കഴക്കൂട്ടം: ഉടമ അറിയാതെ ട്രഷറി അക്കൗണ്ടിൽ നിന്ന് വൻ തുക തട്ടിയെടുത്തതായി പരാതി. കഴക്കൂട്ടത്ത് പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് ഓഫിസിനോട് ചേർന്ന് പ്രവർത്തിക്കുന്ന കഴക്കൂട്ടം സബ് ട്രഷറിയിലാണ് സംഭവം. ശ്രീകാര്യം ചെറുവക്കൽ സ്വദേശിനി എം. മോഹനകുമാരിയുടെ അക്കൗണ്ടിൽ നിന്നാണ് രണ്ടുതവണയായി രണ്ടരലക്ഷം രൂപ പിൻവലിച്ചത്.
ട്രഷറി ചെക്ക് മുഖേനയാണ് ഇത്രയും വലിയ തുക പിൻവലിച്ചിരിക്കുന്നത്. അക്കൗണ്ട് ഉടമയുടെ സമ്മതപത്രമോ ചെക്ക് ലീഫ് ആവശ്യപ്പെട്ടുള്ള അപേക്ഷയോ മോഹനകുമാരി നൽകിയിട്ടില്ല എന്നിരിക്കെ ട്രഷറി ഉദ്യോഗസ്ഥരുടെ അറിവോടെയല്ലാതെ ഇത്തരത്തിൻ ഇടപാടുകൾ നടത്താൻ കഴിയില്ലെന്നാണ് പലരും ചൂണ്ടിക്കാട്ടുന്നത്. കാരണം ഒപ്പിലോ മറ്റോ ചെറിയ ഒരു വേരിയേഷൻ വന്നാലും ട്രാൻസാക്ഷൻ നടത്താതെ മാറ്റിവെക്കുന്നതാണ് രീതി.
കഴിഞ്ഞദിവസം പണം പിൻവലിക്കാനായി ജില്ല ട്രഷറിയിൽ എത്തിയ മോഹനകുമാരി അരിയർ തുക ലഭിച്ചോ എന്ന് അറിയാൻ സ്റ്റേറ്റ്മെന്റ് എടുത്ത് പരിശോധിക്കുമ്പോഴാണ് മൂന്നാം തീയതിയിലും നാലാംതീയതിയിലും അക്കൗണ്ടിൽനിന്ന് പണം പിൻവലിച്ചിരിക്കുന്നതായി ബോധ്യപ്പെട്ടത്. മൂന്നിന് രണ്ടുലക്ഷം രൂപയും നാലിന് 50,000 രൂപയുമാണ് പിൻവലിച്ചിരിക്കുന്നത്. തൊട്ടടുത്ത നമ്പറിലുള്ള രണ്ട് ചെക്കുകൾ മുഖേനയാണ് പണം പിൻവലിച്ചിരിക്കുന്നത്.
മോഹനകുമാരിയുടെ കൈയിലുള്ള സ്വന്തം ചെക്ക് ഉപയോഗിച്ചല്ല പണം പിൻവലിച്ചത് എന്ന് പരിശോധനയിൽ മനസ്സിലായി. തുടർന്ന് ബുധനാഴ്ച രാവിലെ മോഹനകുമാരിയുടെ അക്കൗണ്ട് ഉള്ള കഴക്കൂട്ടം സബ് ട്രഷറിയിലെത്തി നടത്തിയ വിശദമായ പരിശോധനയിൽ ചെക്ക് വഴി തന്നെയാണ് പണം പിൻവലിച്ചതെന്ന് സ്ഥിരികരിച്ചു.
തുടർന്ന് സബ് ട്രഷറി ഓഫിസർക്ക് പരാതി നൽകി. വകുപ്പുതല പ്രാഥമിക പരിശോധനയിൽ മോഹനകുമാരിയുടെ അഭ്യർഥനയില്ലാതെ േമയിൽ സബ്ട്രഷറി ഓഫിസിൽ നിന്ന് പുതിയ ചെക്ക് ബുക്ക് നൽകിയതായി കണ്ടെത്തി.
അതിൽനിന്നുള്ള ചെക്ക് ലീഫ് ഉപയോഗിച്ചാണ് പണം പിൻവലിച്ചിരിക്കുന്നത് എന്നാണ് ട്രഷറി ഉദ്യോഗസ്ഥർ അറിയിച്ചത്. ഈ ചെക്ക് ലീഫ് ഇന്നലെ ട്രഷറി ഉദ്യോഗസ്ഥർ മരവിപ്പിച്ചു.
ഒപ്പും ഇൻഷ്യലും വ്യാജമാണ് എന്ന് മോഹനകുമാരി പറഞ്ഞു. താൻ അറിയാതെ അക്കൗണ്ടിൽനിന്ന് പണം എങ്ങനെ പിൻവലിച്ചുഎന്നുള്ള ചോദ്യമാണ് മോഹനകുമാരി ഉന്നയിക്കുന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ ബുധനാഴ്ച ഏറെ വൈകിയും സബ്ട്രഷറിയിൽ പരിശോധന ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.