കഴക്കൂട്ടം: മാരകായുധങ്ങളുമായി സംഘടിച്ചെത്തി വീടിനുനേരെ ബോംബെറിഞ്ഞ കേസിലെ പ്രധാന പ്രതികളെ വെമ്പായം തേക്കടക്ക് സമീപത്തുള്ള ഒളിത്താവളത്തിൽനിന്ന് ശ്രീകാര്യം പൊലീസ് പിടികൂടി. കേസിൽ ഉൾപ്പെട്ട ഒരാളെ നേരത്തേ പൊലീസ് അറസ്റ്റ് ചെയ്യുകയും ഒരാൾ കോടതിയിൽ കീഴടങ്ങുകയും ചെയ്തിരുന്നു.
ഉള്ളൂർ ഇടവക്കോട് വല്ലുണ്ണി സജി ഭവനിൽ ജിത്ത് (24), പോങ്ങുംമൂട് ജനശക്തി നഗർ പുളിയ്ക്കൽ ക്ഷേത്രത്തിനടുത്ത് പണയിൽ വീട്ടിൽ മഹാൻ എന്ന വിഷ്ണു സന്തോഷ് (27) എന്നിവരാണ് അറസ്റ്റിലായത്.
പറങ്കിയണ്ടി രാജീവ് എന്ന രാജീവ് (37) ആണ് നേരത്തേ അറസ്റ്റിലായത്. ഉള്ളൂർ ഇടവക്കോട് പേരൂർകോണം രമ്യാ നിവാസിൽ കുട്ടു എന്ന മനു (30) ആണ് കോടതിയിൽ കീഴടങ്ങിയത്.
കഴിഞ്ഞ ജൂൺ 24ന് രാത്രി പത്തരയോടെ ഉള്ളൂർ ഇടവക്കോട് കല്ലമ്പള്ളി ദുർഗാദേവീ ക്ഷേത്രത്തിനു സമീപം രോഹിണി ഭവനിൽ ശശിധരെൻറ വീടിനു നേരേയാണ് നാടൻ ബോംബെറിഞ്ഞത്. ബോംബേറിൽ വീട് തകരുകയും സിറ്റൗട്ട് തകർന്ന് ശശിധരന് പരിക്കേൽക്കുകയും ചെയ്തിരുന്നു. സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച പ്രതികൾ വീട്ടിലുണ്ടായിരുന്ന ബൈക്കും നശിപ്പിച്ചു. കഞ്ചാവ് മാഫിയാ സംഘത്തിൽപെട്ട പ്രതികളെ പൊലീസിന് ചൂണ്ടിക്കൊടുത്തെന്നാരോപിച്ചായിരുന്നു ആക്രമണം.
കഴക്കൂട്ടം എ.സി.പിയുടെ നിർദേശപ്രകാരം ശ്രീകാര്യം എസ്.എച്ച്. മഹേഷ് പിള്ള, എസ്.ഐമാരായ ബിനോദ് കുമാർ, പ്രശാന്ത്, എ.എസ്.ഐ ഉല്ലാസ്, സി.പി.ഒമാരായ റാസി, പ്രശാന്ത്, ഹോം ഗാർഡുമാരായ വിജയകുമാർ, ജയരാജ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.