കാട്ടാക്കട: മോഷണസാധനങ്ങളുമായി കടന്നയാളുടെ കാര്‍ ഇന്ധനം തീര്‍ന്ന് വഴിയില്‍ നിന്നു; ഒടുവില്‍ റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന മണ്ണുമാന്തിയന്ത്രത്തില്നിന്ന് ഡീസല്‍ കവര്‍ന്ന് കാറിലൊഴിച്ചു. കാർ കണ്ടെത്തിയെങ്കിലും മോഷ്ടാവ് രക്ഷപ്പെട്ടു. തിങ്കളാഴ്ച അതിരാവിലെ പരുത്തിപ്പള്ളിയില്‍ ആരംഭിച്ച രംഗങ്ങള്‍ ക്ലൈമാക്സിലെത്തിയത് അഞ്ച് കിലോമീറ്റര്‍ അകലെയുള്ള പേഴുംമൂട്ടില്‍.
തിങ്കളാഴ്ച പുലര്‍ച്ച നാലോടെ മോഷണസാധനങ്ങളുമായി പോയ കാർ പരുത്തിപ്പള്ളിയില്വച്ച് ഇന്ധനം തീരുകയായിരുന്നു. ഇതിനിടെ തൊട്ടടുത്ത് മണ്ണുമാന്തിയന്ത്രം പാര്‍ക്ക് ചെയ്തിരിക്കുന്നത് മോഷ്ടാവിന്റെ ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന് മുഖംമൂടി ധരിച്ച ഇയാൾ ഡീസല്‍ കവര്‍ന്ന് കാറിലൊഴിച്ചു. ദൃശ്യങ്ങള്‍ സി.സി.ടി.വിയിലൂടെ കണ്ട മണ്ണുമാന്തിയന്ത്രം ഉടമ വിജീഷ് വിവരം സുഹൃത്തുക്കള്‍ക്ക് കൈമാറി. തുടര്‍ന്ന് ഡീസല്‍ കള്ളനെ പിടികൂടാനായി വിജീഷിന്റെ സംഘം സ്ഥലത്തെത്തി. ഇതിനിടെ മോഷ്ടാവ് കാറുമായി കടന്നു. വിജീഷും സംഘവും കാറിനുപിന്നാലെ പാഞ്ഞു. ബൈക്കുകള്‍ റോഡില്‍ കുറുകെ നിര്‍ത്തിയതുള്‍പ്പെടെ തടസ്സങ്ങള്‍ ഇടിച്ചുതെറിപ്പിച്ച് കിലോമീറ്ററുകളോളം കാര്‍ മുന്നോട്ടുപോയി.
ഇതിനിടെ പരുത്തിപ്പള്ളി സ്കൂളിന് സമീപം തടസ്സമായി വെച്ച ബൈക്ക് ഇടിച്ചുതെറിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ബോണറ്റില്‍ കോർത്തു. ബൈക്കുമായി രണ്ട് കിലോമീറ്ററോളം സഞ്ചരിച്ച കാര്‍ ഒരു സ്വകാര്യറോഡിലേക്കായിരുന്നു മോഷ്ടാവ് കാര്‍ ഓടിച്ചുകയറ്റിയത്. മുന്നോട്ടുപോകില്ലെന്ന് മനസ്സിലാക്കിയ കാര്‍ ഉപേക്ഷിച്ച് മതിൽ ചാടി ഓടി. റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന ബൈക്കിലായി പിന്നത്തെ യാത്ര. സംഘവും നാട്ടുകാരും അറിച്ചുപെറുക്കിയെങ്കിലും മോഷ്ടാവിന്റെ പൊടിപോലും കണ്ടുകിട്ടിയില്ല.
ഉപേക്ഷിച്ച കാറില്‍ പൊലീസും നാട്ടുകാരും നടത്തിയ പരിശോധനയില്‍ ക്ഷേത്രങ്ങളിലേതെന്നുകരുതുന്ന സ്വര്‍ണാഭരണങ്ങള്‍, നിലവിളക്ക്, പിച്ചള, വെങ്കല പാത്രങ്ങള്‍, മോഷണങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഇരുമ്പ് പാര ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ എന്നിവ കണ്ടെടുത്തു. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. ഇന്ധനമോഷണം നടന്നത് നെയ്യാര്‍ഡാം പൊലീസ് സ്റ്റേഷന് പരിധിയിലും കാര്‍ ഉപേക്ഷിച്ചത് കാട്ടാക്കട പൊലീസ് സ്റ്റേഷന് പരിധിയിലുമാണ്. രണ്ട് പൊലീസ് സ്റ്റേഷനില്‍ നിന്നും പൊലീസ് സംഘം എത്തി പരിശോധന നടത്തി. കാസര്‍കോട് രജിസ്ട്രേഷനിലുള്ള കാര്‍ മോഷ്ടിച്ചതാകാമെന്ന നിഗമനത്തിലാണ് പൊലീസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.