കാട്ടാക്കട: കുറ്റിച്ചൽ പഞ്ചായത്തിലെ എലിമല വാർഡിൽ ഉൾപ്പെട്ട എലിമല ഗ്രാമത്തിലേക്കുള്ള നടപ്പാത പാലം തകർന്ന് പിക് അപ് വാഹനം അപകടത്തിൽപെട്ടു. വ്യാഴാഴ്ച രാവിലെ ഒമ്പതിന് കോട്ടൂർ സ്വദേശിയായ നാസറിന്റെ പിക് അപ് വാഹനമാണ് അപകടത്തിൽപെട്ടത്. ഗ്രാമത്തിലുള്ള സ്വകാര്യ വ്യക്തിക്ക് കെട്ടിട നിർമാണത്തിന് ആവശ്യമായ പാറപ്പൊടി കൊണ്ടുപോകുമ്പോഴാണ് പഴക്കം ചെന്ന പാലം തകർന്ന് കുമ്പിൾമൂട് തോടിന് അകത്തേക്ക് വീണത്.
ഏകദേശം 25 അടി താ ഴ്ചയുണ്ടായിരുന്നു. ഡ്രൈവറിന്റെ കൈക്ക് നിസ്സാരമായ പരിക്കുപറ്റി. നാട്ടുകാരും റോഡിലെ യാത്രക്കാരും യഥാസമയം ഇടപെട്ടത് കാരണം വൻ അപകടമൊഴിവായി. കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയുടെ കാലത്ത് 15 ലക്ഷം രൂപ പുതിയ പാലം പണിയുന്നതിന് വേണ്ടി ഭരണസമിതി വകകൊള്ളിച്ചിരുന്നു.
എന്നാൽ, അത് ടെൻഡർ പിടിക്കുന്നതിന് ആരും തന്നെ മുന്നോട്ടുവന്നില്ല. ഇപ്പോഴത്തെ ഭരണസമിതി കൂടുതൽ പ്രാധാന്യം നൽകിക്കൊണ്ട് 10 ലക്ഷം രൂപ വകകൊള്ളിച്ചിരുന്നു. ആകെ 25 ലക്ഷം രൂപ പാലം പണിയുന്നതിനുവേണ്ടി കുറ്റിച്ചൽ പഞ്ചായത്ത് നീക്കിവെച്ചിട്ടും ടെൻഡർ പിടിക്കുന്നതിന് ആരുംതന്നെ നാളിതുവരെ വന്നിട്ടില്ല.
പാലത്തിന്‍റെ ഇരുവശങ്ങളിലുമുള്ള പാർശ്വഭിത്തി ഇടിഞ്ഞാണ് പിക് അപ് വാഹനം തോട്ടിലേക്ക് മറിഞ്ഞത്. ടെൻഡർ പിടിക്കുകയാണെങ്കിൽ ഉടൻതന്നെ പണിയാരംഭിക്കാൻ കഴിയുമെന്ന് വാർഡംഗം രശ്മി പറഞ്ഞു. സ്ഥിരംസമിതി ചെയർമാൻ രാജീവ്, വാർഡംഗം രശ്മി അനിൽകുമാർ തുടങ്ങിയവർ സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.