കഴക്കൂട്ടം: കഴക്കൂട്ടത്ത് റെയിൽവേ പാളത്തിന് സമീപം കഴിഞ്ഞ ദിവസം രണ്ടു കവറിലായി സൂക്ഷിച്ച പന്ത്രണ്ട് നാടൻ ബോംബ് ശേഖരം കണ്ടെത്തിയ സംഭവത്തിൽ അഞ്ചുപേർ പൊലീസ് പിടിയിലായി. കുളത്തൂർ സ്റ്റേഷൻകടവ് സ്വദേശികളായ സന്തോഷ് (45), സുൽഫി (43), ഷാജഹാൻ (45), ആസാം സ്വദേശികളായ നാസിർ റഹ്മാൻ (30), ഷാജഹാൻ (18) എന്നിവരെയാണ് തുമ്പ പൊലീസ് അറസ്റ്റു ചെയ്തത്.
കേസിലെ ഒന്നാം പ്രതിയും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയുമായ സായികുമാറിനെ പിടികൂടാനായില്ല. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. അടുത്ത സമയത്ത് നടന്ന ക്ഷേത്ര ഉത്സവത്തിനിടയിൽ ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷം നടന്നിരുന്നു. ഇതിൽ എതിർവിഭാഗക്കാരെ ആക്രമിക്കാനാണ് നാടൻ ബോംബ് നിർമിച്ചതെന്ന് പ്രതികൾ ചോദ്യം ചെയ്യലിനിടെ പൊലീസിനോട് സമ്മതിച്ചിരുന്നു.
പിടികൂടുന്നതിനിടെ ഓടി രക്ഷപ്പെട്ട പ്രതികൾ ഇതര സംസ്ഥാന തൊഴിലാളി ക്യാമ്പിൽ ഒളിച്ചിരിക്കുന്നതിനിടെയാണ് പിടിയിലായത്. കഴക്കൂട്ടം റെയിൽവേ സ്റ്റേഷന് ഒരു കിലോമീറ്റർ സമീപത്ത് റെയിൽ പാളത്തിനരികിലാണ് നാടൻ ബോംബുകൾ കണ്ടെത്തിയത്. ഇത് ഗൗരവമായി കണ്ട റെയിൽവേ പൊലീസ് രാത്രിതന്നെ രണ്ടു കിലോമീറ്റർ ഭാഗത്ത് വിശദമായ പരിശോധന നടത്തിയിരുന്നു.
കഴിഞ്ഞ ദിവസം രാത്രി എട്ടോടെ പട്രോളിങ് നടത്തുകയായിരുന്ന റെയിൽവേ സംരക്ഷണ സേനയാണ് റെയിൽവേ പാളത്തിന് സമീപം കുറ്റിക്കാട്ടിൽ സംശയാസ്പദമായി നാലുപേരെ കണ്ടെത്തിയത്. പൊലീസിനെ കണ്ടതോടെ മൂന്നുപേർ ഓടി രക്ഷപ്പെടുകയായിരുന്നു. നാലാമനെ ഓടിച്ചിട്ട് പിടികൂടിയ പൊലീസ് ചോദ്യം ചെയ്യുന്നതിനിടെ ഇയാളും പൊലീസിന്റെ കൈ തട്ടി മാറ്റി ഓടി രക്ഷപ്പെട്ടു.
റെയിൽവേ പൊലീസ് തുമ്പ പൊലീസിൽ വിവരമറിയിച്ചു. കണ്ടെത്തിയ ബോംബുകൾ നിർവീര്യമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.