കഴക്കൂട്ടം: കൈയേറ്റം ചെയ്തുവെന്നാരോപിച്ച് കടകംപള്ളി വില്ലേജ് ഓഫിസിലെ ജീവനക്കാർ വെള്ളിയാഴ്ച കൂട്ട അവധിയെടുത്ത സംഭവത്തിൽ നടപടിക്ക് നിർദേശം. മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കാമെന്നും അനധികൃതമായി ജോലിക്ക് ഹാജരാകാത്ത ജീവനക്കാർക്കെതിരെ കലക്ടർക്ക് റിപ്പോർട്ട് നൽകുമെന്നും തഹസീൽദാർ അറിയിച്ചു. സി.പി.എം പ്രവർത്തകർ ശനിയാഴ്ച നടത്തിയ വില്ലേജ് ഓഫിസ് ഉപരോധത്തെ തുടർന്നായിരുന്നു തഹസീൽദാർ ഇക്കാര്യമറിയിച്ചത്.
സർട്ടിഫിക്കറ്റുകൾ അനധികൃതമായി വൈകിക്കുന്നു, സാധാരണക്കാരെ പല തവണ ഓഫിസിൽ കയറ്റിയിറക്കുന്നു എന്നാരോപിച്ച് വ്യാഴാഴ്ച വൈകീട്ടാണ് വില്ലേജ് ഓഫിസിലെത്തിയ ഒരുസംഘം ജീവനക്കാരെ കൈയേറ്റം ചെയ്തത്. തുടർന്നാണ് വില്ലേജ് ഓഫിസർ ഉൾപ്പെടെ എല്ലാ ജീവനക്കാരും വെള്ളിയാഴ്ച കൂട്ട അവധിയെടുത്തത്. ഇതോടെ ഓഫിസ് പ്രവർത്തനം നിലക്കുകയും സാധാരണക്കാർ വലയുകയും ചെയ്തു.
പലരും മണിക്കൂറുകളോളം കാത്തിരുന്ന ശേഷമാണ് മടങ്ങിയത്. ഓഫിസിലെത്തിയവർ പ്രതിഷേധിച്ചതോടെ മന്ത്രി കെ. രാജൻ ഇടപെട്ടു. ചെറുവയ്ക്കൽ വില്ലേജ് ഓഫിസിലെ ജീവനക്കാരന് ഡെപ്യൂട്ടി തഹസിൽദാർ കടകംപള്ളി വില്ലേജ് ഓഫിസിന്റെ താൽക്കാലിക ചുമതല നൽകിയെങ്കിലും എന്നാൽ, കരം സ്വീകരിക്കാനോ സർട്ടിഫിക്കറ്റുകൾ നൽകാനോ ഈ ഉദ്യോഗസ്ഥന് അധികാരമില്ലാതിരുന്നതിനാൽ ഓഫിസ് പ്രവർത്തനം മുടങ്ങി.
തുടർന്ന് ശനിയാഴ്ച രാവിലെ സി.പി.എം പ്രവർത്തകർ വില്ലേജോഫിസ് ഉപരോധിക്കുകയായിരുന്നു. രാവിലെ ആരംഭിച്ച ഉപരോധം കാരണം ജീവനക്കാർക്ക് അകത്തു കടക്കാനായില്ല. കലക്ടർ വരണമെന്നായിരുന്നു സമരക്കാരുടെ ആവശ്യം. ഒടുവിൽ തഹസീൽദാർ സ്ഥലത്തെത്തി സമരക്കാരുമായി ചർച്ച നടത്തി നടപടിയെടുക്കാമെന്ന ഉറപ്പിലാണ് സമരം അവസാനിച്ചത്. സി.പി.എം പ്രവർത്തകരാണ് ജീവനക്കാരെ മർദിച്ചതെന്നാരോപിച്ച് വെള്ളിയാഴ്ച ബി.ജെ.പി പ്രവർത്തകർ വില്ലേജ് ഓഫിസ് ഉപരോധിച്ചിരുന്നു. കടകംപള്ളി വില്ലേജിലെ പ്രശ്നങ്ങളെ കുറിച്ച് ആറിന് കലക്ടറുടെ അധ്യക്ഷതയിൽ യോഗം ചേരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.