കാട്ടാക്കട: തോക്ക് ചൂണ്ടി വീട്ടമ്മയെ മർദിക്കുകയും കമ്മൽ തട്ടിയെടുക്കുകയും ചെയ്ത സംഭവത്തിൽ പ്രതിക്കായി കാട്ടാക്കട പൊലീസ് അന്വേഷണം ഊർജിതമാക്കി. ഞായറാഴ്ച രാവിലെ കാട്ടാക്കട മുതിയാവിള കളിയാകോട് ശാലോം നിവാസിൽ വാടകക്ക് താമസിക്കുന്ന ബധിരയും മൂകയുമായ കുമാരിയുടെ (56) കമ്മലാണ് വീട്ടിലെത്തിയ മോഷ്ടാവ് മര്‍ദിച്ചശേഷം തോക്കുചൂണ്ടി ഊരി വാങ്ങി കടന്നത്.
മകളും മരുമകനും പള്ളിയിൽ പോയ തക്കത്തിനായിരുന്നു മോഷണം. സംഭവത്തിനു പിന്നിൽ ഈ കുടുംബവുമായി ബന്ധമുള്ള ആളാണെന്ന് സംശയമുണ്ടെന്ന് പൊലീസ് പറഞ്ഞു.
സ്പെഷൽ സ്കൂൾ അധ്യാപികയുടെ സഹായത്തോടെ കുമാരിയിൽനിന്നും മൊഴിയെടുത്തിട്ടുണ്ട്. മോഷ്ടാവിന്റെ കൈയിൽ തോക്ക് ഉണ്ടായിരുന്നതായി കുമാരി ഉറപ്പിച്ച് പറയുന്നു.
എന്നാൽ, കറുത്ത കൈയുറ തോക്കുപോലെ ചൂണ്ടിയതാകാമെന്നാണ് പൊലീസിന്റെ വിശദീകരണം. കളിത്തോക്കായിരിക്കാമെന്നും സംശയമുണ്ട്. ഇക്കാര്യത്തിൽ വ്യക്തത വരുത്താൻ പൊലീസിനായിട്ടില്ല. സമീപത്തുള്ള സ്ഥാപനങ്ങളിലെയും വീടുകളിലെയും ലഭ്യമായ സി.സി ടി.വി ദൃശ്യങ്ങൾ വിശദമായി പരിശോധിച്ചു വരുന്നു.
വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും തെളിവെടുത്തു. ഇതിനിടെ സംഭവം നടക്കുന്നതിന് കുറച്ചുസമയം മുമ്പ് സമീപത്തുള്ള കടയും വീടും ചേർന്ന സ്ഥലത്ത് ബൈക്കിലെത്തിയ രണ്ടുപേർ കുമാരിയുടെ മരുമകൻ രതീഷിന്റെ വീട് ഏതെന്ന് ചോദിച്ചറിഞ്ഞതായി വിവരം ലഭിച്ചു. മോഷണത്തിന് ഒരാൾ മാത്രമേ വീട്ടിൽ കടന്നുള്ളൂ എങ്കിലും ഒന്നിലധികം പേര് ഉണ്ടാകാനാണ് സാധ്യതയെന്ന് പൊലീസും ഉറപ്പിച്ചിട്ടുണ്ട്. മോഷ്ടാവ് കൊണ്ടുപോയത് മുക്കുപണ്ടം ആയിരുന്നെന്ന് പൊലീസ് പറഞ്ഞു. ഇതു വീട്ടുകാരും സ്ഥിരീകരിച്ചു.
വീട്ടിലുള്ള അലമാരയും തുണികളും വാരിവലിച്ചിട്ടെങ്കിലും മറ്റൊന്നും നഷ്ടപ്പെട്ടില്ല. എന്നാല്‍, പട്ടാപ്പകല്‍ വീട്ടില്‍ കയറി തോക്കിന്മുനയില് നിര്‍ത്തി കവര്‍ച്ച നടത്തിയത് നാട്ടുകാരെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.