കാട്ടാക്കട: ചൊവ്വാഴ്ച ഉച്ചകഴിഞ്ഞുണ്ടായ പെരുമഴയിൽ കുറ്റിച്ചല്‍, കള്ളിക്കാട്, അമ്പൂരി, ആര്യനാട് ഗ്രാമപഞ്ചായത്തുകളിലെ താഴ്ന്നപ്രദേശങ്ങളെല്ലാം വെള്ളത്തിനടയിലായി. മൂന്നുമണിക്കൂറോളം തിമിര്‍ത്ത് പെയ്ത മഴയില്‍ നെയ്യാര്‍ഡാമിലേക്കും വെള്ളം ഒഴുകിയെത്തി. മണിക്കൂറുകള്‍ കൊണ്ട് അരമീറ്ററിലധികം വെള്ളമാണ് ഉയര്‍ന്നത്. വൈകീട്ടോടെ നെയ്യാര്‍ഡാമിലെ ജലനിരപ്പ് 83.900 മീറ്ററിലെത്തി.
മഴ ശക്തിപ്പെട്ടതോടെ പൊടുന്നനെ കാര്യോട് കുമ്പിള്‍മൂട് തോട് കരകവിഞ്ഞൊഴുകി. നിരവധി വീടുകൾ വെള്ളപ്പൊക്ക ഭീഷണിയിലായി. കോട്ടൂര്‍, ഉത്തരംകോട് മേഖലയിലെ പല പ്രദേശങ്ങളും ഒറ്റപ്പെട്ടു. വൈദ്യുതി-ടെലഫോണ്‍ ബന്ധങ്ങള്‍ നിലച്ചു.
തിങ്കളാഴ്ച വൈകീട്ട് നാലരയോടെയാണ് സംഭവം. മഴ കുറഞ്ഞ സമയത്ത് തോട് നിറഞ്ഞ് പ്രദേശത്തെ ഏക്കര്‍ കണക്കിന് പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാകുകയും കോട്ടൂര്‍ -കാപ്പുകാട്, ഉത്തരംകോട് -പങ്കാവ് റോഡുകളില്‍ വെള്ളം നിറയുകയും ചെയ്തതോടെയാണ് സംഭവം നാട്ടുകാരറിയുന്നത്.
മണിക്കൂറുകളോളം കോട്ടൂര്‍ സെറ്റില്‍മെന്റ് പ്രദേശത്തേക്ക് വാഹനങ്ങള്‍ പോകാനോ വനത്തിലുണ്ടായിരുന്ന വാഹനങ്ങള്‍ പുറത്തിറങ്ങാനോ കഴിഞ്ഞില്ല. രാത്രി വൈകിയും വെള്ളം ഒഴുകുന്നതിനാല്‍ പങ്കാവ്, മലവില, കുരുന്തറക്കോണം പ്രദേശത്തുള്ളവര്‍ ഒറ്റപ്പെട്ട അവസ്ഥയിലാണ്.
കുറ്റിച്ചല്‍, കള്ളിക്കാട്, അമ്പൂരി ഗ്രാമപഞ്ചായത്തുകളിലെ നിരവധി റോഡും കൃഷിയിടങ്ങളും വെള്ളത്തിനടിയിലായി. കോട്ടൂർമുതൽ ഉത്തരംകോടുവരെ തോട് കടന്നുപോകുന്ന പ്രദേശം വെള്ളം കയറി. തുടർന്ന് കോട്ടൂർ റോഡിലും വെള്ളം ക്രമാതീതമായി ഉയർന്നു. ഗതാഗതം പൂർണമായും തടസ്സപ്പെട്ടു.
മുണ്ടണിമാടൻ ക്ഷേത്രം വെള്ളത്തിനടിയിലായി. കോട്ടൂരേക്കുള്ള വൈദ്യുതി, ടെലഫോൺ ബന്ധവും നിലച്ചു. മുണ്ടണി, ചപ്പാത്ത് മുതൽ പച്ചക്കാട് ജങ്ഷൻവരെ വെള്ളമെത്തി.
മൂന്ന് മണിക്കൂറോളം വെള്ളക്കെട്ട് തുടർന്നതായി നാട്ടുകാർ പറഞ്ഞു. അഗസ്ത്യവനത്തിലെ വലിയ തോടാണ് കരമനയാറിൽ ചെന്നുചേരുന്ന കുമ്പിൾമൂട് തോട്. വനത്തിലേക്കുള്ള ഗതാഗതവും നിലച്ചു. നെയ്യാർ, പേപ്പാറ, അഗസ്ത്യവനം റേഞ്ചുകളിലെ വനത്തിൽ ഇപ്പോഴും മഴ തുടരുന്നതിനാലും അഗസ്ത്യവനത്തിലെ ആദിവാസി ഊരുകൾ ഒറ്റപ്പെട്ട അവസ്ഥയിലാണ്. കുറ്റിച്ചല്‍ നിലമ ഏലായും കാര്യോട് പ്രദേശവുമൊക്കെ വെള്ളത്തിനടിയിലായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.