കാട്ടാക്കട: വേനല്‍ കടുത്തതോടെ തെക്കന്‍ മലയോരമേഖലയിൽ തീറ്റയും വെള്ളവും തേടി വന്യമൃഗങ്ങൾ കൂട്ടത്തോടെ ജനവാസ മേഖലകളിലെത്തുന്നു.
കാട്ടാന, കാട്ടുപന്നി, കുരങ്ങ്, മ്ലാവ്, കാട്ടുപോത്ത് എന്നിവ കൃഷിക്കും മനുഷ്യജിവനും ഭീഷണി സൃഷ്ടിക്കുന്നു. മാനും മലയണ്ണാനും മയിലും മ്ലാവും കൃഷിയിടങ്ങളില്‍ വരുത്തിവെക്കുന്ന നാശം ചില്ലറയൊന്നുമല്ല. മലയണ്ണാനും, വാനരപ്പടയും കാട്ടാക്കട, നെയ്യാറ്റിന്‍കര, നെടുമങ്ങാട് താലൂക്കുകളിലെ വനാതിര്‍ത്തി പഞ്ചായത്തുകളിലെ തെങ്ങുകളില്‍നിന്ന് തേങ്ങയും കരിക്കും നശിപ്പിക്കുന്നതിനു കണക്കില്ല.കേരകർഷകർ വലിയ നഷ്ടത്തിലേക്കെത്തിയിരിക്കുകയാണ്. മരിച്ചീനിയും വാഴയും കൃഷിചെയ്യുന്നിടത്ത് കാട്ടുപന്നിയും, മ്ലാവും, മാനുകളും വലിയ നാശം വരുത്തുന്നു.
ഇതുകാരണം നൂറുകണക്കിന് ഭൂവുടമകള്‍ കൃഷി ഉപേക്ഷിച്ചിരിക്കുകയാണ്. പലരും വലിയ കടബാധ്യതയിലുമാണ്.
തലസ്ഥാന ജില്ലയില്‍ കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ പരിക്കേറ്റത് നിരവധി പേരാണ്. അതില്‍ അംഗപരിമിതരായവരും നിരവധിയുണ്ട്. റബര്‍ ടാപ്പിങ് തൊഴിലാളികളും, കര്‍ഷകരുമാണ് കാട്ടുപന്നികളുടെ ആക്രമണത്തില്‍ പരിക്കേറ്റവരേറെയും. ഇവരൊക്കെ നിത്യചെലവുകള്‍ക്കുപോലും വകയില്ലാതെ ബുദ്ധിമുട്ടുകയാണെന്നതാണ് വസ്തുത. ഗ്രാമീണമേഖലയിൽ വീടുകളിലും മറ്റും പാമ്പുകളുടെ ശല്യവും രൂക്ഷമാണ്. ഏറെയും ഭീമന് പെരുമ്പാമ്പുകളുടെ ശല്യമാണ്.
ഒരു വര്‍ഷത്തിനുള്ളില്‍ നൂറിലേറെ പാമ്പുകളെ പിടിച്ചുകൊണ്ടു പോയതായാണ് വനപാലകര്‍ പറയുന്നത്. പറമ്പിലും വീട്ടിനുള്ളിലും കാലിത്തൊഴുത്തിലും കോഴിക്കൂടുകളിലും പാമ്പുകളെ കാണുമ്പോള്‍ പകുതിപേര് പോലും വനപാലകരെ അറിയിക്കില്ല. നാട്ടുകാരൊക്കെ പിടികൂടുകയാണ് ചെയ്യുന്നത്. കാട്ടാക്കട താലൂക്കിലെ ഗ്രാമീണമേഖലകളില്നിന്ന് കഴിഞ്ഞ ഒരുവര്‍ഷത്തിനുള്ളില്‍ നൂറിലേറെ കോഴികളെയാണ് പെരുമ്പാമ്പുകള്‍ അകത്താക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.