കാട്ടാക്കട: മലയോരമേഖലയില്‍ പനിപടര്‍ന്നു പിടിക്കുമ്പോൾ പാരസെറ്റമോൾ കുത്തിവെപ്പിന് പോലും മരുന്നും, അത്യാവശ്യ പരിശോധനക്ക് ലബോറട്ടറിയിൽ സംവിധാനവുമില്ലാതെ കുറ്റിച്ചല്‍ പഞ്ചായത്തിലെ ആതുരാലയം. അഗസ്ത്യവനത്തിലെ 27 ആദിവാസി ഊരിലുള്ളവർക്കും മലയോരമേഖലയിലെ ജനങ്ങൾക്കും സൗജന്യചികിത്സ നൽകേണ്ട കുറ്റിച്ചൽ കുടുംബാരോഗ്യ കേന്ദ്രത്തിനാണ് ഈ ദുര്‍ഗതി. ദിനംപ്രതി മുന്നൂറിലേറെ പേര് ചികിത്സ തേടി എത്തുന്നു.
ഏറെയും ആദിവാസി വിഭാഗത്തിലുള്ളവരാണ്. വനത്തിനുള്ളിലെ 22 കിലോമീറ്റർ അകലെയുള്ള ഊരുകളിൽ നിന്നുപോലും ആദിവാസികൾ ഇവിടെ ചികിത്സക്കെത്തുന്നു. രണ്ട് സ്ഥിരം ഡോക്ടർമാരും, എൻ.എച്ച്.എം. വഴിയുള്ള രണ്ട് ഡോക്ടർമാരുമുണ്ട്. സ്ഥിരം മെഡിക്കല്‍ ഓഫിസറുടെ ഒഴുവുണ്ടായിട്ട് ഏറെ നാളായി. ആവശ്യത്തിന് നഴ്സിനെ പോലും നിയമിച്ചിട്ടില്ല. രാത്രി ഏഴുവരെ മാത്രമാണ് ഡോക്ടറുടെ സേവനം ലഭിക്കുക.
അത് കഴിഞ്ഞാൽ അത്യാവശ്യ ചികിത്സ കിട്ടണമെങ്കിൽ അഞ്ച് കിലോമീറ്റർ അകലെയുള്ള ആര്യനാട് താലൂക്ക് ആശുപത്രിയിലോ 20 കിലോമീറ്ററോളം അകലെയുള്ള മലയിന്‍കീഴ് താലൂക്ക് ആശുപത്രിയിലോ എത്തണം. ലബോറട്ടറി ഉണ്ടെങ്കിലും അത്യാവശ്യ പരിശോധകൻ പോലും നടക്കുന്നില്ലെന്ന് രോഗികൾ ആരോപിക്കുന്നു. പഞ്ചായത്ത് നിയമിച്ച രണ്ട് താത്ക്കാലിക ജീവനക്കാരാണ് ഇവിടെയുള്ളത്.
പരിശോധനകൾക്ക് ഉപയോഗിക്കുന്ന രാസപദാർഥങ്ങൾ ഇല്ലാത്തതിനാൽ ജീവനക്കാർക്ക് പണിയില്ല. രാവിലെ ഒന്നോ രണ്ടോ മണിക്കൂർ മാത്രമാണ് പ്രവർത്തിക്കുന്നതെന്നും രോഗികൾ പറയുന്നു. കുത്തിവെപ്പിന് ആറ് രൂപ വിലയുള്ള മരുന്നുപോലും 30 രൂപയോളം ഓട്ടോ ചാർജ് നൽകി മെഡിക്കൽ സ്റ്റോറിൽ നിന്നു വാങ്ങി നൽകേണ്ട സ്ഥിതിയാണ്.
വിലയേറിയ മരുന്നുകളും കിട്ടാനില്ല. വനത്തിനുള്ളിലെ ആദിവാസി മേഖലകളിൽ മാസം 16 മെഡിക്കൽ ക്യാമ്പുകളാണ് നടക്കുന്നത്. ഇതിനായി ‘ഫോർവീൽ’ ഡ്രൈവുള്ള ആംബുലൻസ് വേണമെന്ന ആവശ്യത്തിനും പരിഹാരമാകുന്നില്ല. ആശുപത്രിയിലേക്കുള്ള റോഡും പൊളിഞ്ഞ സ്ഥിതിയിലാണ്. സാമൂഹികാരോഗ്യ കേന്ദ്രമാക്കി ഉയർത്തിയാൽ കൂടുതൽ സൗകര്യങ്ങൾ ഉണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.