കഴക്കൂട്ടം: ലഹരിക്കെതിരെയുള്ള ബോധവത്കരണ സന്ദേശവുമായി കന്യാകുമാരി മുതൽ കശ്മീർ വരെ യുവതിയുടെ ബൈക്ക് യാത്ര. കണിയാപുരം സ്വദേശി ജെ.ആർ. രഹ്ന ബീഗമാണ് കന്യാകുമാരി മുതൽ കാശ്മീർ വരെ ബൈക്കിൽ യാത്ര ചെയ്യുന്നത്. കഴക്കൂട്ടം പൊലീസ് സ്റ്റേഷനു മുന്നിൽ വെച്ച് കേരള പൊലീസ് കമാൻഡന്റ് സിജി മോൻ ജോർജ് യാത്ര ഫ്ലാഗ് ഓഫ് ചെയ്തു.
രാവിലെ 10 ഓടെ യാത്ര കഴക്കൂട്ടത്തുനിന്ന് കന്യാകുമാരിയിലേക്കു തിരിച്ചു. ഞായറാഴ്ച രാവിലെ ലഹരിവിരുദ്ധ സന്ദേശവുമായി കന്യാകുമാരിയിൽനിന്ന് തിരിക്കും. 105 മണിക്കൂർകൊണ്ട് കാശ്മീരിലെത്തി റെക്കോഡ് സ്ഥാപിക്കുക കൂടിയാണ് ലക്ഷ്യം. 15 വയസ്സുമുതൽ ബൈക്ക് ഓടിച്ചു തുടങ്ങിയ രഹ്ന കഴിഞ്ഞവർഷം മാർച്ചിൽ മൂന്നാറിലാണ് ആദ്യത്തെ ബൈക്ക് റൈഡ് നടത്തിയത്. പിന്നീട് 450 കിലോമീറ്റർ കൊടൈക്കനാലിൽ 10 മണിക്കൂർ കൊണ്ട് യാത്ര നടത്തിയിരുന്നു.
മൈസൂരിൽ 700 കിലോമീറ്റർ 12 മണിക്കൂർ കൊണ്ടും, ഗോവയിൽ 1200 കിലോമീറ്റർ രണ്ടു ദിവസം കൊണ്ടും യാത്ര ചെയ്തതിനുശേഷമാണ് കന്യാകുമാരി മുതൽ കാശ്മീരിലേക്ക് രഹ്ന യാത്ര തിരിക്കുന്നത്. 3859 കിലോമീറ്റർ അഞ്ചുദിവസംകൊണ്ട് യാത്ര ചെയ്യുമെന്നാണ് രഹ്ന പറയുന്നത്. യാത്രക്ക് സി.ആർ.പി.എഫിന്റെ പിന്തുണയുണ്ട്. ട്രാവൻകൂർ റോയൽ എൻഫീൽഡ് ക്ലബാണ് യാത്രക്കു വേണ്ടതായ സൗകര്യം ഒരുക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.