കഴക്കൂട്ടം: ആലുവയിൽ യുവാക്കളെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ കൃത്യത്തിന് ഉപയോഗിച്ചു എന്ന് കരുതുന്ന ചുവന്ന ഇന്നോവ കാർ കണിയാപുരത്ത് ഉപേക്ഷിച്ച് ആറംഗസംഘം കടന്നുകളഞ്ഞു. ഞായറാഴ്ച ഉച്ചക്ക് 12 ഓടെയാണ് സംഭവം. പൊലീസ് പിന്തുടർന്നതിനെതുടർന്ന് കണിയാപുരം വാടകയിൽമുക്കിൽ എത്തിയ സംഘം കായൽതീരത്തോട് ചേർന്ന പുരയിടത്തിൽ കാർ ഉപേക്ഷിച്ചത്. തുടർന്ന് സംഘം പുരയിടത്തിന്റെ മതിൽ ചാടി കടന്ന് രക്ഷപ്പെട്ടു.
രണ്ടുപേർ പള്ളിനടയിൽ എത്തി ഓട്ടോയിൽ പള്ളിത്തുറയിൽ ഇറങ്ങിയതിനുശേഷം രക്ഷപെട്ടു. ഇവർ ഓട്ടോക്ക് ഗൂഗ്ൾപേ വഴിയാണ് പണം നൽകിയത്. ഓട്ടോഡ്രൈവറിൽനിന്ന് ഗൂഗ്ൾ പേയുടെ ട്രാൻസാക്ഷൻ ഐഡിയും നമ്പറും പൊലീസ് കണ്ടെത്തി. ഇതേ ഗൂഗ്ൾ പേ നമ്പറിൽ അട്ടക്കുളങ്ങരയിൽ നിന്ന് സംഘം ജ്യൂസ് കുടിച്ചിരുന്നു. കൂടാതെ പാപ്പനംകോട്നിന്ന് കാറിന്റെ ടയറിൽ കാറ്റടിക്കുന്നതിനായി എയർ പമ്പ് വാങ്ങിയതായും മനസ്സിലായി.
സംഭവം അറിഞ്ഞ് തിരുവനന്തപുരം റൂറലിൽനിന്നുൾപ്പെടെ പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. ഫോറൻസിക്, വിരലടയാളവിദഗ്ധരും വാഹനം പരിശോധിച്ചു. കാർ പത്തനംതിട്ടയിൽനിന്ന് പത്തനംതിട്ട എ.ആർ ക്യാമ്പിലെ എ.എസ്.ഐ സുരേഷ് ബാബുവാണ് വാടകക്കെടുത്തതെന്നാണ് പൊലീസ് പറയുന്നത്.
ഗൾഫിൽനിന്ന് വരുന്ന സുഹൃത്തിനുവേണ്ടിയാണിതെന്ന് സുരേഷ് ബാബു പറഞ്ഞു. കാർ എങ്ങനെ പ്രതികളുടെ കൈയിലെത്തിയെന്ന് പൊലീസ് പരിശോധിച്ചുവരുന്നു.
സുരേഷ് ബാബു കഠിനംകുളം പൊലീസ് സ്റ്റേഷനിൽ എത്തി റൂറൽ എസ്.പിക്ക് മൊഴിനൽകി. എന്നാൽ ആരെയാണ് തട്ടിക്കൊണ്ടുപോയതെന്ന വിവരം പൊലീസിന് ഇതുവരെയും ലഭിച്ചിട്ടില്ല. ഉപേക്ഷിച്ച വാഹനം ആലുവ പൊലീസിന് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.