കാട്ടാക്കട: കോട്ടൂർ അഗസ്ത്യവനത്തിലെ സെറ്റില്‍മെന്റ് മേഖലയിലും ഊരുകളിലേക്കുള്ള വഴികളിലും കാട്ടാനകളുടെ ശല്യം അതിരൂക്ഷം. വെള്ളിയാഴ്ച വനപാലകനും ആദിവാസിയുവാവും കാട്ടാന ആക്രമണത്തില്‍നിന്ന് രക്ഷപ്പെട്ടു. വനാപലകന് സഞ്ചരിച്ച ബൈക്ക് കാട്ടാന നശിപ്പിച്ചു. വെള്ളിയാഴ്ച വനത്തിലെ പൊടിയം സെറ്റില്‍മെന്റിനടുത്ത് ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന രാജേഷ് (29) കാട്ടാനയുടെ ആക്രമണത്തില്‍ നിന്ന് കഷ്ടിച്ചാണ് രക്ഷപ്പെട്ടത്.
വിവരം അന്വേഷിക്കാൻ വൈകീട്ടോടെ വനത്തിലേക്ക് ബൈക്കിൽ പോയ വനപാലകസംഘത്തിലെ റെജിയെ പാലമൂട് െവച്ച് ആനക്കൂട്ടം വിരട്ടി. റെജി ബൈക്കുപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. മൂന്ന് പിടിയാനകളും ഒരു കുട്ടിയാനയും സംഘത്തിൽ ഉണ്ടായിരുന്നതായി ഉദ്യോഗസ്ഥൻ പറഞ്ഞു. കോട്ടൂര്‍ വനം റേഞ്ച് ഓഫിസിന് അരകിലോമീറ്റര്‍ അകലെയാണ് സംഭവം. വേനലായതോടെ ആനക്കൂട്ടം വനാതിർത്തിയോടടുത്ത് തമ്പടിക്കാറുണ്ടെന്ന് വനപാലകർ പറഞ്ഞു. ആഹാരവും വെള്ളവും തേടിയാണ് ആനക്കൂട്ടം എത്തുന്നത്. ആനകളെ ഭയന്നാണ് ആദിവാസികൾ കഴിയുന്നത്.
നിത്യാവശ്യങ്ങൾക്ക് കോട്ടൂരിനെ ആശ്രയിക്കേണ്ടിവരുന്നതിനാൽ യാത്ര ചെയ്യുന്ന ആദിവാസികൾ ജാഗ്രത പാലിക്കണമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. വർഷങ്ങൾക്ക് മുമ്പ് വിറക് ശേഖരിക്കുകയായിരുന്ന ആദിവാസിയെ ഇവിടെ ആന ചവിട്ടിക്കൊന്നിരുന്നു. ആര്യനാട്, കുറ്റിച്ചല്‍ പഞ്ചായത്തിലെ വനമേഖലയോടുചേർന്ന പ്രദേശങ്ങളിൽ രാത്രികാലങ്ങളിൽ കാട്ടാന റബർ, വാഴ, മറ്റുകൃഷികൾ എന്നിവ സ്ഥിരമായി നശിപ്പിക്കുന്നതിനാൽ കർഷകർക്ക് വലിയ നഷ്ടമാണുണ്ടാവുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.