കാട്ടാക്കട: പൂവച്ചൽ പഞ്ചായത്തിലെ അരുവിക്കുഴിയിൽ ജനവാസമേഖലയിൽ മദ്യവിൽപന കേന്ദ്രം തുടങ്ങാൻ നീക്കം. ഇതിനെതിരെ പ്രതിഷേധവുമായി പ്രദേശവാസികൾ രംഗത്തെത്തി. കള്ളിക്കാട് ജങ്ഷന് സമീപത്തെ പെട്രോൾ പമ്പിനോട് ചേർന്ന സ്വകാര്യ വ്യക്തിയുടെ പണിപൂർത്തിയാകുന്ന കെട്ടിടത്തിലാണ് ബിവറേജസ് കോർപറേഷന്റെ ഔട്ട്ലെറ്റ് തുടങ്ങാൻ ശ്രമം നടക്കുന്നത്.
ഔട്ട്ലെറ്റ് വരുമെന്ന് ഉറപ്പായതോടെ പ്രദേശവാസികൾ ജനകീയ കൂട്ടായ്മ രൂപവത്കരിച്ചു. പ്രതിഷേധസമരം സംഘടിപ്പിക്കാനാണ് തീരുമാനം. ഔട്ട്ലെറ്റ് തുടങ്ങാനുദ്ദേശിക്കുന്ന പ്രദേശം ജനസാന്ദ്രതയേറിയ ഇടമാണ്. ഈ ഭാഗത്ത് മുപ്പതോളം കുടുംബങ്ങളാണ് താമസിക്കുന്നത്. മദ്യവിൽപനശാല വരുന്നത് വാഹനത്തിരക്കുള്ള കാട്ടാക്കട-നെയ്യാർഡാം റോഡിൽ അപകട സാധ്യതയും വർധിപ്പിക്കും. കാട്ടാക്കട-നെയ്യാർഡാം പൊലീസ് സ്റ്റേഷനുകളുടെ അതിർത്തി പ്രദേശം കൂടിയാണ് അരുവിക്കുഴി.
ഇക്കാരണത്താൽ പലപ്പോഴും വിവിധ ആവശ്യങ്ങൾക്കായി പൊലീസിനെ ബന്ധപ്പെട്ടാൽപോലും ഇരു സ്റ്റേഷനുകളും തങ്ങളുടെ അതിർത്തിയല്ലെന്ന് പറഞ്ഞ് ൈകയൊഴിയും. മദ്യശാലകൂടി വരുന്നതോടെ പ്രദേശത്തെ സ്വൈരജീവിതം തടസ്സപ്പെടുമോയെന്ന ആശങ്കയും പ്രദേശവാസികൾ പങ്കുെവക്കുന്നു.
മദ്യവിൽപന കേന്ദ്രം ഇവിടെ സ്ഥാപിക്കരുതെന്നാവശ്യപ്പെട്ട് ജനകീയ കൂട്ടായ്മ മുഖ്യമന്ത്രി, എക്സൈസ് മന്ത്രി, ബിവറേജ് കോർപറേഷൻ എം.ഡി, ഡി.ജി.പി, പൂവച്ചൽ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ഉൾപ്പടെയുള്ളവർക്ക് നിവേദനം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.