കഴക്കൂട്ടം: വിദേശത്ത് ജോലി നേടുന്നതിന് പാസ്പോർട്ട് നേടുന്നതിന് വ്യാജരേഖകൾ തിരുവനന്തപുരം പാസ്പോർട്ട് ഓഫിസിൽ ഹാജരാക്കിയ കേസിൽ മൂന്നു പ്രതികളെ തുമ്പ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം മണക്കാട് സ്വദേശി കമലേഷ്, മണ്ണന്തല സ്വദേശി എഡ്വവേഡ്, വർക്കല സ്വദേശി സുനിൽ കുമാർ എന്നിവരാണ് ശനിയാഴ്ച അറസ്റ്റിലായത്. മുകുന്ദപുരം പുത്തേടത്ത് കിഴക്കേത്തറ സ്വദേശി സഫറുല്ല ഖാൻ (54), കൊല്ലം ഉമയനല്ലൂർ, അൽത്താഫ്മൻസിലിൽ ബദറുദ്ദീൻ (65) എന്നിവർ കഴിഞ്ഞദിവസം അറസ്റ്റിലായിരുന്നു. സംഭവത്തിൽ കൂടുതൽ അറസ്റ്റ് വരുംദിവസങ്ങളിൽ ഉണ്ടാകുമെന്ന് തുമ്പ പൊലീസ് പറഞ്ഞു. ഇവർക്ക് വ്യാജരേഖകൾ എടുക്കാൻ സഹായിക്കുകയും പൊലീസ് വെരിഫിക്കേഷനിൽ ഇടപെട്ട് പാസാക്കാൻ സഹായിക്കുകയും ചെയ്ത തുമ്പ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ അൻസിൽ അസീസിനെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു. തുമ്പ പൊലീസിലെ 20 ഓളം പാസ്പോർട്ട് അപേക്ഷകൾ പരിശോധിച്ചതിൽ 13 എണ്ണത്തിലും ഇയാൾ ഇടപെട്ടതായി കണ്ടെത്തി. മറ്റ് സ്റ്റേഷനുകളിൽ റൗഡി ലിസ്റ്റിൽപെട്ടവർക്ക് പോലും പാസ്പോർട്ട് എടുക്കുന്നതിന് തുമ്പ പൊലീസ് സ്റ്റേഷൻപരിധിയിൽ വ്യാജ അഡ്രസ് ഉണ്ടാക്കുന്നതിനും വ്യാജ ഇലക്ഷൻ ഐഡി കാർഡ് നിർമിക്കുന്നതിനും ഒത്താശ നൽകിയത് ഇയാളാണെന്ന് അന്വേഷണസംഘത്തിന് തെളിവ് ലഭിച്ചു.
അറസ്റ്റിലായ കമലേഷാണ് വ്യാജ ഐഡി കാർഡുകൾ നിർമിച്ചത്. കമലേഷിന്റെ മണക്കാടുള്ള വീട് പൊലീസ് പരിശോധിച്ചു. വ്യാജ പാസ്പോർട്ടിനായി ആളുകളെ സംഘടിപ്പിച്ചുനൽകുന്ന ഇടനിലക്കാരൻ കൊണ്ടുവരുന്ന കേസുകൾ പൊലീസ് ഉദ്യോഗസ്ഥനായ അൻസിൽ വഴി വ്യാജ അഡ്രസ് ഉണ്ടാക്കി വെരിഫിക്കേഷൻ പാസാക്കി കൊടുക്കും.
നേരത്തേ കഴക്കൂട്ടം പൊലീസ് സ്റ്റേഷനിലും പാസ്പോർട്ട് വെരിഫിക്കേഷൻ വിഭാഗത്തിൽ അൻസിൽ ഉണ്ടായിരുന്നു. അന്ന് അൻസിൽ വെരിഫൈ ചെയ്ത പാസ്പോർട്ടുകളും അന്വേഷിക്കും. ഇയാളെ സംഭവത്തിൽ പ്രതിചേർത്ത് ഉടൻ അറസ്റ്റു ചെയ്യും. ഇത്തരത്തിൽ വ്യാജ പാസ്പോർട്ട് ഉപയോഗിച്ച് വിദേശത്തേക്ക് ആരെങ്കിലും പോയിട്ടുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.