കഴക്കൂട്ടം: കഴക്കൂട്ടത്ത് ബസ് സ്റ്റോപ്പിനെ ചൊല്ലിയുണ്ടായ സംഘർഷത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. ചൊവ്വാഴ്ച ഉച്ചയോടെയാണ് ഇരുവിഭാഗം ഓട്ടോഡ്രൈവർമാരും ട്രേഡ് യൂനിയൻ നേതാക്കളും തമ്മിൽ വാക്കേറ്റവും തർക്കവും കൈയാങ്കളിയും അരങ്ങേറിയത്.
ബി.ജെ.പി സംസ്ഥാന സമിതി അംഗം കഴക്കൂട്ടം അനിൽ, സി.ഐ.ടി.യു പ്രവർത്തകനായ സെബാസ്റ്റ്യൻ എന്നിവർക്കാണ് മർദനത്തിൽ പരിക്കേറ്റത്. അനിലിനെ കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിലും സെബാസ്റ്റ്യനെ മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
കഴക്കൂട്ടം എലിവേറ്റഡ് ഹൈവേ നിർമാണം നടന്ന സമയം തിരുവനന്തപുരം ഭാഗത്തേക്കുള്ള ബസ് കാത്തിരിപ്പ് കേന്ദ്രം പഴയ സ്ഥാനത്തുനിന്ന് 100 മീറ്റർ മാറ്റി താൽക്കാലികമായി സ്ഥാപിച്ചിരുന്നു. റോഡ് നിർമാണം പൂർത്തിയായതോടെ ദേശീയപാത അതോറിറ്റി ബസ് കാത്തിരിപ്പുകേന്ദ്രം പഴയ സ്ഥലത്ത് നിർമിച്ചു. ഇതോടെ, പഴയ സ്ഥലത്തേക്ക് ബസ് സ്റ്റോപ്പ് മാറ്റണമെന്ന് ഒരുവിഭാഗം ഓട്ടോ ഡ്രൈവർമാർ ആവശ്യപ്പെട്ടു.
താൽക്കാലികമായി സ്ഥാപിച്ച സ്ഥലത്തുതന്നെ ബസ് സ്റ്റോപ്പ് വേണമെന്ന് ആവശ്യപ്പെട്ട് മറ്റൊരു വിഭാഗം ഓട്ടോറിക്ഷ ഡ്രൈവർമാരും രംഗത്തെത്തി. പിന്നീട് ഇരുവിഭാഗത്തിലെയും സംയുക്ത ട്രേഡ് യൂനിയൻ സംഭവം ഏറ്റെടുത്തതോടെ ഇരുവിഭാഗവും പോസ്റ്റർ പ്രചാരണവും ശക്തമായി. തർക്കം രൂക്ഷമായതോടെ പലതവണ പൊലീസ് ഇടപെട്ട് ഇവരെ പിരിച്ചുവിട്ടിരുന്നു.
തിങ്കളാഴ്ച മുതൽ പുതിയ ബസ് സ്റ്റോപ്പിൽ ബസുകൾ നിർത്തിത്തുടങ്ങി. തർക്കങ്ങൾ നിലനിന്നതിനാൽ പൊലീസും സ്ഥലത്തുണ്ടായിരുന്നു. അതിനിടെ ചൊവ്വാഴ്ച ഇരുവിഭാഗവും രംഗത്തെത്തുകയും വാക്കേറ്റം കൈയാങ്കളിയിലേക്ക് പേകുകയുമായിരുന്നു. ഈ തമ്മിൽതല്ലിലാണ് രണ്ടുപേർക്ക് പരിക്കേറ്റത്. പൊലീസ് ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്.
ഇരുവിഭാഗത്തിന്റെയും പരാതിയിൽ കഴക്കൂട്ടം പൊലീസ് കേസെടുത്തു. മർദനത്തിൽ പ്രതിഷേധിച്ച് വൈകീട്ട് അഞ്ചിന് ബി.ജെ.പി പ്രവർത്തകർ കഴക്കൂട്ടം അസിസ്റ്റൻറ് കമീഷണറുടെ ഓഫിസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.