കാട്ടാക്കട: തെരുവുനായ്ക്കൂട്ടത്തിന്റെ ആക്രമണത്തില്‍ പുലര്‍ച്ച ബൈക്കില്‍ ജോലിക്കുപോയ കെ.എസ്.ആർ.ടി.സി കണ്ടക്ടര്‍ക്ക് പരിക്ക്. കെ.എസ്.ആർ.ടി.സി ആര്യനാട് ഡിപ്പോയിലെ കണ്ടക്ടർ പന്നിയോട് സ്വദേശി എസ്. അജയകുമാറിനാണ് (50) പരിക്കേറ്റത്. ഞായറാഴ്ച പുലര്‍ച്ച പേഴുംമൂട്-ആര്യനാട് റോഡിൽ പള്ളിവേട്ടക്കടുത്തായിരുന്നു അപകടം.
കൈക്കും കാലിനും മുഖത്തും പരിക്കേറ്റ അജയകുമാർ ആര്യനാട് സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സതേടി. പുലർച്ച ജോലിക്കായി ഡിപ്പോയിലേക്ക് ബൈക്കിൽ പോകവെ നായ്ക്കൾ കൂട്ടമായി ബൈക്കിന് മുന്നിൽ ചാടുകയും പിന്നാലെ ഓടുകയും ചെയ്തപ്പോൾ നിയന്ത്രണം വിട്ട് റോഡിൽ വീഴുകയായിരുന്നു.
കുറ്റിച്ചൽ-ആര്യനാട് പഞ്ചായത്തുകളുടെ അതിർത്തി പ്രദേശമായ പേഴുംമൂട്-പള്ളിവേട്ട-ആര്യനാട് റോഡിൽ മുഴുവൻ സമയവും തെരുവുനായ്ശല്യം രൂക്ഷമാണ്. ശല്യം കാരണം സ്കൂൾ വിദ്യാർഥികളും വഴിയാത്രക്കാരും ഭീതിയിലാണ് ഇതുവഴി സഞ്ചരിക്കുന്നത്.
ഗ്രാമങ്ങളിലെങ്ങും തെരുവുനായ്ക്കളുടെ ശല്യം ഇപ്പോള്‍ അതിരൂക്ഷമാണ്. വന്ധ്യംകരണം പാളിയതോടെ തെരുവ് നായ്ക്കളുടെ എണ്ണവും കൂടി. പൊതുചന്ത, ജങ്ഷന്, സിവില്‍ സ്റ്റേഷന് എന്നിവക്ക് മുന്നിലാണ് താവളം. തെരുവുനായ് ശല്യം അമർച്ച ചെയ്യാനുള്ള നടപടികൾ അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. കുറ്റിച്ചല്‍, പൂവച്ചല്‍, മലയിന്‍കീഴ്, മാറനല്ലൂര്‍ പഞ്ചായത്തുകളിലും നായ്ക്കളെക്കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ്.
വിവിധയിടങ്ങളിൽ വർധിച്ചുവരുന്ന മാലിന്യനിക്ഷേപവും തെരുവുനായ്ക്കളുടെ ശല്യം വർധിക്കുന്നതിന് പ്രധാന കാരണമായിട്ടുണ്ട്. ഇവയിൽ നിന്ന് ആഹാരം തേടിയെത്തുന്ന നായ്ക്കൾ പ്രകോപനമില്ലാതെതന്നെ ജനങ്ങളെ ആക്രമിക്കാറുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.