കാട്ടാക്കട: വേനല്‍ക്കാലത്ത് നഗരനിവാസികള്‍ക്ക് കുടിവെള്ളം മുടങ്ങാതിരിക്കാൻ നെയ്യാർ അണക്കെട്ടിലെ വെള്ളം അരുവിക്കര ഡാമിലെത്തിക്കാൻ നടപടി. പുതിയ പദ്ധതിക്ക് ജല അതോറിറ്റിയാണ് നടപടികളാരംഭിച്ചത്. നെയ്യാർ അണക്കെട്ടിലെ കാപ്പുകാട് റിസര്‍വോയറില്‍നിന്ന് കനാൽ നിർമിച്ച് കരമനയാർവഴി വെള്ളം അരുവിക്കര ഡാമിലെത്തിക്കാനുള്ള പദ്ധതിയാണ് പുരോഗമിക്കുന്നത്.
40 കോടി പ്രതീക്ഷിക്കുന്ന പദ്ധതി നിർദേശം ‘ജലജീവൻ മിഷന്’ നൽകാൻ ജല അതോറിറ്റി ജില്ല വാട്ടർ ആൻഡ് സാനിറ്റേഷൻ മിഷന് നൽകി.
വെള്ളത്തിനായി ഓടേണ്ട വർഷങ്ങളാണ് ഇനിയെന്ന കാലാവസ്ഥ പ്രവചനം മുന്നിൽകണ്ട് കരമനയാറിലെ ജലത്തിന്റെ ഒഴുക്ക് സുഗമമാക്കി നിലനിർത്താൻ ഏറ്റവും അടുത്തുള്ള നെയ്യാറിൽനിന്നുള്ള വെള്ളം എത്തിക്കാൻ കനാൽ ഉൾപ്പെടെ പണിയണമെന്ന നിർദേശമാണുള്ളത്. ഇതിനായി ജലസേചന വകുപ്പിന്റെ സഹകരണത്തോടെ പദ്ധതിയും തയാറാക്കിയിട്ടുണ്ട്.
കാട്ടാക്കട, കുറ്റിച്ചൽ, വെള്ളനാട്, അരുവിക്കര, ഉഴമലക്കൽ, വെമ്പായം, ആനാട്, കരകുളം തുടങ്ങിയ പഞ്ചായത്തുകളിലേക്കായി 40 ദശലക്ഷം ലിറ്ററോളം വെള്ളമാണ് ഇപ്പോൾ വേണ്ടിവരുന്നത്. ഈ സാഹചര്യത്തിൽ കടുത്ത വരൾച്ചയുണ്ടായാൽ ഇത് നഗരത്തിലെ ജലവിതരണത്തെ ബാധിക്കും. ഇതൊഴിവാക്കാനാണ് മുൻകരുതൽ എന്ന നിലയിൽ പുതിയ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.
പേപ്പാറ ഡാമിലെ വെള്ളം അരുവിക്കരയിലെത്തിച്ചാണ് നിലവിൽ ജല അതോറിറ്റി പമ്പിങ് നടത്തി തലസ്ഥാന നഗരത്തിൽ കുടിവെള്ള വിതരണം നടത്തുന്നത്.
2017ൽ കടുത്ത വരൾച്ചയുണ്ടായപ്പോൾ അരുവിക്കര ഡാമിൽ ജലനിരപ്പ് കുറഞ്ഞു.
കുടിവെള്ളത്തിന് നിയന്ത്രണമേര്‍പ്പെടുത്തി. പ്രശ്നപരിഹാരത്തിനായി നെയ്യാർ ജലസംഭരണിയിൽനിന്ന് കോട്ടൂർ കാര്യോട്- കുമ്പിൾമൂട് തോട് വഴി കരമനയാറിലെ അണിയിലക്കടവിലേക്കും അവിടെനിന്ന് അരുവിക്കരയിലേക്കും വെള്ളം എത്തിച്ചായിരുന്നു പരിഹാരം നടത്തിയത്.
നെയ്യാർ അണക്കെട്ടില്‍ സ്ഥാപിച്ച രണ്ടു ഡ്രഡ്ജറുകളിലൂടെയും നാല് പമ്പുകളിലൂടെയുമായി 90 എം.എൽ.ഡി വെള്ളമാണ് കുമ്പിൾമൂട് തോടുവഴി അരുവിക്കരയിലേക്ക് ഒഴുക്കിയത്.
ഈ പരീക്ഷണം വിജയിച്ചതോടെ സ്ഥിരം സംവിധാനം ഒരുക്കാൻ കഴിയുമോ എന്നറിയാൻ ജല അതോറിറ്റിയുടെയും ജലസേചന വകുപ്പിന്റെയും ഉന്നത ഉദ്യോഗസ്ഥർ നെയ്യാർ റിസർവോയറും പരിസര പ്രദേശങ്ങളും സന്ദർശിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് പദ്ധതിക്ക് രൂപം നൽകിയത്.
കരമനയാറിന്റെ അണിയിലക്കടവ് ഭാഗത്ത് നെയ്യാറിൽനിന്നുള്ള വെള്ളമെത്തിക്കാൻ ഏഴ് കിലോമീറ്റർ നീളമുള്ള കനാൽ പണിയണമെന്നാണ് ഇപ്പോഴത്തെ നിർദേശം. കോട്ടൂരിൽനിന്ന് ഒഴുകി കരമനയാറിലെ അണിയിലക്കടവിലെത്തുന്ന കാര്യോട് കുമ്പിൾമൂട് തോട് നിലവിലുണ്ട്. ഇതിന്റെ വശങ്ങൾ കോൺക്രീറ്റ് ചെയ്ത് കനാലായി രൂപപ്പെടുത്താം.
നിലവിൽ നെയ്യാർ അണക്കെട്ടിനെ ആശ്രയിച്ച് കാളിപാറ പദ്ധതി നിലവിലുണ്ട്.
ഒന്നാം പഞ്ചവത്സരപദ്ധതിയിൽ ഉള്‍പ്പെടുത്തി 1959ൽ കമീഷൻ ചെയ്തതാണ് നെയ്യാർഡാം. കന്യാകുമാരി ജില്ലയിലെ വിളവൻകോട് താലൂക്കിനെകൂടി ഉൾപ്പെടുത്തി നെയ്യാറ്റിൻകര, കാട്ടാക്കട താലൂക്കുകളിലെ 15,380 ഹെക്ടർ സ്ഥലത്തെ കൃഷിക്കുള്ള ജലസേചനത്തിന് ലക്ഷ്യമിട്ടതാണ് നെയ്യാർ ഇറിഗേഷൻ പ്രോജക്ട്.
വേനല്‍കാലത്ത് വറ്റിവരളുകയും മഴക്കാലത്ത് വെള്ളം തുറന്നുവിടുകയും ചെയ്യുന്നതാണ് നെയ്യാര്‍ഡാമിന്റെ നിലവിലെ രീതി. അത്പരിഹരിക്കാൻ മണല്‍നീക്കം ഉള്‍പ്പെടെ നിരവധി നിർദേശങ്ങളുണ്ടായിട്ടും നടപടിയുണ്ടായില്ല.
അണക്കെട്ടില്‍ അടിഞ്ഞുകൂടിയ മണലും എക്കലും നീക്കം ചെയ്താൽ സംഭരണശേഷി കൂടുന്നതിനൊപ്പം മണല്‍ വില്പനവഴി വലിയ വരുമാനവും സര്ക്കാറിനെത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.