്വാസജയം തേടുന്ന ശ്രീലങ്കയാകട്ടെ കഠിന പരിശീലനത്തിലായിരുന്നു.
ക്യാപ്റ്റൻ ദസുൻ ഷനക, കുശാൽ മെൻഡിസ്, ചരിത് അസലങ്ക, നുവാനിദു ഫെർണാണ്ടോ, വാനിന്ദു ഹസരംഗ, ദിൽഷൻ മധുശങ്ക, കസുൻ രജിത, ചമിക കരുണരത്നെ തുടങ്ങിയർ പരിശീലനത്തിൽ സജീവമായിരുന്നു.
തിരുവനന്തപുരം: കാര്യവട്ടം സ്പോർട്സ് ഹബ്ബിൽ ഇന്ത്യ-ശ്രീലങ്ക മത്സരം നിയന്ത്രിക്കാൻ മലയാളി സാന്നിധ്യവും. പകുതി മലയാളിയായ നിതിന്‍ മേനോനും ജെ.ആര്. മദനഗോപാലുമാണ് ഫീല്‍ഡില്‍ മത്സരം നിയന്ത്രിക്കുന്നത്.
മലയാളിയും കേരളത്തിന്റെ മുൻ താരവും അമ്പയറുമായ കെ.എന്‍. അനന്തപത്മനാഭനാണ് ഫോര്‍ത്ത് അമ്പയറുടെ റോളിൽ. സ്വന്തം നാടായ കാര്യവട്ടത്ത് ഫീൽഡിൽ മത്സരം നിയന്ത്രിക്കാൻ അനന്തന് ഇനിയും കാത്തിരിക്കേണ്ടിവരും. കാര്യവട്ടത്തെ അഞ്ചാമത്തെ അന്താരാഷ്ട്ര മത്സരമാണ് നടക്കുന്നത്. എന്നാൽ, ആദ്യമായാണ് അനന്തപത്മനാഭന് മത്സരം നിയന്ത്രിക്കുന്നതിന്റെ ഭാഗമാകാൻ സാധിച്ചത്.
ദക്ഷിണാഫ്രിക്കക്കെതിരെ സെപ്റ്റംബറിൽ നടന്ന ട്വന്റി 20 മത്സരം നിയന്ത്രിക്കാൻ അദ്ദേഹത്തിന് അവസരം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ഏകദിന പാനലിലാണ് അദ്ദേഹത്തിന് ഇടംലഭിച്ചത്.
അനില്‍ ചൗധരിയാണ് മത്സരത്തിന്റെ ടി.വി അമ്പയര്‍. മുൻ ഇന്ത്യൻ താരം ജവഗല്‍ ശ്രീനാഥാണ് മാച്ച് റഫറി. എല്ലാവരും ടീമുകൾക്കൊപ്പം തന്നെ കഴിഞ്ഞദിവസം തിരുവനന്തപുരത്ത് എത്തിയിരുന്നു.
തിരുവനന്തപുരം: കാര്യവട്ടത്തെ ക്രിക്കറ്റ് പോരിൽ കളിക്കാനോ കളികാണാനോ ഇത്തവണയും കേരളത്തിന്റെ അഭിമാനമായ സഞ്ജു സാംസണില്ല. ശ്രീലങ്കക്കെതിരായ ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഫീൽഡിങ്ങിനിടെ സഞ്ജുവിന് കാൽമുട്ടിന് പരിക്കേറ്റിരുന്നു.
അതിനെ തുടർന്ന് ടീമിൽനിന്ന് ഒഴിവാക്കിയ സഞ്ജു ചികിത്സക്കായി ബംഗളൂരുവിലെ നാഷനൽ ക്രിക്കറ്റ് അക്കാദമിയിലാണ് (എൻ.സി.എ). പരിക്കേറ്റ് ടീമിന് പുറത്തായ സഞ്ജുവിനെ ന്യൂസിലൻഡിനെതിരായ ഏകദിന, ട്വന്റി 20 പരമ്പരകൾക്കുള്ള ടീമിലും ഉൾപ്പെടുത്തിയിട്ടില്ല. മൂന്നാഴ്ചത്തെ വിശ്രമത്തിന് ശേഷം മാത്രമേ സഞ്ജു നാട്ടിലേക്ക് മടങ്ങാനാകൂ. രഞ്ജി ട്രോഫിയിൽ കേരള ടീമിന്റെ നായകനായി ഇരിക്കെയാണ് സഞ്ജുവിനെ ഇന്ത്യൻ ടീമിലേക്ക് വിളിച്ചത്.
