മിഥുന്​ മജ്ജ സഹോദരൻ നൽകും; പക്ഷേ, ചികിത്സക്ക്​ 20 ലക്ഷം രൂപ വേണം

കാട്ടാക്കട: വാടകവീട്ടിൽ കഴിയുകയാണ്​ 25കാരനായ മിഥുന്‍റെ കുടുംബം. അതിനിടെയാണ്​ ഇടിത്തീപോലെ രോഗമെത്തിയത്​, രക്​താർബുദം. മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയാണ്​ ഡോക്​ടർമാർ നിർദേശിക്കുന്ന പോംവഴി. മജ്ജ നൽകാൻ സഹോദരൻ നിഥിൻ തയ്യാറാണ്​. പക്ഷേ, പണമാണ്​ പ്രശ്​നം. ചികിത്സക്കുള്ള തുക എവിടെ നിന്ന്​ ക​ണ്ടെത്തുമെന്നറിയാതെ ആശങ്കയിലാണ്​ ഇവരുടെ മാതാപിതാക്കളായ കാട്ടാക്കട രാഹുൽ ഭവനിൽ മുരളീധരനും ഷീജയും.

2018ൽ ബിരുദ പഠനത്തിന്‍റെ അവസാനനാളിൽ ബോധക്ഷയം ഉണ്ടായി ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെയാണ് രക്താർബുദം (അക്യൂട്ട് മേലോയിഡ് ലുക്കീമിയ) ആന്നെന്നു തിരിച്ചറിയുന്നത്. തുടർന്ന് ഈ നിർധന കുടുംബം നാട്ടുകാരുടെയും ബന്ധുക്കളുടെയും സഹായത്തോടെ ചികിത്സ നടത്തി. രോഗം ഭേദമാകും എന്ന വിശ്വാസത്തിൽ തുടരവെ കഴിഞ്ഞ വർഷം വീണ്ടും രോഗം പ്രത്യക്ഷമാകുകയും റീജണൽ കാൻസർ സെന്‍ററിൽ പ്രവേശിപ്പിക്കുകയും ചെയ്തു.

ഇപ്പോൾ ഒരു ഘട്ടം കീമോ തെറപ്പിക്ക് ആറു ലക്ഷത്തോളം രൂപ വേണം. രോഗം ഗുരുതരമായതിനാൽ ഡോക്ടർമാർ 'മജ്ജ മാറ്റിവയ്ക്കൽ' ശസ്ത്രക്രിയയ്ക്ക് ശുപാർശ ചെയ്തു. ഇതിനായി 20 ലക്ഷം രൂപ ചെലവ് വരുമെന്ന് ഡോക്ടർമാർ അറിയിച്ചു. ഇതിനിടെ സഹോദരൻ നിഥിന്‍റെ മജ്ജ ശസ്ത്രക്രിയയ്ക്കായി അനുയോജ്യമാണെന്ന് പരിശോധന ഫലവും വന്നു. അതിനാൽ ശസ്ത്രക്രിയയ്ക്ക് പണം മാത്രമായി തടസം.

ആദ്യഘട്ട ചികിത്സയുടെ തന്നെ ബാധ്യതയിൽ നിസ്സഹായ അവസ്ഥയിലാണ് കുടുംബം. കിടപ്പാടമില്ലാത്തതിനാൽ വാടകവീട്ടിൽ കഴിയുന്ന ഇവർക്ക് ആകെയുണ്ടായിരുന്ന സ്​ഥലം ചികിത്സയ്ക്കായി പണയത്തിലാണ്. കടകളിൽ ദിവസവേതനത്തിന് ജോലി ചെയ്താണ് മുരളീധരനും ശ്രീജയും ജീവിതചെലവുകൾ കണ്ടെത്തിയിരുന്നത്. ഇപ്പോൾ മകനോടൊപ്പം ആശുപത്രിയിൽ കഴിയുന്നതിനാൽ ജീവിതവും വഴിമുട്ടി.

മകനെ സുമനസുകളുടെ സഹായത്തോടെ മാത്രമേ ഇനി ജീവിതത്തിലേക്ക് പിടിച്ചുകയറ്റാൻ ഇവർക്ക് കഴിയുകയുള്ളു. യുവാവിന്‍റെ ജീവൻ രക്ഷിക്കാൻ സുഹൃത്തുക്കൾ ചേർന്ന് അമ്മ ഒ. ശ്രീജയുടെ പേരിൽ കനറാ ബാങ്ക് പുത്തൻചന്ത ബ്രാഞ്ചിൽ 0822108029634 നമ്പറിൽ എസ്.ബി അക്കൗണ്ട് തുറന്നിട്ടുണ്ട്. (I.F.S.C. CNRB0000822). 9746726070 ഫോൺ നമ്പരിൽ ഗൂഗിൾ പേ യുമുണ്ട്.

Tags:    
News Summary - Nithin donate bone marrow to brother; But treatment requires Rs 20 lakh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.