കഴക്കൂട്ടം: വാഹനം പാർക്ക് ചെയ്യുന്നതിനെ ചൊല്ലിയുള്ള തർക്കത്തിനിടെ സ്വകാര്യ ആശുപത്രി ജീവനക്കാരൻ യുവതിയുടെ മുഖത്ത് ചായ ഒഴിച്ചതായി പരാതി.
മേനംകുളം സ്വദേശിനിയായ രാജിയുടെ മുഖത്താണ് ജീവനക്കാരൻ ചൂടു ചായ ഒഴിച്ചതായി കഴക്കൂട്ടം പൊലീസിൽ നൽകിയത്. കഴക്കൂട്ടത്തെ എ.ജെ ആശുപത്രിക്ക് മുന്നിൽ തിങ്കളാഴ്ച രാവിലെ അഞ്ചിനായിരുന്നു സംഭവം. ആശുപത്രി കാന്റീനിൽ ചായ കുടിക്കാനെത്തിയ രാജിയും അമ്മയും സ്കൂട്ടർ പാർക്ക് ചെയ്യാൻ തുടങ്ങിയപ്പോൾ സ്കൂട്ടർ ആശുപത്രി പരിസരത്ത് പാർക്ക് ചെയ്യാൻ പറ്റില്ലെന്ന് ആശുപത്രിയിലെ സെക്യൂരിറ്റി പറഞ്ഞതോടെയാണ് തർക്കം ആരംഭിച്ചത്.
താൻ വാഹനം പാർക്ക് ചെയ്യാനല്ല ചായ കുടിക്കാനാണെത്തിയതെന്ന് യുവതി പറഞ്ഞു. തുടർന്ന് ആശുപത്രിയിലെ സെക്യൂരിറ്റിയും ജീവനക്കാരനും തന്നെയും അമ്മയെയും തെറി വിളിച്ചെന്നും സംസാരത്തിനിടെ ജീവനക്കാരൻ ചായ മുഖത്തേക്കൊഴിച്ചെന്നും യുവതി കഴക്കൂട്ടം പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
എന്നാൽ, വാഹനം പാർക്ക് ചെയ്യാൻ പറ്റില്ലെന്ന് പറഞ്ഞ ജീവനക്കാരന്റെ കൈയിലിരുന്ന ചായ അബദ്ധത്തിൽ വീണതാണെന്നും യുവതിയും അമ്മയും ചേർന്ന് സെക്യൂരിറ്റിയെയും ജീവനക്കാരനെയും കൈയേറ്റം ചെയ്തതായും ചൂണ്ടിക്കാട്ടി ആശുപത്രി അധികൃതരും പൊലീസിൽ പരാതി നൽകി. ഇരു കൂട്ടരുടെയും പരാതിയിൽ കഴക്കൂട്ടം പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.