തിരുവനന്തപുരം: കളിക്കാരുടെ സ്ഥിരതയില്ലായ്മ ഒരു പ്രശ്നമാണെങ്കിലും അവരുടെ കഴിവിൽ പൂർണ വിശ്വാസമുണ്ടെന്ന് ശ്രീലങ്കൻ ക്രിക്കറ്റ് ടീം കോച്ച് ക്രിസ് സിൽവർവുഡ്. യുവതാരങ്ങൾ മികച്ച പ്രകടനം കാഴ്ചവെക്കുന്നുണ്ട്. ലോകകപ്പ് ലക്ഷ്യമിട്ടാണ് ടീം കളിക്കുന്നത്. പാളിച്ചകളുണ്ടെങ്കിൽ അത് പരിഹരിച്ച് മുന്നോട്ട് പോകുമെന്നും വാർത്തസമ്മേളനത്തിൽ കൂട്ടിച്ചേർത്തു.
ക്യാപ്റ്റൻ ദസുൻ ഷനകയുടെ പ്രകടനവും ഉമ്രാൻ മാലിക്കിന്റെ ബൗളിങും മികച്ചതാണ്. മികച്ച ലൈനിലും ലെൻങ്തിലും അദ്ദേഹത്തിന് ബൗൾ ചെയ്യാൻ സാധിക്കുന്നുണ്ട്. അത് ഭാവിയിൽ ഇന്ത്യൻ ബൗളിങ് നിരക്ക് ശക്തി പകരും. പരിക്കേറ്റ ബാറ്റർ പത്തും നിസംഗ ഇന്നത്തെ മത്സരത്തിൽ കളിക്കില്ലെന്ന സൂചനയും ക്രിസ് സിൽവർവുഡ് പറഞ്ഞു.
തിരുവനന്തപുരം: ശ്രീലങ്കക്കെതിരായ പരമ്പര ജയിച്ചെങ്കിലും ഇന്ത്യൻ ടീമിന്റെ പ്രകടനത്തിലെ ചില മേഖലകളിൽ മാറ്റങ്ങളും മെച്ചപ്പെടലും ആവശ്യമുണ്ടെന്ന് ബാറ്റിങ് കോച്ച് വിക്രം റാഥോഡ്. വാലറ്റത്തിന് റൺസ് സ്കോർ ചെയ്യാൻ കഴിയുന്നില്ല എന്നത് ആശങ്കപ്പെടുത്തുന്നു.
ശക്തമായ ബാറ്റിങ് നിരയുള്ളതിനാൽ അതിനെക്കുറിച്ച് അധികം വേവലാതിപ്പെടേണ്ട സാഹചര്യവുമില്ല. ഐ.പി.എൽ ഉൾപ്പെടെ വരുന്ന സാഹചര്യത്തിൽ പരമാവധി പരിശീലനം നടത്താനുള്ള നിർദേശം ബൗളർമാർക്ക് നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പരമ്പര ജയിച്ചെങ്കിലും ലോകകപ്പിന് മുന്നോടിയായുള്ള പരിശീലനമായാണ് ഓരോ മത്സരങ്ങളെയും കാണുന്നത്.
ഇന്നത്തെ മത്സരത്തിൽ കാര്യമായ മാറ്റങ്ങൾ വരുത്തുന്നതിനെക്കുറിച്ച് ചർച്ചയൊന്നും നടത്തിയിട്ടില്ല. കാര്യവട്ടത്തെ പിച്ച് വെല്ലുവിളി ഉയർത്തുന്നതാണെന്ന് സംശയമുണ്ട്. ടീം കോച്ച് രാഹുൽ ദ്രാവിഡ് ടീമിനൊപ്പം ചേർന്നിട്ടുണ്ടെന്നും വിക്രം റാഥോഡ് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.