കാട്ടാക്കട: പൂവച്ചൽ ഗ്രാമപഞ്ചായത്തിൽ അനധികൃതമായി പ്രവർത്തിക്കുന്ന പന്നി വളർത്തൽ കേന്ദ്രങ്ങൾ 10 ദിവസത്തിനുള്ളിൽ അടച്ചുപൂട്ടണമെന്ന് ഹൈകോടതി ഉത്തരവിറക്കി. പഞ്ചായത്തിലെ കരിയംകോട്, പാറാംകുഴി, മരത്തകിടി, കാപ്പിക്കാട് എന്നിവിടങ്ങളിലാണ് പന്നി വളർത്തൽ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്. പൂവച്ചൽ സ്വദേശികളായ അരുൺകുമാർ, ഡേവിഡ്സൺ എന്നിവർ നൽകിയ പരാതിയിലാണ് ജഡ്ജി നഗരേഷിന്റെ വിധി.
പലരും ഒരു ലൈസൻസുമില്ലാതെയാണ് ഫാം നടത്തുന്നത്. അഞ്ച് പന്നികളെ ലൈസൻസില്ലാതെ വളർത്താമെന്ന ആനുകൂല്യം മുതലെടുത്ത് നൂറിലേറെ പന്നികളെ വളർത്തുന്ന കേന്ദ്രങ്ങൾ ഇവിടെ പ്രവർത്തിക്കുന്നതായി നെടുമങ്ങാട് ആർ.ഡി.ഒ നടത്തിയ പരിശോധനയിലും കണ്ടെത്തിയിരുന്നു. തുടർന്ന്, പഞ്ചായത്തിന്റെ ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന എല്ലാ ഫാമുകളും പൂട്ടി മുദ്ര ചെയ്ത് വിവരം പഞ്ചായത്ത് സെക്രട്ടറി റിപ്പോർട്ട് ചെയ്യണമെന്ന് ആർ.ഡി.ഒയും ഉത്തരവ് പുറപ്പെടുവിച്ചു. ഉത്തരവ് പാലിക്കാതിരിക്കാൻ നിയമപരമായ കാരണമുള്ള പക്ഷം വെള്ളിയാഴ്ച നേരിട്ട് ഹാജരായി ബോധിപ്പിക്കണമെന്നുമുണ്ടായിരുന്നു.
ഉത്തരവ് പുറത്തുവന്നതിന് പിന്നാലെ, പൂവച്ചൽ പഞ്ചായത്ത് സെക്രട്ടറി സ്ഥലം മാറ്റം വാങ്ങിപ്പോയി. ഇനി പുതിയ ആൾ ജോലി ഏറ്റെടുത്താലേ നടപടികൾ പുരോഗമിക്കൂ. കോടതി ഉത്തരവ് പ്രകാരം ലൈസൻസ് നേടാത്ത എല്ലാ ഫാമുകളും പൂട്ടിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ടി. സനൽകുമാർ പറഞ്ഞു. ജനജീവിതം ദുസ്സഹമാക്കുന്ന ഫാമുകൾ പൂട്ടിക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസികൾ നൽകിയ പരാതികൾ അധികൃതർ അവഗണിച്ചപ്പോൾ ജനകീയ സമിതി രൂപവത്കരിച്ച് സമരം നടത്തിയിട്ടും പരിഹാരമാകാതെ വന്നപ്പോഴാണ് കോടതിയിലെത്തി ഈ വിധി നേടിയെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.