കാട്ടാക്കട: മോട്ടോര്‍ വാഹനവകുപ്പ് പിടികൂടിയയാളെ കേസ് എടുക്കാതെ വിട്ടയക്കാൻ വിജിലന്‍സ് ഓഫിസറെന്ന പേരില്‍ ഫോണിലൂടെ ശിപാര്‍ശ. സംശയം തോന്നിയ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ മൊബൈല്‍ ഫോണ്‍ ട്രൂകോളര്‍ പരിശോധിച്ച് ആളെ കസ്റ്റഡിയിലെടുത്തെങ്കിലും പിന്നീട് വിട്ടയക്കുകയായിരുന്നു. ട്രൂകോളറിൽ പേരിനൊപ്പം വിജിലന്‍സ് വകുപ്പിന്റെ മുദ്രയും കണ്ടെത്തിയിട്ടും ഇയാളെ വിട്ടയച്ചതിനെതിരെ ആക്ഷേപം ഉയർന്നിട്ടുണ്ട്.
കഴിഞ്ഞദിവസമാണ് കാട്ടാക്കട ഭാഗത്തുവെച്ച് റോഡ് നിയമം ലംഘിച്ചതിന് ദമ്പതികളെ മോട്ടോർ വാഹനവകുപ്പ് പിടികൂടിയത്. പിന്നാലെയാണ് വിജിലൻസ് ഓഫിസറെന്ന പേരിൽ ഫോൺകാൾ വന്നത്. സംശയംതോന്നിയ മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥർ കൂടുതൽ അന്വേഷണം നടത്തി. വിജിലന്‍സ് അഡ്മിനിസ്ട്രേറ്റിവ് ഓഫിസിലാണ് ജോലിയെന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ സെക്രട്ടേറിയറ്റില്‍ അന്വേഷണം നടത്തിയപ്പോള്‍ അങ്ങനെയൊരാള്‍ ഇല്ലെന്ന് തെളിഞ്ഞു. ഇതോടെ കള്ളക്കളി സ്ഥിരീകരിച്ചു. ഇതിനിടെ വീണ്ടും ‘വിജിലന്‍സ് ഓഫിസറുടെ’ ഫോണ്‍വിളിയെത്തി. സംശയം തോന്നാതെ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥന് സംസാരിച്ചു. തന്ത്രപൂർവം കാട്ടാക്കടയിലെ റീജനല്‍ ട്രാൻസ്പോർട്ട് ഓഫിസിലേക്ക് വിളിച്ചുവരുത്തിക്കുകയും ചെയ്തു.
ചോദ്യം ചെയ്യല്‍ തുടങ്ങി പിടിയിലാകുമെന്ന് ഉറപ്പായതോടെ നിയമലംഘനം നടത്തിയ ദമ്പതികളും വ്യാജവിജിലന്സ് ഓഫിസറും കൂട്ടക്കരച്ചിലായി. മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥരുടെ കാലുപിടിച്ചു. മാപ്പ് പറഞ്ഞതോടെ വ്യാജവിജിലന്സ് ഓഫിസറെ മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ വിട്ടയക്കുകയായിരുന്നു. ഗുരുതര കുറ്റംചെയ്തയാളെ വെറുതെ വിട്ടതിനെതിരെയാണ് ശക്തമായ ആക്ഷേപം ഉയർന്നിരിക്കുന്നത്. അതേസമയം, റോഡ് നിയമം ലംഘിച്ചതിന് പിടികൂടിയ ദമ്പതികൾക്കെതിരെ കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.