കാട്ടാക്കട: വെള്ളത്തിന്റെ കുത്തൊഴുക്കില്‍ മണ്ണൊലിച്ചുപോയ കനാല്‍ ബണ്ട് റോഡിന്റെ നിര്‍മാണം തുടങ്ങിയില്ല; നൂറുകണക്കിനാളുകള്‍ നാട്ടിലിറങ്ങാന്‍ ബുദ്ധിമുട്ടുന്നു. സ്കൂള്‍ ബസുകളുള്‍പ്പെടെയുള്ള വലിയ വാഹനങ്ങള്‍ യാത്ര നിലച്ചിട്ട് മാസങ്ങളായി. അപകടം പതിയിരിക്കുന്ന റോഡിലൂടെ ദിനംപ്രതി നിരവധി വാഹനങ്ങളും കടന്നുപോകുന്നു. മാറനല്ലൂര്‍ മലവിള പാലത്തിനുസമീപത്തെ കനാല്‍ റോഡാണ് മാസങ്ങള്‍ക്ക് മുമ്പ് തകര്‍ന്നത്. കനാലിന്റെ നിര്മാണത്തിനുവേണ്ടി പണം അനുവദിച്ചിട്ട് മാസങ്ങളായതായി അധികൃതര്‍ അറിയിച്ചിട്ടും ഇതേവരെ പണിതുടങ്ങാനായില്ല.
25 ലക്ഷം രൂപയാണ് പുനര്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കായി അനുവദിച്ചതെങ്കിലും ഇതേവരെ പണി തുടങ്ങിയില്ല. നിര്‍മാണ ജോലികള്‍ ഉടന്‍ ആരംഭിക്കുമെന്ന് ആഴ്ചകള്‍ക്കുമുമ്പ് ജലസേചനവകുപ്പ് അധികൃതര്‍ അറിയിച്ചിരുന്നതാണ്.
കോടികള്‍ മുടക്കി നിര്‍മിച്ച മലവിള പാലം ഉദ്ഘാടനം കഴിഞ്ഞ് രണ്ടുമാസം തികയും മുമ്പാണ് സമീപത്തെ കനാൽ വശത്തെ ബണ്ട് ഇടിഞ്ഞുതാഴ്ന്നത്. ഇത് വലിയ പ്രതിഷേധങ്ങള്‍ക്കിടയാക്കിയിരുന്നു. പാലത്തിന്റെ വശത്തുകൂടി പോകുന്ന ജലവിതരണപൈപ്പ് പൊട്ടിയതു കാരണമാണ് മണ്ണിടിച്ചിലുണ്ടായത്. ബണ്ട് തകര്‍ന്നത് കാരണം അപ്രോച്ച് റോഡുവഴിയുള്ള ഗതാഗതവും നിരോധിച്ചിരുന്നു. എന്നാല്‍, മാസങ്ങളായിട്ടും പണി തുടങ്ങാത്തത് കാരണം നാട്ടുകാര്‍ തന്നെ അടച്ചിരുന്ന റോഡ് തുറന്നു.
മാറനല്ലൂര്‍, പുത്തന്‍ കാവുവിള പ്രദേശത്തെ ആയിരത്തോളം കുടുംബങ്ങളാണ് കനാല്‍ ബണ്ട് അപകടത്തിലായതു നിമിത്തം ബുദ്ധിമുട്ടുന്നത്. കാലവര്‍ഷത്തില്‍ നെയ്യാറിന്റെ വലതുകര കനാല്‍ കടന്നു പോകുന്ന മണ്ണടിക്കോണം ഭാഗത്ത് വലിയ തോതിലുള്ള മണ്ണിടിച്ചിലുണ്ടായെങ്കിലും അതിനും ഇതുവരെ പരിഹാരം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.