കഴക്കൂട്ടം: മോഷ്ടിച്ച് കടത്തിക്കൊണ്ടുവന്ന ജീപ്പ് നിയന്ത്രണം തെറ്റി സമീപത്തെ കടയിലേക്ക് ഇടിച്ചുകയറി വൻ നാശനഷ്ടം; ആളപായമില്ല. കഴക്കൂട്ടം -ആക്കുളം ദേശീയപാതയിൽ ആറ്റിൻകുഴി ബൈപാസ് ജങ്ഷന് സമീപം ഹാജി അലി എന്ന ജൂസ് കടയിലേക്കാണ് ജീപ്പ് ഇടിച്ചുകയറിയത്. വെള്ളിയാഴ്ച പുലർച്ച 12.30നായിരുന്നു അപകടം. അപകടത്തിൽ കടയുടെ മുൻവശം പൂർണമായും തകർന്നു. നാല് ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി കടയുടമ പി.എം. മുജീബ് പറഞ്ഞു.അപകടം നടന്നയുടനെ ജീപ്പ് ഓടിച്ചിരുന്നയാൾ ഓടി രക്ഷപ്പെട്ടു. ഇയാളെപ്പറ്റി അറിവൊന്നുമില്ലെന്ന് കഴക്കൂട്ടം പൊലീസ് അറിയിച്ചു.
എന്നാൽ, അപകടത്തിെൻറ സ്വഭാവമനുസരിച്ച് ഓടിച്ചിരുന്നയാൾക്ക് പരിക്കേൽക്കാൻ സാധ്യതയുള്ളതായി പൊലീസ് പറഞ്ഞു. സമീപത്തെ ആശുപത്രികളിൽ അന്വേഷണം നടത്തിയെങ്കിലും പരിക്കേറ്റ ആളെക്കുറിച്ച് വിവരങ്ങളൊന്നും ലഭിച്ചില്ല. വാഹനം കടയിലേക്ക് ഇടിച്ച് കയറുന്നതിെൻറ സി.സി ടി.വി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു.
കന്യാകുമാരി ജില്ലയിൽ ഇരണിയൽ റെയിൽവേ സ്റ്റേഷനിൽ പാർക്ക് ചെയ്തിരുന്ന ജീപ്പാണിതെന്നും മോഷ്ടിച്ച് കടത്തുന്നതിനിടയിലാണ് അപകടത്തിൽപെട്ടതെന്നും വിവരം ലഭിച്ചിട്ടുണ്ട്. കഴക്കൂട്ടം എലിവേറ്റഡ് ഹൈവേ നിർമാണം നടക്കുന്ന ഇവിടെ മതിയായ സൂചന ബോർഡുകളില്ലാത്തത് അപകടങ്ങൾ വരുത്തിവെക്കുന്നതായി പരക്കെ ആക്ഷേപമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.