കഴക്കൂട്ടം: കുളത്തൂരിൽ വഴിയോരകച്ചവടക്കാരനെ മർദിച്ച സംഭവത്തിൽ ആറുപേർ പിടിയിൽ. ആറ്റിപ്ര സ്വദേശികളായ ശിവപ്രസാദ് (35), ഷാജി (55), കൃഷ്ണപ്രസാദ് (33), വിജേഷ് (34), അബ്ജി (42) എന്നിവരെയാണ് തുമ്പ പൊലീസ് പിടികൂടിയത്. വെങ്ങാനൂർ സ്വദേശി ഷാനു (28)വിനാണ് ആറംഗ സംഘത്തിന്റെ മർദനമേറ്റത്. പിക്കപ് വാനിൽ വഴിയോര പഴക്കച്ചവടം നടത്തുന്നയാളാണ് ഷാനു. മാർക്കറ്റിനുപുറത്ത് റോഡരികിൽ കച്ചവടം ചെയ്യുന്നതിലുള്ള വിരോധം കാരണമാണ് മർദനം. നാട്ടുകാരുടെ മുന്നിൽവെച്ചായിരുന്നു സംഭവം.
വെള്ളിയാഴ്ച ഉച്ചയോടെ കുളത്തൂർ ജങ്ഷനിൽ കച്ചവടം നടത്തുകയായിരുന്ന ഷാനുവിനെ ചന്തയിലെ കരാറുകാരനായ ശിവപ്രസാദ് തെറിവിളിച്ച ശേഷം പിക്കപ് വാനിന്റെ താക്കോൽ ഊരിയെടുത്ത് കൊണ്ടുപോയി. താക്കോൽ ചോദിച്ച ഷാനുവിനെ വീണ്ടും ചീത്തവിളിക്കുകയായിരുന്നു.
തുടർന്ന് കച്ചവടം ചെയ്തുകൊണ്ടിരുന്ന ഷാനുവിനെ ശിവപ്രസാദിന്റെ നേതൃത്വത്തിൽ മടങ്ങിയെത്തിയ ആറംഗ സംഘം മർദിച്ചു. ചുടുകല്ലും താബൂക്ക് കല്ലും കൊണ്ട് ശരീരമാസകലം മർദിക്കുകയായിരുന്നു. തളർന്ന് തറയിൽ വീണ ഷാനുവിനെ ഇവർ ചവിട്ടിക്കൂട്ടി.
എഴുന്നേൽക്കാൻ ശ്രമിച്ചപ്പോൾ തലക്ക് ചുടുകല്ലുവെച്ച് ഇടിച്ചു. നാട്ടുകാർ പിടിച്ചുമാറ്റാൻ ശ്രമിച്ചെങ്കിലും അക്രമികൾ വഴങ്ങിയില്ല. പിന്നീട് കൂടുതൽ ആളുകളെത്തിയതോടെ അക്രമിസംഘം സ്ഥലം വിട്ടു. ഗുരുതരമായി പരിക്കേറ്റ ഇയാളെ ജനറൽ ആശുപത്രിയിലേക്കുമാറ്റി. നിരവധി കേസുകളിൽ പ്രതിയാണ് ശിവപ്രസാദ്. പ്രതികൾക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.